27 April, 2020 12:01:32 AM


'എവിടെപ്പോയി നമ്മുടെ ആഡംബര ചിന്തകൾ?': കൊറോണ സമ്മാനിച്ച കുറെ നല്ല ശീലങ്ങള്‍

- ഡോ. ഡെയ്സൻ പാണേങ്ങാടൻ
ത്ര പെട്ടന്നാണ് നമ്മുടെ നാടും നാട്ടുകാരും,കൊറോണ സമൂഹത്തിലുണ്ടാക്കിയ പുതിയ സാഹചര്യത്തോട് താദാൽമ്യം പ്രാപിച്ചത്.


മാർച്ച് 22 ലെ ജനതാ കർഫ്യൂ ഒരു തുടക്കമായിരുന്നു. തുടർന്ന് ഏപ്രിൽ 14ന് അവസാനിച്ച ആദ്യഘട്ട ലോക്ക് ഡൗണും പിന്നീട് മെയ് 3 വരെ തുടരുമെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള രണ്ടാം ഘട്ട ലോക് ഡൗണും ആളുകൾക്ക് വേറിട്ട ഒരു അനുഭവം തന്നെയായിയെന്നതാണ് വാസ്തവം. ലോകമെമ്പാടും, പ്രത്യേകിച്ച് അമേരിയ്ക്കയിലും ഇറാനിലും ഇറ്റലി, സ്പെയിൻ, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും കൊറോണ നിയന്ത്രണ വിധേയമായിട്ടില്ലെങ്കിലും, നമ്മുടെ രാജ്യവും പ്രത്യേകിച്ച് നമ്മുടെ സംസ്ഥാനവും കൊറോണ പ്രതിരോധത്തിൽ ബഹുദൂരം മുൻപിൽ തന്നെയാണെന്നത്, നമുക്കേറെ ആശ്വാസമേകുന്നുണ്ട്. അതിൽ തന്നെ, ലോക സാമ്പത്തിക ശക്തികളെന്നറിയപ്പെടുന്ന രാജ്യങ്ങളിലെ മരണ നിരക്ക് 10%ലെത്തി നിൽക്കേ, ഇന്ത്യയിൽ കൊറോണ ആദ്യം റിപ്പോർട്ടു ചെയ്ത നമ്മുടെ മലയാള നാട്ടിൽ അത് അര ശതമാനത്തിനടുത്താണ്.ഇത് ,ആരോഗ്യരംഗത്തെ നമ്മുടെ നാടിന്റെ കുതിച്ചു ചാട്ടത്തേയും നമ്മുടെ നാട്ടിലെആരോഗ്യ പ്രവർത്തകരുടെ കർത്തവ്യബോധത്തേയും എടുത്തു കാണിക്കുന്നുണ്ട്.
 
ഏറെ സവിശേഷമായ കാര്യം ഈ കൊറോണ കാലത്ത് ആളുകൾക്ക് സംഭവിച്ചിരിക്കുന്ന , വലിയ മാറ്റങ്ങളാണ്. ദിവസത്തെ പറ്റിയുള്ള മുൻധാരണകൾ, ആളുകൾക്ക് കൈവിട്ടു പോയി. എന്തിന്, ഇന്നത്തെ ദിവസമേതെന്ന് വീട്ടുകാരോട് ചോദിക്കുന്നയാളുകൾ പോലും ദിവസം ചെല്ലുംതോറും കൂടി വരുന്നുണ്ട്. സമസ്ത മേഖലയിലും കൊറോണ തീർത്ത വികാരങ്ങളുടെ അനുരണനങ്ങളെത്തിക്കഴിഞ്ഞു.

എന്തൊക്കെ ആരവങ്ങളായിരുന്നു, സിനിമാമേഖലയിൽ... ആഴ്ചതോറും പുതിയ പടങ്ങളുടെ റിലീസിംഗ്, ഫാൻസു ഷോ, അങ്ങിനെയങ്ങനെ... ഫാൻസു ഷോയ്ക്ക് മമ്മുട്ടിയുടേയും മോഹൻലാലിന്റെയും ഫ്ലക്സുകളും കൊടിതോരണങ്ങളും കൊണ്ടലങ്കരിച്ചിരുന്നവരും രജനികാന്തിന്റെ പ്ലക്സിൽ പാലഭിഷേകം നടത്തുന്നവരേയും ഇപ്പോൾ കാൺമാനേയില്ല. 


