04 September, 2019 09:45:10 AM


മീറ്റര്‍ ചാര്‍ജില്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട ഓട്ടോ ഡ്രൈവര്‍ക്ക് കിട്ടിയ ശിക്ഷ രോഗീപരിചരണം




കൊച്ചി: മൂന്ന് ദിവസത്തെ ആശുപത്രി പരിചരണം ശിക്ഷയായി ലഭിച്ചിരിക്കുകയാണ് ഒരു ഓട്ടോ ഡ്രൈവര്‍ക്ക്. അമിത ചാര്‍ജ്ജ് ഈടാക്കിയതാണ് കാരണം. ആര്‍ടിഒ ആണ് ഇടപ്പള്ളി ട്രാഫിക് പൊലീസ് സ്റ്റേഷന്‍ പരിസരത്തെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ പി.സി. കുര്യാച്ചന് 25 മുതല്‍ 27 വരെ ജനറല്‍ ആശുപത്രിയില്‍ സേവനം അനുഷ്ഠിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഡ്രൈവറുടെ അഭ്യര്‍ഥന മാനിച്ചാണ് ആശുപത്രി സേവനം ഓണത്തിനു ശേഷമാക്കിയത്.


കഴിഞ്ഞ 23നാണ് സംഭവം. മീറ്ററില്‍ 28 രൂപ കാണിച്ചപ്പോള്‍ 30 രൂപ കൊടുത്തു. എന്നാല്‍ 40 രൂപ വേണമെന്നായി ഓട്ടോ ഡ്രൈവര്‍. ഇത് ചോദ്യം ചെയ്ത യാത്രക്കാരനെ ഡ്രൈവര്‍ പരസ്യമായി ആക്ഷേപിച്ചു. തുടര്‍ന്ന് യാത്രക്കാരന്‍ ആര്‍ടിഒ കെ മനോജ്കുമാറിന് പരാതി നല്‍കി. പിന്നീട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കാര്യം ശരിയാണെന്ന് ബോധ്യമായി. ഓട്ടോ ഡ്രൈവറെ വിളിച്ചുവരുത്തി. ഡ്രൈവിംഗ് ലൈസെന്‍സ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് വ്യക്തമാക്കി.


ആശുപത്രി സേവനത്തിനു സന്നദ്ധനാണെങ്കില്‍ സസ്‌പെന്‍ഷന്‍ നടപടി വേണ്ടെന്നു വയ്ക്കാമെന്നും അറിയിച്ചു. രോഗീപരിചരണം നടത്താമെന്നു ഡ്രൈവര്‍ സമ്മതിക്കുകയും ചെയ്തു. ആശുപത്രിയില്‍ സേവനം നടത്തിയ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകുമ്പോള്‍ ലൈസന്‍സിന്മേലുള്ള നടപടി അവസാനിപ്പിക്കുമെന്ന് ആര്‍ടിഒ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K