25 October, 2021 01:09:10 AM


സ്കൂൾ തുറക്കൽ മാർഗ രേഖ: നടപടികൾ 27 ന് പൂർത്തിയാക്കണം; നവംബർ 1ന് പ്രവേശനോത്സവം



തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ 27ന് മാർഗരേഖ പ്രകാരമുള്ള നടപടികൾ പൂർത്തികരിക്കുമെന്ന് ഹെഡ്മാസ്റ്റർമാരും പ്രിൻസിപ്പൽമാരും ഉറപ്പുവരുത്തണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം ഉറപ്പു വരുത്തി എ ഇ ഒ, ഡി ഇ ഒ വഴി റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കേണ്ടതാണ്.

ഒന്നര കൊല്ലത്തിലേറെയായി അടഞ്ഞുകിടക്കുന്ന സ്കൂളുകൾ പൂർണ്ണമായി ശുചീകരിച്ചുവെന്നും ഇഴ ജന്തുക്കളുടെ സാന്നിധ്യം ഇല്ല എന്നും ഉറപ്പു വരുത്തണം. സ്കൂളുകളിൽ സാനിറ്റൈസർ, തെർമൽ സ്കാനർ, ഓക്സിമീറ്റർ എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അധ്യാപകർക്ക്  ഓരോ ക്ലാസിന്റെയും ചുമതല നൽകണം.

27ന് പിടിഎ യോഗം ചേർന്ന് ക്രമീകരണം  വിലയിരുത്തണം. യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിക്കണം. ഉച്ച ഭക്ഷണം പാചകം ചെയ്യാനും വിതരണം ചെയ്യാനുമുള്ള ചുമതല നിശ്ചയിക്കണം.

കുട്ടികൾക്ക് ഹോമിയോ പ്രതിരോധ മരുന്നു കൊടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം. ഒരു സ്കൂളിൽ ഒരു ഡോക്ടറുടെ സേവനം എങ്കിലും ഉറപ്പുവരുത്തണം.

പ്രവേശനോത്സവം

കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് വിദ്യാർത്ഥികളെ വരവേൽക്കാൻ ഓരോ സ്കൂളിലും സംവിധാനമുണ്ടാകണം. സ്കൂളിന്റെ പ്രധാന കവാടത്തിൽ നിന്ന് അധ്യാപകരും തദ്ദേശസ്ഥാപന പ്രതിനിധികളും കുട്ടികളെ വരവേൽക്കണം. സ്കൂൾ അന്തരീക്ഷം ആഹ്ലാദകരവും ആകർഷണീയവും ആക്കാനുള്ള ക്രമീകരണം ഉണ്ടാകണം.

27ന് പി ടി എ യുടെ നേതൃത്വത്തിൽ രക്ഷകർത്താക്കളുടെ ചെറിയ യോഗങ്ങൾ ചേരണം. 27ന് തന്നെ സ്കൂളിൽ ഹെൽപ്പ് ലൈൻ സജ്ജമാക്കുകയും ഇതിന്റെ മേൽനോട്ടത്തിന് ഉത്തരവാദിത്തപ്പെട്ട വ്യക്തികളെ ചുമതലപ്പെടുത്തുകയും വേണം. സ്കൂൾ നിൽക്കുന്ന പരിധിയിൽപ്പെട്ട പോലീസ് സ്റ്റേഷനുമായി ഹെഡ്മാസ്റ്റർമാരും പ്രിൻസിപ്പൽമാരും ആശയവിനിമയം നടത്തണം.

സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഫിറ്റ്നസ് ലഭിക്കാത്ത സ്കൂളുകളിലെ കുട്ടികളെ തൊട്ടടുത്ത സ്കൂളിൽ പഠിപ്പിക്കാൻ ആകുമോ എന്ന് പരിശോധിക്കണം.

അക്കാദമിക മാർഗരേഖ

അക്കാദമിക മാർഗരേഖ രണ്ടുദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും. സ്കൂളിന്റെ പ്രവർത്തനങ്ങൾക്കുള്ള മാർഗരേഖ ആകുമിത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K