ആഴ്ചയിലൊരു സിനിമ പതിവാക്കിയ സിനിമാസ്വാദകർ... നാടകമെവിടെയുണ്ടെന്നു കേട്ടാലും വണ്ടിയെടുത്തു പായുന്ന ആസ്വാദക കൂട്ടം.... സിനിമാറ്റിക് ഡാൻസുകളും ഗാനമേളകളുമില്ലാതെ ഉൽസവ പറമ്പുകൾ... ബാൻഡു വാദ്യങ്ങളും ശിങ്കാരിമേളങ്ങളും നാസിക് ധോളുമില്ലാതെ ശ്മശാന മൂകമായ പള്ളിമുറ്റങ്ങളും അമ്പലപ്പറമ്പുകളും..
എല്ലാം മാറി മറഞ്ഞു.

ആശുപത്രി രംഗത്തെ മാറ്റങ്ങളും ആളുകളുടേയും കാഴ്ചപ്പാടുകൾക്കു തന്നെ മാറ്റം സംഭവിച്ചിരിക്കുന്നു.
പനിയൊന്നുമില്ലെങ്കിലും ഒരു തോന്നലിന്റെ മാത്രം പുറത്ത് പാരസെറ്റമോളും ഡോളോയും ക്രോസിനുമൊക്കെ, മെഡിക്കൽ ഷോപ്പുകളിൽ നിന്നും പരീക്ഷിച്ചിരുന്ന ആരോഗ്യതൽപ്പരരൊക്കെ, ഇപ്പോൾ പനിയെന്ന് പറയാനേ വിമ്മിഷ്ടപ്പെടുന്നു, അല്ലെങ്കിൽ അറച്ചു നിൽക്കുന്നു...


ഭക്ഷണത്തിനു മുൻപും പിൻപും ഷുഗറിന്റെയും കൊളസ്ട്രോളിന്റേയും അളവു പരിശോധിച്ചിരുന്ന അതാതു പഞ്ചായത്തതിർത്തിയിലെ  ലാബുകളിലൊന്നു പോലും ഇപ്പോൾ തുറക്കുന്നേയില്ല... താന്താങ്ങളുടെയും ബന്ധുമിത്രാദികളുളേയും ഷുഗറിന്റെയും കൊളസ്ട്രോളിന്റേയും രക്തസമ്മർദ്ദത്തിന്റെയും അളവുകൾ വെച്ച്, ഗൂഗിളിലെയും ലോകാരോഗ്യ സംഘടനയുടേയും താരതമ്യ പഠനങ്ങളൊന്നുമിപ്പോഴില്ല...


അപ്പോൾ ഇത്രേം കാലം പരിശോധിച്ച് കൂടുതലെന്ന നിഗമനത്തിൽ മരുന്നു കഴിച്ചിരുന്ന ഷുഗറിനും പ്രഷറി അം കൊളസ്ട്രോളിനുമൊക്കെ എന്തു സംഭവിച്ചു...? അതോ അവർക്കു ശരിക്കുമീ അസുഖങ്ങളൊന്നുമില്ലാതിരിക്കുമോ...?
രാവും പകലുമെന്നില്ലാതെ രോഗികളെക്കൊണ്ട് വീർപ്പുമുട്ടിയിരുന്ന സൂപ്പർ സ്പെഷ്യാലിറ്റി കാഷ്വാലിറ്റികളിലും  ആശുപത്രികളിലും ഇപ്പോൾ വിരലിലെണ്ണാവുന്നവർ മാത്രം....


