30 April, 2020 08:07:24 PM


ചാരായം വാറ്റുന്നതിനുള്ള വാഷ് കാറില്‍ കടത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍



പെരുമ്പാവൂര്‍:  ചാരായം വാറ്റുന്നതിനുള്ള വാഷ് തയ്യാറാക്കിയ മൂന്ന് പേര്‍ പിടിയില്‍. അല്ലപ്ര സ്വദേശികളായ അപ്പു എന്ന് വിളിക്കുന്ന അഭിനന്ദ്, സുഹൃത്തുക്കളും സമീപവാസികളുമായ അമല്‍, അഭിജിത്ത് എന്നിവരുമാണ് പെരുമ്പാവൂര്‍ പോലീസിന്‍റെ പിടിയിലായത്. 150 ലിറ്റര്‍ വീതം കൊള്ളുന്ന പ്ലാസ്റ്റിക് ബാരലുകളില്‍ വാഷ് കലക്കി ഇന്നോവ കാറില്‍ സൂക്ഷിച്ച സംഘം കഴിഞ്ഞ രാത്രി പട്രോളിംഗ് നടത്തിയ പോലീസിന്‍റെ പിടിയിലാവുകയായിരുന്നു.


ഇന്നോവ കാറില്‍ കടത്തിക്കൊണ്ടു വന്ന വാഷ് അതേപടി വെങ്ങോല ജംഗ്ഷന് സമീപത്തുള്ള ഒരു വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന സമയത്താണ് പോലീസിന്‍റെ പിടിയിലായത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ സമീപത്ത് നിന്നിരുന്ന പ്രതികള്‍ പോലീസിനെ കണ്ട് ഓടി. ഇതില്‍ സംശയം തോന്നിയ പോലീസ് ഓടിച്ചിട്ട് പിടികൂടിയ അപ്പുവിനെ ചോദ്യം ചെയ്യുകയും കാര്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് ചാരായം വാറ്റുന്നതിനുളള വാഷ് കണ്ടെത്തിയത്. 



പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. വാഷ് കൊണ്ടുവന്ന വാഹനം കോടതിക്ക് കൈമാറി. ഇന്‍സ്പെക്ടര്‍ സി ജയകുമാറും  പ്രിന്ഴസിപ്പല്‍ എസ് ഐ ബേസില്‍, അഡീഷണല്‍ എസ്ഐ ഇന്ദുചൂഢന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ എല്‍ദോ കെ തോമസ്, അരുണ്‍ കെ കരുണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



Share this News Now:
  • Google+
Like(s): 3.7K