04 October, 2021 03:35:11 PM


ഭാര്യാപിതാവിന്‍റെ സ്വത്തില്‍ മരുമകന് അവകാശം ഉന്നയിക്കാനാവില്ല - ഹൈക്കോടതി



കൊച്ചി: ഭാര്യാപിതാവിന്‍റെ സ്വത്തില്‍ മരുമകന് ഒരവകാശവും ഉന്നയിക്കാനാവില്ലെന്നു ഹൈക്കോടതി. ഭാര്യയുടെ പിതാവിന്‍റെ സ്വത്തില്‍ അവകാശമില്ലെന്ന കീഴ്ക്കോടതി വിധിക്കെതിരെ കണ്ണൂര്‍ സ്വദേശി നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് എന്‍ അനില്‍കുമാറിന്‍റെ ഉത്തരവ്.തന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മരുമകന്‍ ഡേവിഡ് റാഫേല്‍ പ്രവേശിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് ഭാര്യാപിതാവ് ഹെന്‍റി തോമസാണ് പയ്യന്നൂര്‍ സബ് കോടതിയെ സമീപിച്ചത്.

ഫാ. ജെയിംസ് നസറേത്ത് തനിക്ക് ഇഷ്ടദാനമായി നല്‍കിയ ഭൂമിയാണെന്നും അതില്‍ വീടു വച്ചത് തന്റെ സ്വന്തം പണം ഉപയോഗിച്ചാണെന്നും ഹെന്‍റി കോടതിയില്‍ പറഞ്ഞു. താന്‍ കുടുംബത്തോടൊപ്പം താമസിച്ചുവരുന്ന വീടാണ് ഇത്. ഇതില്‍ മരുമകന് യാതൊരു അവകാശവും ഇല്ലെന്നും ഹെന്‍റി ചൂണ്ടിക്കാട്ടി.ഹെന്‍റിയുടെ ഏക മകളെ വിവാഹം കഴിച്ചിരിക്കുന്നത് താന്‍ ആണെന്ന് ഡേവിസ് റാഫേല്‍ പറഞ്ഞു. പ്രായോഗികമായി, വിവാഹത്തോടെ താന്‍ ഇവിടെ ദത്തുനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ വീട്ടില്‍ താമസിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് മരുമകന്‍ വാദിച്ചു.

എന്നാല്‍ വിചാരണക്കോടതി ഇതു തള്ളി. ഇതു ചോദ്യം ചെയ്താണ് ഡേവിസ് ഹൈക്കോടതിയെ സമീപിച്ചത്. മരുമകനെ കുടുംബാംഗം എന്ന നിലയില്‍ കണക്കാക്കുന്നതില്‍ പ്രശ്നങ്ങളുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. വിവാഹത്തോടെ വീട്ടില്‍ ദത്തുനില്‍ക്കുകയാണെന്ന മരുമകന്‍റെ അവകാശവാദം ലജ്ജാകരമാണെന്ന് കോടതി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K