അപകടങ്ങളില്ല... ഹൃദയ സ്തംഭനങ്ങളില്ല... കേട്ടാൽ തന്നെ പേടിക്കുന്ന തരത്തിലുള്ള അസുഖങ്ങളില്ല... ആക്ട്സിന്റെയും മറ്റും ആംബുലൻസുകളുടെ നിലവിളി ശബ്ദവും കുറഞ്ഞീട്ടുണ്ടത്രേ... ഇഷ്ടപ്പെട്ടതോ പതിവുള്ളതോ ആയ ഡോക്ടറെ കാണാനുള്ള കാർഡിനായി റിസപ്ഷനു മുമ്പിൽ കണ്ടിരുന്ന നീണ്ട ക്യൂ കൾ, ഇപ്പഴില്ല...


ടെസ്റ്റിനു മുൻപും പിൻപുമുള്ള മെഡിക്കൽ ലാബിനു മുമ്പിലെ കൂട്ടമായുള്ള കാത്തിരിപ്പ്..... അതുമിപ്പോൾ അധികം കാണാനില്ല. ഫാർമസിയിലും മെഡിക്കൽ ഷോപ്പിലും ആളുകൾ തീരെ കുറവ്... ആളുകളൊഴിഞ്ഞ് ശൂന്യമായ ആശുപത്രിയും ആശുപത്രിപരിസരങ്ങളും... അപ്പോ നമുക്ക് രോഗങ്ങളില്ലായിരുന്നോ....? അല്ലെങ്കിൽ നമ്മുടെ രോഗങ്ങളൊക്കെ എവിടെ പോയി....?


എന്തൊരു ഓട്ടവും വേഗതയുമായിരുന്നു,നമുക്ക്.
നിരത്തുകളിൽ മൂട്ടിൽ തീ പിടിച്ച പോലെ മൽസരയോട്ടമോയോടിയിരുന്ന ബസ്സുകളേയും കാതടപ്പിക്കുന്ന ശബ്ദത്തിൽ പോയിരുന്ന ബൈക്കഭ്യാസികളേയും നിങ്ങളിപ്പോൾ കാണുന്നുണ്ടോ.......?
എന്തൊരു തിരക്കായിരുന്നു, നിരത്തുകളിൽ നമ്മുടെ കാറുകൾക്ക്‌....?
ഒരു മിനിറ്റുള്ള ട്രാഫിക് സിഗ്നലിൽ ക്ഷമയില്ലാതിരുന്നവരൊക്കെ ദിവസങ്ങളോളമായി ക്ഷമയോടെ വീട്ടിലിരിപ്പാണ്....
അവർക്ക് പറ്റുന്നുണ്ടോയല്ലേ..?


ചെറു ഗ്രാമങ്ങളിൽ പോലും കവലകളിൽ എന്തൊരു ട്രാഫിക് ബ്ലോക്കായിരുന്നു... കാതടപ്പിക്കുന്ന സൈലൻസറുകളും കരി തുപ്പുന്ന പുകക്കുഴലുകളുമൊന്നുമിപ്പോഴില്ല... 
നമ്മുടെ തിരക്കുകളൊക്കെ എങ്ങിനെ ശമിച്ചു...?


മനുഷ്യമനസ്സുകളിലെ സാമൂഹ്യബോധത്തിന് ഉദാത്ത തെളിവുകൾ നമ്മുടെ നാട്ടിൽ കാണാമായിരുന്നു. എന്തു വലിയ ആൾക്കൂട്ടങ്ങളായിരുന്നു, നമ്മുടെ നാട്ടിൽ...
നാടുനീളെ പ്രതിഷേധങ്ങൾ... ധർണ്ണകൾ... മെമ്മൊറാണ്ടങ്ങൾ... 

ജാഥകൾ... പിക്കറ്റിംഗുകൾ... ഘെരാവോകൾ... ഉപവാസസമരങ്ങൾ... നിരാഹാരങ്ങൾ... 

ഒരു പരിപാടിയുമിപ്പോൾ കാണാനില്ല...!!

ആത്മീയ സംതൃപ്തിയ്ക്കു വേണ്ടി, എന്തൊരു ദീർഘമായ ഓട്ടമായിരുന്നു; നമ്മുടെ ഭക്തജനങ്ങൾക്ക്....
തീർത്ഥാടനകേന്ദ്രങ്ങളിലേയ്ക്ക്... പള്ളികളിലേയ്ക്ക്... അമ്പലങ്ങളിലേയ്ക്ക്... 

