18 September, 2021 10:32:56 AM


കാട്ടുപന്നിയെ കൊല്ലാൻ കന്യാസ്ത്രീ ഉള്‍പ്പെടെ 13 പേർക്ക് ഹൈക്കോടതി അനുമതി



കൊച്ചി: കോഴിക്കോട്, വയനാട് ജില്ലകളിൽ കാട്ടുപന്നിയെ കൊല്ലാൻ 13 പേർക്ക് ഹൈക്കോടതി അനുമതി ലഭിച്ചു. 13 പേരിൽ കന്യാസ്ത്രീയും ഉൾപ്പെടുന്നു. മുതുകാട് സിഎംസി കോൺവന്റിലെ സിസ്റ്റർ ജോഫിക്കാണ് അനുമതി ലഭിച്ചത്. കോൺവന്റിലെ കൃഷി പന്നികൾ നശിപ്പിക്കുന്നതിലുള്ള സങ്കടം കൊണ്ടാണ് വി ഫാം കർഷക സംഘടനയുടെ നേതൃത്വത്തിൽ സിസ്റ്റർ ഹൈക്കോടതിയെ സമീപിച്ചത്. കോൺവന്റിന് 4 ഏക്കർ കൃഷി സ്ഥലമാണ് ഉള്ളത്. കപ്പ, വാഴ, ജാതി ,ചേമ്പ്, ചേന, കാച്ചിൽ, തുടങ്ങിയ വിളകളെല്ലാം കാട്ടുപന്നി നശിപ്പിക്കുന്ന അവസ്ഥ. കൃഷിയിടത്തിനു സമീപം തന്നെ കാട്ടുപന്നി കൂടു കൂട്ടി കിടക്കുന്ന അവസ്ഥയാണ്.

മൂന്നു വർഷം പഴക്കമുള്ള ജാതി തൈകൾ നെറ്റ് കൊണ്ട് വേലി കെട്ടി സംരക്ഷിച്ചെങ്കിലും അതെല്ലാം കടിച്ചു കീറി പന്നികൾ ജാതി മരം മുഴുവൻ നശിപ്പിച്ചു. കാട്ടുപന്നിയെ നശിപ്പിക്കാതെ കൃഷി സാധിക്കില്ല എന്ന നില വന്നതോടെയാണ് കോടതിയെ സമീപിച്ചതെന്നു സിസ്റ്റർ ജോഫി പറഞ്ഞു. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ ഏതുവിധേനയും കൊല്ലാനുള്ള അനുമതി നൽകണമെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന് ഹൈക്കോടതി ഉത്തരവ് നൽകിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ നിന്നു 12 കർഷകർക്കും വയനാട് ജില്ലയിൽ നിന്ന് ഒരാൾക്കുമാണ് അനുമതി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K