11 September, 2019 10:27:08 AM


തിരുവോണദിനത്തില്‍ നിരാഹാര സമരവുമായി മരടിലെ ഫ്ലാറ്റ് ഉടമകൾ; സമരം നഗരസഭയ്ക്ക് മുന്നില്‍



കൊച്ചി: ഫ്ലാറ്റുകളിൽ നിന്നും ഒഴിഞ്ഞുപോകണമെന്ന് കാണിച്ച് നഗരസഭ നോട്ടീസ് നൽകിയതിനെതിരെ മരടിലെ ഫ്ലാറ്റ് ഉടമകൾ ഇന്ന് നിരാഹാര സമരം നടത്തും. രാവിലെ പത്ത് മണിക്ക് നഗരസഭയ്ക്ക് മുന്നിലാണ് നിരാഹാരമിരിക്കുക. ഓണാവധി ദിവസമായിട്ടും നോട്ടീസ് പതിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഫ്ലാറ്റ് ഉടമകളുടെ ഭാഗത്തുനിന്നുണ്ടായത്. ഈ പശ്ചാത്തലത്തിലാണ് തിരുവോണ ദിവസം നിരാഹാരമിരിക്കാൻ ഉടമകൾ തീരുമാനിച്ചത്. 

ഓണാവധിക്ക് ശേഷം നേരിട്ടെത്തി നോട്ടീസ് കൈപറ്റാമെന്ന് പറഞ്ഞിട്ടും അധികൃതർ തയ്യാറായില്ലെന്ന് ഉടമകൾ പറയുന്നു. ഫ്ലാറ്റുകള്‍ ഒഴിയാൻ അഞ്ച് ദിവസമാണ് നല്‍കിയിരിക്കുന്നത്. ഒഴിഞ്ഞില്ലെങ്കില്‍ കോടതിയലക്ഷ്യമായി കണക്കാക്കി പ്രോസിക്യൂഷന്‍ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്. 

മരട് ഫ്ളാറ്റുകൾ പൊളിക്കാനുള്ള ഉത്തരവിനെതിരെ ഫ്ലാറ്റുടമകൾ തിരുത്തൽ ഹർജി നൽകിയേക്കും. കേസിലെ പുനഃപരിശോധന ഹർജി നേരത്തെ കോടതി തള്ളിയിരുന്നു. ഫ്ലാറ്റുകൾ പൊളിക്കാൻ കോടതി കർശന നിർദ്ദേശം നൽകിയിരിക്കെ തിരുത്തൽ ഹർജി പരിഗണിക്കുമോ എന്ന് വ്യക്തമല്ല. മരട് കേസിൽ പുതിയ ഹർജികൾ സ്വീകരിക്കരുതെന്ന ഉത്തരവ് തിരുത്തൽ ഹർജി നൽകുന്നതിന് തടസമല്ല. ഈ മാസം 20നകം ഫ്ലാറ്റുകൾ പൊളിച്ചുനീക്കി റിപ്പോർട്ട് നൽകാനാണ് കോടതിയുടെ കർശന നിർദ്ദേശം. തിരുത്തൽ ഹർജി പരിഗണിക്കാൻ തീരുമാനിച്ചാൽ അഞ്ച് ജഡ്ജിമാരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് കേസ് വരിക.

മരടിലെ അഞ്ച് അപ്പാർട്ട്മെന്‍റുകൾ പൊളിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനായിരുന്നു നടപടി. തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ അന്ന് ഉത്തരവിറക്കിയത്. അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് ആദ്യ ഉത്തരവിൽ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഹോളി ഫെയ്ത്ത്, കായലോരം, ആൽഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ൻ ഹൗസിംഗ് എന്നീ അപ്പാർട്മെന്‍റുകളാണ് പൊളിക്കാൻ ഉത്തരവിട്ടിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K