ജാറങ്ങളിലേയ്ക്ക്... പ്രവാചകൻമാരെ തേടി... 

ദൈവങ്ങളെ തേടിയുള്ള യാത്രകളൊക്കെ ഗേറ്റിനിപ്പുറത്തു വെച്ചവസാനിച്ചു.


നാട്ടിലെ പരദൂഷകരേയും ഇപ്പോൾ കാൺമാനില്ല;
വീട്ടിലെ ചായയെ പുച്ഛിച്ച്, രാവിലെ ചായക്കടയിൽ പോയി പത്രത്തോടൊപ്പം ചായ ഊതി കുടിച്ചും നാട്ടിലെ ഒളിച്ചോട്ടങ്ങളിലും വഴക്കുകളിലും സംസർഗ വിഷയങ്ങളിലും ന്യായം വിധിച്ചിരുന്ന പരദൂഷണ വിദഗ്ദർക്കിപ്പോൾ വീട്ടിലെ ചായ ഇപ്പോൾ ഇഷ്ടപ്പെടുന്നുണ്ടോ..... ആവോ?


എന്തൊരു ടെൻഷനായിരുന്നു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരീക്ഷാ കാലങ്ങൾ; 

ഒൻപതു വരെയുള്ളവർക്ക് പരിക്ഷയേയില്ല... 

അവരുടെ ക്ലാസ്സ് ഫസ്റ്റും സ്കൂൾ ഫസ്റ്റും ഇനിയെങ്ങനെ കണ്ടെത്തുമാവോ...?


നഴ്സറി പ്രവേശനത്തിന്റെ ഇന്റർവ്യൂവൊക്കെ ഓൺലൈൻ ആക്കി കാണും... 

പൊതു പരീക്ഷയെഴുതുന്നവർ പോലും ഇനിയെന്നെന്ന ചോദ്യത്തിനു മുൻപിൽ പകച്ചു നിൽക്കുന്നു...

 +1 അഡ്മിഷനെ സംബന്ധിച്ച്, മാതാപിതാക്കളിപ്പോൾ ചിന്തിക്കുന്നേയില്ല..!! 


മക്കളെയെവിടെ ചേർത്തുമെന്ന ചോദ്യത്തിനപ്പുറം, ഈ വ്യാധിയെന്നു തീരുമെന്ന് ചോദിയ്ക്കാൻ നമ്മുടെ രക്ഷിതാക്കൾക്കിപ്പോൾ കഴിയുന്നുണ്ട്.


യാത്രാപ്രേമികളായിരുന്നു മലയാളികൾ ;പ്രത്യേകിച്ച് വെക്കേഷൻ കാലയളവിൽ...
വേനൽക്കാല അവധികളിൽ പിക്നിക് കേന്ദ്രങ്ങളിൽ സൂചി കുത്താനിടമില്ലാത്ത വിധം  ആളുകൾ കൂടുമായിരുന്നു....
തിങ്ങിനിറഞ്ഞിരുന്ന അവിടുത്തെ തെരുവുകളൊക്കെ ഇപ്പോൾ ശോക മൂകമാണ്.
ടാക്സി പേട്ടകൾ... ബസ് സ്റ്റോപ്പുകൾ... റയിൽവേ സ്‌റ്റേഷനുകൾ... വിമാനത്താവളങ്ങൾ... 

എല്ലാം അരങ്ങൊഴിഞ്ഞു കഴിഞ്ഞു... നമ്മുടെ യാത്രാ മോഹങ്ങൾക്കൊക്കെ എന്തു സംഭവിച്ചു....?


എന്തൊരു തീറ്റയായിരുന്നു, നമുക്ക്....
ആഴ്ചയിലൊരിക്കലെങ്കിലും പുറമെ നിന്നു ഭക്ഷണം... ഒരു പാഴ്സൽ... 

സ്വിഗ്ഗി... ഊബർ ഈറ്റ്സ്...  സൊമാറ്റോ...  കുഴിമന്തി... പിസ്സ... ഷവർമ... ബർഗർ... ദേശികൂപ്പ... തട്ടുകടകൾ... ഷാപ്പുകറികൾ... 

