15 March, 2024 10:44:11 AM
ബള്‍ഗേറിയന്‍ പാത്രിയര്‍ക്കീസ് നിയോഫിത് കാലം ചെയ്തു

സോഫിയാ: ബള്‍ഗേറിയന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ നിയോഫിത് പാത്രിയര്‍ക്കീസ് (78) കാലം ചെയ്തു. ബുധനാഴ്ച രാത്രി തലസ്ഥാനമായ സോഫിയായിലെ മിലിട്ടറി മെഡിക്കല്‍ അക്കാദമിയിലായിരുന്നു അന്ത്യം. നവംബര്‍ മുതല്‍ അവിടെ ചികിത്സയിലായിരുന്നു.
നിയോഫിത് എന്ന സിമയോണ്‍ നികോളോവ് ദിമത്രോവ് 1945 ഒക്ടോബര്‍ 15ന് ജനിച്ചു. 1975ല്‍ സന്യാസം സ്വീകരിച്ചു. 1985ല്‍ ബിഷപ്പും 1994ല്‍ മെത്രാപ്പോലീത്തായുമായി. മാക്സിം പാത്രിയര്‍ക്കീസ് കാലം ചെയ്തതിനെ തുടര്‍ന്ന് 2013 ഫെബ്രുവരി 24ന് പാത്രിയര്‍ക്കീസ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും അന്നു തന്നെ സ്ഥാനാരോഹണവും നടന്നു.
പൂര്‍വ യൂറോപ്പിലെ ബാള്‍ക്കന്‍ മേഖലയിലാണ് ബള്‍ഗേറിയ. ബള്‍ഗേറിയന്‍ സഭ ബൈസന്‍റയിന്‍ ഓര്‍ത്തഡോക്സ് സഭാ കുടുംബത്തില്‍ പെടുന്നു. അൻപത് ലക്ഷത്തിലധികം വിശ്വാസികളുണ്ട്. രാജ്യത്തെ 60 % ജനങ്ങള്‍ സഭാംഗങ്ങളാണ്.