29 March, 2020 01:33:15 PM


'മദ്യത്തിന് കുറുപ്പടി' എഴുതി; പുലിവാല് പിടിച്ച് ആയുര്‍വേദ ഡോക്ടര്‍



കൊച്ചി: മദ്യത്തിന് കുറുപ്പടി എഴുതിയ ഡോക്ടര്‍ പുലിവാല് പിടിച്ചപോലായി. മദ്യം കിട്ടാത്തതിനാല്‍ ചിലര്‍ മാനസികപ്രശ്നങ്ങള്‍ കാട്ടുന്നതായും ആത്മഹത്യ വരെ കാര്യങ്ങള്‍ എത്തുന്നതായും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം കൊടുക്കാമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ മാറിയിരുന്നു. ഇങ്ങനെ കുറിപ്പടിയുമായി എത്തുന്നവര്‍ക്ക് എക്സൈസ് വകുപ്പ് മദ്യം ലഭ്യമാക്കുമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നത്.


ഇതിന് പിന്നാലെയാണ് നോര്‍ത്ത് പറവൂരിലെ ഒരു ഡോക്ടര്‍ തന്‍റെ ലെറ്റര്‍ പാഡില്‍ മരുന്ന് കുറിക്കുംപോലെ മദ്യത്തിന്‍റെ കുറിപ്പടി തയ്യാറാക്കി നോക്കിയത്. തമാശയ്ക്ക് തയ്യാറാക്കിയ കുറിപ്പടി അദ്ദേഹം തന്‍റെ ചില സുഹൃത്തുക്കള്‍ക്ക് വാട്സ്ആപ്പില്‍ അയച്ചുകൊടുക്കുകയും ചെയ്തു. ഇത് വൈറലായതോടെ പുലിവാല് പിടിച്ചപോലായിരിക്കുകയാണ് നോര്‍ത്ത് പറവൂര്‍ അഞ്ജലി ആയുര്‍വേദിക് വെല്‍നെസ് സെന്‍ററിലെ ചീഫ് ഫിസിഷ്യനായ ഡോ.രഞ്ജിത്. '60 മില്ലി എംസി വിഎസ്ഓപി ബ്രാണ്ടി സോഡാ ഒഴിച്ച് റോസ്റ്റ് ചെയ്ത കടലയോടൊപ്പം വൈകിട്ട് 3 തവണ' കഴിക്കണമെന്നായിരുന്നു ഇദ്ദേഹം കുറിച്ചത്.



സമൂഹമാധ്യമങ്ങളില്‍ ഇത് പ്രചരിക്കാന്‍ തുടങ്ങിയതോടെ ഒട്ടേറെ ആളുകള്‍ ഇദ്ദേഹത്തെ വിളിച്ചു. വെറുതെയിരുന്നപ്പോള്‍ തമാശരൂപേണ തന്‍റെ പഴയ ഒരു ലെറ്റര്‍ പാഡില്‍ എഴുതിയ കുറിപ്പടിയാണിതെന്നും പിന്നാലെ താനിത് ഡിലീറ്റ് ചെയ്തെന്നും ഇങ്ങനെ പ്രചരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ഡോക്ടര്‍ കൈരളി വാര്‍ത്തയോട് പറഞ്ഞു. ഇതിന് പിന്നാലെ തന്‍റെ തെറ്റില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് കത്ത് തയ്യാറാക്കി ഡോക്ടര്‍ വാട്സ് ആപ്പില്‍ ഇട്ടു. ഇതും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.



Share this News Now:
  • Google+
Like(s): 6.1K