പഞ്ചനക്ഷത്ര ഹോട്ടലുകൾ... വെറൈറ്റി ഭക്ഷണ രീതികൾ....
ഇപ്പോൾ ചക്കയും ചേമ്പും ചേനയും മാങ്ങയും കടലയും പരിപ്പും പയറുമൊക്കെ നമ്മുടെ വയറിനു വഴങ്ങി തുടങ്ങി...!!


എന്തൊരു കുടിയായിരുന്നു, നമ്മുടെ കുടിയൻമാർക്ക്...
കള്ളുഷാപ്പുകൾ... ബിയർ - വൈൻ പാർലറുകൾ... കൗണ്ടറിലെ നിൽപ്പനടികൾ... 

ത്രീ- ഫോർ - ഫൈവ് സ്റ്റാർ ബാറുകൾ... ബെവ് കോയിലെ ഷെയറടിക്കാർ... 

അവരും ശാന്തരായി വീടുകളിൽ കുട്ടികളെ കളിപ്പിച്ചിരിക്കുന്നു.
ഇന്നേ വരെ കാണാത്ത മാന്യതയിൽ അച്ഛന്റെ മുഖം കണ്ട്;വിജ്രംഭിച്ചു നിൽക്കുന്ന മക്കളുടെ മുഖത്തിന് ഈയ്യിടെയായി തിളക്കമേറിയിട്ടുണ്ട്. 


നമ്മുടെ ആഡംബര പ്രിയമൊക്കെ എവിടെ പോയി.....?
പുതിയ സ്വർണ്ണം... പുതിയ വസ്ത്രം... വലിയ കല്ല്യാണങ്ങൾ... 

പിറന്നാളാഘോഷങ്ങൾ ... മരണാനന്തരസദ്യകൾ... 

കല്യാണം വിളിയ്ക്കാത്തതിലുള്ള പരാതികൾ... എന്തൊക്കെയായിരുന്നു..,
ഇപ്പോൾ ദാ, വിളിച്ചീട്ടുപോലും ആളുകൾ വരാൻ മടിയ്ക്കുന്നു....
മരണവീട്ടിൽ പോലും പോയെന്നു വരുത്തി തീർക്കുന്നു...
എന്തിന്; നാട്ടിലെ സ്വാഭാവികമരണ നിരക്കു പോലും കുറഞ്ഞതായി സംശയിക്കേണ്ടിയിരിക്കുന്നു.
ബന്ധുവീടുകളിലേയ്ക്കു പോലും ക്ഷണമില്ലാതെയായിരിക്കുന്നു...
എന്തൊരു മാറ്റമാണ് നമുക്കിത്?
 
അത്യാവശ്യ സാധനങ്ങളുള്ള കടകൾ മാത്രം ചന്തയിൽ തുറന്നു വെച്ചിരിക്കുന്നു...

ഭൂരിഭാഗം കടകളും അടഞ്ഞു കിടക്കുന്നു...
ആർക്കും സ്വർണ്ണം വാങ്ങേണ്ട... ഒരാൾക്കും പുതിയ ചുരിദാറും, സാരിയും ഷൂസും മുന്തിയ തുണിത്തരങ്ങളും വേണ്ട.....
ആഢംബര ചിന്തകൾ നമ്മുടെ ആളുകൾക്കിടയിൽ ലവലേശമില്ല...

സഞ്ചാരി കൂട്ടായ്മകളില്ല ... ബൈക്ക് - ബുള്ളറ്റ് റാലികളുമില്ല... പാചക പരീക്ഷണങ്ങളില്ല... സാധനസാമഗ്രികൾ കിട്ടുമോയെന്ന ആശങ്കകൾ മാത്രമായി....

എവിടെപ്പോയി ; നമ്മുടെ ആഡംബര ചിന്തകൾ ...?


