14 October, 2019 04:58:13 PM


മോഹന്‍ലാലിന് മുന്‍കാല പ്രാബല്യത്തോടെ ലൈസന്‍സ്! ജയിലില്‍ കഴിയുന്ന സാധാരണക്കാര്‍ക്കും ലഭിക്കുമോ ഈ ലൈസന്‍സ്?

- അഡ്വ ശ്രീജിത്ത് പെരുമനആനക്കൊമ്പ് കേസില്‍ വനം വകുപ്പിന്‍റെ കുറ്റപത്രത്തിനെതിരേ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നൽകി.


ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുന്‍കാലപ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ആ സാഹചര്യത്തില്‍  വനംവകുപ്പ് തനിക്കെതിരേ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നും മോഹന്‍ലാല്‍ ഹൈക്കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.


ഈ അവസരത്തിൽ പറയാതെ പോകരുത് എന്നതുകൊണ്ട് രേഖാമൂലം ചിലത് പറയട്ടെ ..,


സത്യവാങ്മൂലത്തിൽ മോഹൻലാൽ പറയുന്ന ആനക്കൊമ്പ് സൂക്ഷിക്കാനുള്ള മുൻകാല പ്രാബല്യത്തോടെയുള്ള അനുമതിയുണ്ട് എന്നത് സത്യമാണ്. എന്നാൽ ആ അനുമതി എങ്ങനെ എപ്പോൾ ലഭിച്ചു എന്നതാണ് രസകരമായിട്ടുള്ളത്.


1 . ആനക്കൊമ്പ് മോഹൻലാലിന് പാരമ്പരാഗതമായി കിട്ടിയതാണെന്ന അദ്ദേഹത്തിന്‍റെ വാദം തെറ്റ്. "തന്‍റെ വീടു പൊളിക്കുമ്പോൾ ആനകൊമ്പ് പിടിപ്പിച്ച ഡ്രസ്സിങ് മേശ മോഹൻലാലിന്‍റെ വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ നല്കിയതാണെന്ന് യഥാർത്ഥ ഉടമയെന്നു പറയപ്പെടുന്ന തൃപ്പൂണിത്തുറ കൃഷ്ണ കുമാര്‍. (അദ്ദേഹത്തിന്‍റെ കത്ത് ഇതോടൊപ്പം)2 . 2012 ജൂണിൽ വീട്ടിൽ റെയിഡ് നടത്തി ആനക്കൊമ്പ് കണ്ടെത്തുമ്പോഴും 2012 ഡിസംബർ 22 നു ആനക്കൊമ്പുകൾ കസ്റ്റഡിയിൽ എടുക്കുമ്പോഴും മോഹൻലാലിന് ലൈസൻസില്ലായിരുന്നു. അതായത് 7 വർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റം. എന്നാൽ അറസ്റ്റ് ചെയ്യാതെ മോഹൻലാലിനെ സംരക്ഷിച്ച മന്ത്രിയും ഉദ്യോഗസ്ഥരും മോഹൻലാലിന് 4 വർഷങ്ങൾക്ക് ശേഷം ജനുവരി 12, 2016 നു O. QOC2-Ei04/l4 നമ്പർ ആനക്കൊമ്പ് ലൈസൻസ് അനധികൃതമായി നൽകുന്നു. അതായത് ക്രിമിനൽ കേസിലെ പ്രതിക്ക് കേസിലെ തൊണ്ടി മുതൽ ലൈസൻസ് ഉണ്ടാക്കി തിരികെ നൽകുന്നു (ലൈസൻസിന്‍റെ പകർപ്പ് ഇതോടൊപ്പം )1983 ൽ ചെന്നൈയിൽ വെച്ച് നളിനി എന്നൊരു സ്ത്രീയുടെ കയ്യിൽ നിന്നും 60000 രൂപയ്ക്ക് താൻ വാങ്ങിയതാണ് ഈ ആനക്കൊമ്പുകൾ എന്നും നളിനിയുടെ ഭർത്താവിന്‍റെ പിതാവിന്‍റെ പിതാവ് കൊച്ചി മഹാരാജാവായിരുന്നു എന്നും യഥാർത്ഥ ഉടമ എന്നുപറയുന്ന കൃഷ്ണകുമാർ പറയുന്നു. കൊച്ചി രാജാവിന്‍റെ മരുമകൾ എന്തിനാണ് വെറും അറുപതിനായിരം രൂപയ്ക്ക് തന്‍റെ ഗ്രെറ്റ് ഫാദറിന്‍റെ ഓർമ്മകൾ നിലനിൽക്കുന്ന ഡ്രസ്സിങ് ടേബിൾ വിറ്റത്?


