21 November, 2021 03:37:51 PM


ഷോർട്സ് ധരിച്ചതിന്‍റെ പേരിൽ ഉപഭോക്താവിന്റെ പ്രവേശനം തടഞ്ഞ് എസ് ബി ഐ ശാഖ



കൊല്‍ക്കത്ത: ഷോർട്സ് ധരിച്ചതിന്റെ പേരിൽ എസ് ബി ഐ ശാഖയിൽ പ്രവേശനം തടഞ്ഞുവെന്ന് യുവാവിന്റെ പരാതി. സംഭവത്തെപ്പറ്റി പറയുന്ന കൊല്‍ക്കത്ത സ്വദേശിയായ ആശിഷിന്റെ ട്വീറ്റ് വൈറലാവുകയാണ്. ഷോര്‍ട്ട്സ് ധരിച്ച്‌ ബാങ്കിലെത്തിയപ്പോള്‍ തടഞ്ഞ ബാങ്ക് ജീവനക്കാര്‍ പാന്റ് ധരിച്ചെത്തണമെന്നാവശ്യപ്പെടുകയായിരുന്നുവെന്ന് ആശിഷ് പറഞ്ഞു.

'എസ്.ബി.ഐ ഉദ്യോഗസ്ഥരോട്, ഇന്ന് നിങ്ങളുടെ ബ്രാഞ്ചില്‍ ഷോര്‍ട്ട്സ് ധരിച്ച്‌ പോയപ്പോള്‍ പാന്റ് ധരിച്ചു വരണമെന്നും, ഉപഭോക്താക്കള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നെന്നുമാണ് എന്നോട് പറഞ്ഞത്,' ആശിഷ് ട്വീറ്റ് ചെയ്തു. ഉപഭോക്താക്കള്‍ എന്ത് ധരിക്കണം, ധരിക്കണ്ട എന്ന് നിങ്ങള്‍ക്ക് പ്രത്യേക നയം വല്ലതുമുണ്ടോ എന്നും ആശിഷ് ചോദിക്കുന്നു.

ഉപഭോക്താവ് ബര്‍മുഡ ഷോര്‍ട്ട്സ് ധരിച്ചെത്തിയതിന്റെ പേരില്‍ 2017 ല്‍ പൂനെയിലും സമാനമായ സംഭവം നടന്നെന്നും ആശിഷ് ചൂണ്ടിക്കാണിച്ചു. ആശിഷിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകള്‍ ട്വീറ്റിനു താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K