എത്ര പെട്ടെന്നാണ് മനുഷ്യനിൽ വലിയ മാറ്റം വന്നത്? ആരാണ്  നമ്മെ മാറ്റാനാവില്ലെന്ന് പറഞ്ഞത്.....?
എത്ര പെട്ടന്നാണ് നമ്മുടെ ദൈനംദിന ചെലവുകൾ കുറഞ്ഞത്...?
നമ്മുടെ കുടുംബ ബഡ്ജറ്റ് ഇത്ര ചെറുതാക്കാമെന്ന്  ആരെങ്കിലും സ്വപ്നത്തിലെങ്കിലും കരുതിയിരുന്നോ...? 
അപ്പോൾ നാം ചെയ്തു കൊണ്ടിരുന്ന പലതും അർത്ഥശൂന്യവും വ്യർത്ഥവുമായിരുന്നല്ലേ....?
ഇക്കാലമത്രയും നാം പണം നൽകി വാങ്ങി ഉപയോഗിച്ചിരുന്നതും കഴിച്ചിരുന്നതും ഒരു തരത്തിൽ ധൂർത്തു തന്നെയല്ലേ....? 
നമ്മുടെ ദൈനംദിന ചെലവുകളിൽ  ആവശ്യങ്ങളേക്കാൾ അധികമായി അനാവശ്യങ്ങളായിരുന്നു, എന്നല്ലേ അതിനർത്ഥം..?


നശ്വരമായ ഈ ലോകത്ത്  ജീവിക്കാൻ ഇത്രയൊക്കെ മതിയായിരുന്നിട്ടും ഒരു പരിധിയുമില്ലാതെ എന്തിനാണ് ഇത്രേം സാധനങ്ങൾ നാം വാങ്ങിക്കൂട്ടിയിരുന്നത്...?
വെറും മാലിന്യമാക്കാൻ അത്യാർത്തിയോടെ നാം തിന്നുതീർത്തിരുന്നത്.....? 
ഒരു പരിധി വരെ ഭക്ഷ്യപദാർത്ഥങ്ങൾ അനാവശ്യമായി കളഞ്ഞിരുന്നത്....?
വെറുമൊരു മൂക്കൊലിപ്പിനും ജലദോഷത്തിനും ആശുപത്രിയിലേക്ക് കിട്ടുന്ന വണ്ടിയും പിടിച്ച് വീട്ടുകാരേയും കൂട്ടി ഓടിയിരുന്ന നമ്മിലെ ഭൂരിപക്ഷത്തിനും ആശുപത്രിയെന്നും പനിയെന്നുമൊക്കെ കേൾക്കുമ്പഴേ ഇപ്പോൾ  ആധിയാണ്...!! 


പാക്കിസ്ഥാന് ഇന്ത്യയേയും അമേരിയ്ക്കക്ക് ഇറാനേയും ഇപ്പോൾ ആക്രമിക്കുകയേ വേണ്ട... അൽ ഖ്വൈദയെ പറ്റിയും താലിബാൻ തീവ്രവാദികളെ പറ്റിയും ഐ.എസിനെ പറ്റിയുമിപ്പോൾ വാർത്തകളില്ല.
ഒരു നുഴഞ്ഞുകയറ്റ വാർത്തകളും രാജ്യാതിർത്തിയിൽ നിന്നും റിപ്പോർട്ടു ചെയ്യപ്പെടുന്നേയില്ല ....
നമ്മുടെ രാജ്യാന്തര ശത്രുതയൊക്കെ എവിടെപ്പോയി?
ക്രിക്കറ്റ് യുദ്ധങ്ങളില്ല; ഫുട്ബോളിലെ ലാറ്റിനമേരിക്കൻ പോരാട്ടങ്ങളില്ല....
ഐ.പി.എല്ലും ഐ.സി.എല്ലും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമേയല്ല.


