10 June, 2020 12:18:09 PM


പെൺകുട്ടിയുമായി ചാറ്റിംഗ്; പതിനേഴുകാരനെ മർദ്ദിച്ച് കാമുകനും സംഘവും; 4 പേർ അറസ്റ്റിൽ



കോലഞ്ചേരി: പെൺകുട്ടിയുമായി ചാറ്റ് ചെയ്തതിന് കാമുകനും കൂട്ടുകാരും പതിനേഴുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാലു പേർ അറസ്റ്റില്‍.  മർദ്ദന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് അറസ്റ്റ്.  അറസ്റ്റിലായവരിൽ മൂന്നു പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ  ജാമ്യത്തിൽ വിട്ടയച്ചു.  നാലാമൻ മറ്റക്കുഴി കുന്നേൽവീട്ടിൽ നിബിൻ നോബൽ (20) പുത്തൻകുരിശ് പൊലീസ് കസ്റ്റഡി​യി​ലാണ്.


ചോറ്റാനി​ക്കരയി​ൽ പ്ളസ് ടൂവി​ന് പഠി​ച്ചി​രുന്ന സംഘത്തി​ൽ ഒരാളുടെ കാമുകി​യുമായാണ് മർദ്ദനമേറ്റ യുവാവ് ചാറ്റിംഗ് നടത്തിയത്. ഇതാണ് അക്രമത്തിന് കാരണവും. യുവാവിന്‍റെ മുഖത്തിടിച്ച് വീഴ്ത്തിയ ശേഷം മൂന്നുപേർ സമീപത്ത് കിടന്ന വടിയെടുത്ത് കാൽ തല്ലിയൊടിയ്ക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. നാലാമനാണ് ഫോണി​ൽ സംഭവം ഷൂട്ട് ചെയ്തത്. തൃപ്പൂണിത്തുറ ആശുപത്രിയിൽ ചികിത്സയിലിരുന്ന പതിനേഴുകാരന്‍റെ മൊഴിയെടുത്ത ശേഷമായി​രുന്നു അറസ്റ്റ്.


ഇന്നലെ രാവിലെയാണ് ഫേസ് ബുക്കിൽ അക്രമി സംഘത്തെ അധികൃതരുടെ മുന്നിലെത്തിക്കുക എന്ന തലക്കെട്ടോടെ വീഡി​യോ പോസ്റ്റ് ചെയ്തത്. അതേസമയം അടി കൊണ്ടയാൾക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറയുന്നു. തൃശൂർ റെയിൽവേ പൊലീസ് രജിസ്​റ്റർ ചെയ്ത മൊബൈൽ മോഷണ കേസിലും, നാട്ടിൽ നിരവധി ബൈക്ക് മോഷണ കേസുകളിലും ഇയാൾ പ്രതിയാണ്. അടുത്തിടെ ആടിനെ മോഷ്ടിച്ച കേസിലും ഇയാൾക്കെതിരെ അന്വേഷണമുണ്ട്. പ്രായമായ മുത്തശ്ശിക്കൊപ്പമാണ് ഇയാളുടെ താമസം.



Share this News Now:
  • Google+
Like(s): 3.7K