12 March, 2026 01:02:31 PM


സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ അക്ഷരപുരസ്‌കാരം യു. കെ. കുമാരന്



കോട്ടയം: സാഹിത്യപ്രവർത്തകസഹകരണസംഘം ഏർപ്പെടുത്തിയിട്ടുള്ള 'അക്ഷരപുരസ്‌കാരം'  യു. കെ. കുമാരന് നൽകാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ 'തക്ഷൻകുന്ന് സ്വരൂപം' എന്ന കൃതിയാണ് ആറാമത് അക്ഷരപുരസ്‌കാരത്തിന് അർഹമായത്. ഏതാണ്ട് ഒരു നൂറ്റാണ്ട് കാലത്തെ പരിണാമദശകളിലൂടെ തക്ഷൻകുന്ന് ഗ്രാമത്തിൽ ജീവിക്കുന്ന പല മനുഷ്യരുടെ ജീവിതഗതിയിലൂടെ ആ പ്രദേശത്തിന് മനുഷ്യമുഖവും വ്യക്തിത്വവും നൽകുകയാണ് നോവലിസ്റ്റ്. മലബാറിലെ ഒരു നാട്ടിൻപുറത്തിന്റെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ചിത്രം ദീപ്തിമത്തായി ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നു. പൊറ്റെക്കാട്ടിനും തകഴിക്കും ഉറൂബിനും ബഷീറിനും എം. ടി.ക്കും ശേഷം പൂർണ്ണമായും കേരളീയ പരിസരത്തുനിന്നുകൊണ്ട് എഴുതപ്പെട്ട നോവലാണിത്. വയലാർ അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ് എന്നിവയടക്കം ഒട്ടനവധി പുരസ്‌ക്കാരങ്ങൾക്കർഹമായ ഈ നോവൽ 22 പതിപ്പുകൾ പിന്നിട്ടു എന്നത് നോവലിന് മലയാളി വായനാസമൂഹത്തിൽ ലഭിച്ച സ്വീകാര്യതയെയാണ് വെളിവാക്കുന്നത്.  ഒന്നേകാൽ ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 14-03-2026 ശനിയാഴ്ച്ച രാവിലെ11ന് നാട്ടകത്തുള്ള എസ്. പി. സി. എസ്. അക്ഷരം മ്യൂസിയം വളപ്പിൽ വെച്ച് എസ്. പി. സി. എസ്. പ്രസിഡന്റ് അഡ്വ. പി. കെ. ഹരികുമാർ അധ്യക്ഷത വഹിക്കുന്ന  ചടങ്ങിൽ ബഹു. സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി. എൻ. വാസവൻ പുരസ്‌ക്കാരം നൽകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303