രാജ്യങ്ങൾ തമ്മിൽ പൊതുവിൽ ഒരു സൗഹൃദാന്തരീക്ഷമുണ്ട്.
പൗരത്വ ബില്ലും പൗരത്വ രജിസ്റ്ററും ഇപ്പോൾ മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങളല്ല..
രാഷ്ട്രീയ വിവാദങ്ങൾ വലിയ രീതിയിൽ കാൺമാനില്ല; 
വംശീയമായോ വർഗ്ഗിയമായോ സാമുദായികമോ ആയി വലിയ പരിവേഷങ്ങൾ കാണാനില്ല ... 
ശക്തി കൊണ്ടോ ബലം കൊണ്ടോ ആർക്കും ആരെയും ഈയ്യിടെ കീഴ്പ്പെടുത്തുകയേ വേണ്ടാ ..... ഒരാളേയും മറ്റൊരിടത്തേയ്ക്ക്   പറഞ്ഞു വിടുകയേ വേണ്ട...!! അന്യ സ്ഥലങ്ങളിലുള്ളവർ, ബന്ധുക്കളാണെങ്കിൽപ്പോലുമിങ്ങോട്ടു വരികയേ വേണ്ട..


നമുക്കു ചുറ്റുമുള്ള ലോകമിപ്പോൾ ചുരുങ്ങി നമ്മുടെ വീടിരിക്കുന്ന അഞ്ചു സെന്റിലേയ്ക്ക് പരിമിതപ്പെട്ടിരിക്കുന്നു. 
നമ്മുടെ ആവശ്യങ്ങളൊക്കെ പരിമിതപ്പെട്ട് അത്യാവശ്യങ്ങളെ മാത്രം പുൽകാൻ നാമിപ്പോൾ പരിശീലിച്ചിരിക്കുന്നു.
സ്വപ്നങ്ങളേക്കാൾ ഭയവും മോഹങ്ങളേക്കാൾ ആശങ്കയും നമ്മെ കീഴ്പ്പെടുത്തിയിരിക്കുന്നു. ഒരു പരിധി വരെ, ധൂർത്തും ആർഭാടങ്ങളും ആർത്തിയും ഇല്ലാതായിരിക്കുന്നു.


കുടുംബത്തെയും കുടുംബാംഗങ്ങളേയും നാം ഗൗനിയ്ക്കാൻ തുടങ്ങിയിരിക്കുന്നു.
സ്വയം ശുചിത്വം പാലിയ്ക്കാനും കുടുംബാംഗങ്ങളെ ശുചിത്വം പരിശീലിപ്പിക്കാനും നാം ആരംഭിച്ചിരിക്കുന്നു.
വീടും പരിസരവും വൃത്തിയായി നാം സംരക്ഷിച്ചു തുടങ്ങിയിരിക്കുന്നു.
അഞ്ചു സെന്റിലും പച്ചക്കറികൾ മുളച്ചുതുടങ്ങിയിരിക്കുന്നു.


പരസ്പരം സംസാരിയ്ക്കാൻ സമയമില്ലാത്ത അയൽപ്പക്കക്കാരൊക്കെ പ്രകൃതി വിഭവങ്ങൾ പങ്കുവെയ്ക്കാൻ ശീലിച്ചിരിക്കുന്നു. എന്റെ പ്ലാവിലെ ചക്കയും എന്റെ മാവിലെ മാങ്ങയും എന്റെ തൊടിയിലെ പച്ചക്കറികളും, എന്റേതു മാത്രമല്ലെന്നും എന്റെ അടുത്ത വീട്ടുകാർക്കും അവയിലൊക്കെ സാമൂഹ്യപരമായ അവകാശമുണ്ടെന്നും നാം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.


അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ, കൊറോണ നൽകിയ ലോകത്തിനു നൽകിയ നഷ്ടക്കണക്കുകൾക്കൊപ്പം, കുറെ നല്ല ശീലങ്ങൾ കൂടി നമ്മെ പഠിപ്പിച്ചിട്ടുണ്ട്. കുറെ കൂടെ നൻമയിൽ ചിന്തിയ്ക്കാനും സമൂഹത്തിൽ നൻമയുടെ പരിമളം വിതറാനും...


നമ്മിൽ നൻമയുള്ളതുകൊണ്ട് ഇതും നമ്മളൊന്നിച്ച് അതിജീവിയ്ക്കും !!


(തൃശ്ശൂർ സെന്റ് തോമസ് കോളേജ് ഫിസിക്സ് ഡിപ്പാർട്ടുമെന്റിലെ അസി പ്രഫസർ ആണ് ലേഖകന്‍)Share this News Now:
  • Google+
Like(s): 5.9K