07 September, 2019 07:05:53 PM


കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റപണികള്‍ ഒക്ടോബര്‍ 31നകം പൂര്‍ത്തിയാക്കും: മന്ത്രി ജി. സുധാകരന്‍



കൊച്ചി: ജില്ലയിലെ എറണാകുളം, മട്ടാഞ്ചേരി, തൃപ്പൂണിത്തുറ സെക്ഷനുകളിലെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഒക്ടോബര്‍ 31 നകം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. മഴ തുടരുന്നതാണ് അറ്റപ്പണി വൈകാന്‍ കാരണം. മഴ മാറിയാലേ പണി നടത്താന്‍ കഴിയൂ. കൂടാതെ കരാറുകാര്‍ ജോലി ഏറ്റെടുക്കുകയും വേണം. കുണ്ടന്നൂര്‍, വൈറ്റില ജംഗ്ഷനുകളിലെ തകര്‍ന്ന റോഡുകള്‍ സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തിയ ശേഷം ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസില്‍ നടന്ന പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍മാരുടെ അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എട്ടംഗ കമ്മിറ്റിയെ മേല്‍നോട്ടത്തിന് നിയോഗിച്ചിട്ടുണ്ട്. റോഡ്‌സ് വിഭാഗം ചീഫ് എന്‍ജിനീയര്‍ ഡാര്‍ലിന്‍ ഡിക്രൂസ്, എന്‍എച്ച് വിഭാഗം ചീഫ് എന്‍ജിനീയര്‍ അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് എട്ടംഗ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. റോഡ്‌സ് വിഭാഗത്തിലെയും എന്‍എച്ച് വിഭാഗത്തിലെയും സൂപ്രണ്ടിംഗ് എന്‍ജിനീയര്‍മാരും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരും മെയിന്‍റനന്‍സ് വിഭാഗം ചീഫ് എന്‍ജിനീയറുമാണ് കമ്മിറ്റിയിലുണ്ടാകുക. ടൈല്‍ വിരിക്കലും വെള്ളക്കെട്ട് ഒഴിവാക്കലും അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കും. കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ പാകുന്നതിന്റെ സാധ്യതയും പരിഗണിക്കും. 

ഏഴു കോടി രൂപയാണ് അറ്റകുറ്റപ്പണിക്കായി അനുവദിച്ചിരിക്കുന്നത്. കോര്‍പ്പറേഷന്‍ പരിധിയില്‍ 83 കിലോമീറ്റര്‍ റോഡാണ് പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ളത്. ഇതില്‍ 15 കിലോമീറ്ററാണ് തകര്‍ന്നു കിടക്കുന്നത്. 2020 മാര്‍ച്ചില്‍ കുണ്ടന്നൂര്‍, വൈറ്റില ഫ്‌ളൈ ഓവറുകള്‍ പൂര്‍ത്തിയാക്കും. ഫ്‌ളൈ ഓവര്‍ നിര്‍മ്മാണം നടക്കുന്നതിനാലും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായുണ്ടായ മഴക്കെടുതിയും മൂലമാണ് റോഡുകള്‍ തകര്‍ന്നതും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതും. വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K