കൃഷ്ണകുമാർ വീട് പുതുക്കി പണിയുമ്പോൾ എന്തിനാണ് ഒരു ഡ്രസിങ് ടേബിൾ മാത്രം മോഹൻലാലിന്‍റെ വീട്ടിൽ സുരക്ഷയ്ക്ക് വേണ്ടി കൊണ്ടുവെക്കുന്നത്? വീട് പൊളിച്ചു പണിയുമ്പോൾ വെക്കാൻ കൊടുത്ത ഒരു സാധനം എന്തുകൊണ്ട് കൃഷ്ണകുമാർ തിരികെ മേടിച്ചില്ല ?


സാധാരണക്കാരന് മനസിലാകുന്ന യമണ്ടൻ തിരക്കഥകൾ ആരെ ബോധിപ്പിക്കാന്‍?


ഇവിടെ രേഖകൾ മുൻ നിർത്തി സിമ്പിളായി ചോദിക്കാനുള്ള ഒരു ചോദ്യം ഇതാണ്..


മോഹൻലാൽ ചെയ്ത കുറ്റത്തിന് സമാനമായി ഒരു ആനകൊമ്പോ, മാൻ കൊമ്പോ, പുലിയുടെ തോലോ ലൈസൻസില്ലാതെ വീട്ടിൽ സൂക്ഷിച്ചതിനോ, കൈവശം വെച്ചതിനോ കേസെടുക്കുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്ത, ഇപ്പോഴും ജയിലിൽ കിടക്കുന്ന ആയിരക്കണക്കിന് സാധാരണക്കാരായ ജനങ്ങളുണ്ട് ഈ നാട്ടിൽ അവരുടെയെല്ലാം കേസ് റദ്ദുചെയ്ത് ആനകൊമ്പിനും, പുലി തോലിനും, മാൻ കൊമ്പിനും മുൻകാല പ്രാബല്യത്തിൽ ലൈസൻസ് നല്‍കാൻ സർക്കാർ തയ്യറാകുമോ? അവരെയെല്ലാം ജയിൽ മോചിതരാക്കാൻ ഭരണകൂടം തയ്യാറാകുമോ?


1971 ലെ വന്യജീവി സംരക്ഷണ നിയമം 39 (3 ) പ്രകാരം സംസ്ഥാന ചീഫ് വൈൽഡ്‌ലൈഫ് വാർഡന്‍റെയോ/അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍റെയോ എഴുതപ്പെട്ട മുൻ‌കൂർ അനുമതിയില്ലാതെ ആർക്കും ആനക്കൊമ്പുകളോ, ഫോറസ്റ്റ് പ്രോപ്പർട്ടികളോ സൂക്ഷിക്കാൻ പാടുള്ളതല്ല എന്ന നിയമം ഉള്ളപ്പോൾ...


2011 ഡിസംബർ 22 നു മോഹൻലാലിന്‍റെ വീട്ടിൽ നിന്നും ലൈസൻസ് ഇല്ലാത്തതിനാൽ 4 ആനക്കൊമ്പുകളും ഫോറസ്റ്റ് അധികൃതർ കസ്റ്റഡിയിൽ എടുത്തതിനു കൃത്യമായ തെളിവുകളുള്ളപ്പോൾ...


1961 ലെ കേരളം ഫോറസ്റ്റ് ആക്റ്റ് വകുപ്പ് 69 പ്രകാരം ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം സർക്കാരിന് മാത്രമാണ് എന്നിരിക്കെ എങ്ങനെയാണ് അനധികൃതമായി കൈവശം വെച്ച അനധികൃത ആനക്കൊമ്പുകൾക്ക് ഫോറസ്റ്റ് വകുപ്പ് മുൻകാല പ്രാബല്യത്തിൽ 4 വർഷങ്ങൾക്ക് ശേഷം ലൈസൻസ് നൽകുക?


ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്


equality before law and equal protection of law എന്ന തുല്യ നീതിയിൽ വിശ്വസിക്കുന്ന രാജ്യത്തെ ജുഡീഷ്യൽ സ്ഥാപനങ്ങളും ഈ വേര്‍തിരിവിന് മറുപടി പറഞ്ഞെ മതിയാകു.


"ഇനി പൊതുജനങ്ങളാണ് പ്രതികരിക്കേണ്ടത് "


വാൽ : തികച്ചും അനാശാസ്യകരമായ ഒരു ഗുരുതര നിയമലംഘനം ചൂണ്ടിക്കാണിക്കുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്. മോഹൻലാലെന്ന നടനുമായോ അദ്ദേഹത്തിന്‍റെ അഭിനയജീവിതവുമായോ ഈ കാഴ്ചപ്പാടിന് യാതൊരു ബന്ധവുമില്ലShare this News Now:
  • Google+
Like(s): 6.8K