07 December, 2021 10:19:36 AM


നഗരസഭ ആര് ഭരിക്കും? പിറവത്ത് ഉപതിരഞ്ഞെടുപ്പ് ഇടത് മുന്നണിക്ക് നിർണ്ണായകം



പിറവം: നഗരസഭ ഇനി ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിർണ്ണായകമായ ഉപതെരഞ്ഞെടുപ്പാണ് പിറവം നഗരസഭയിലെ  പതിന്നാലാം ഡിവിഷനിൽ നടക്കുന്നത്. നഗരസഭ ഭരണത്തിന്റെ ഗതി നിശ്ചയിക്കാൻ ഈ തെരഞ്ഞെടുപ്പ് നിർണ്ണായകമാണ്. ഇരുപത്തിയേഴംഗ നഗരസഭാ കൗൺസിലിൽ ഭരണപക്ഷമായ ഇടത് മുന്നണിക്കും, പ്രതിപക്ഷമായ യു.ഡി.എഫിനും ഇപ്പോൾ 13 സ്ഥാനങ്ങൾ വീതമാണുളളത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇടത് പക്ഷത്തിന് 15-ും യു.ഡി.എഫിന് 12-ും സ്ഥാനങ്ങളായിരുന്നു. മൂന്ന് സ്ഥാനങ്ങളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഇടത് പക്ഷം നഗരസഭാ ഭരണം പിടിച്ചെടുത്തത്.

എന്നാൽ ഇടതുപക്ഷത്തെ ജനതാദൾ അംഗം മിനി സോജന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ചു. ഇതോടെ ഭരണപക്ഷം പതിനാലായി. പതിനാലാം ഡിവിഷനിലെ ഇടത് അംഗം ജോർജ് നാരേക്കാടന്‍റെ ആകസ്മികമായ വേർപാടോടെ ഭരണപക്ഷത്ത് അംഗബലം പതിമൂന്നായി. അഞ്ചാം ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഭരണം യു.ഡി.എഫ്. പിടിച്ചെടുത്തു. ഇതോടെയാണ് ഇരുപക്ഷത്തും അംഗബലം തുല്യമായത്.

ഇടപ്പളളിച്ചിറ സി.എം.എസ്.എല്‍.പി. സ്‌കൂളാണ് വോട്ടെടുപ്പ് കേന്ദ്രം. ചൊവ്വാഴ്ച രാവിലെ 7ന് ഇവിടെ പോളിങ് ആരംഭിച്ചു. വൈകിട്ട് 6ന് അവസാനിക്കും. ആകെ 1154 വോട്ടര്‍മാരുണ്ട് ഇവിടെ, ഇവരില്‍ 612 സ്ത്രീകളും 542 പേര്‍ പുരുഷന്മാരുമാണ്.

മുൻ നഗരസഭയിലെ പതിനേഴാം ഡിവിഷനിൽ നിന്നും വിജയിച്ച പ്രതിപക്ഷ നേതാവ് ഡോ: അജേഷ് മനോഹറെയാണ് ഇടത് മുന്നണി ഡിവിഷൻ നില നിറുത്താൻ രംഗത്തിറക്കിയിരിക്കുന്നത്. എം.ജി. യൂണിവേഴ്സിറ്റി ചെയർമാൻ, തലയോലപ്പറമ്പ് ഡി.ബി. കോളേജ് യൂണിയൻ ചെയർമാൻ, കടുത്തുരുത്തി പോളിടെക്നിക് യൂണിയൻ ചെയർമാൻ, ഡി.വൈ.എഫ്.ഐ. ബ്ലോക്ക്‌ സെക്രട്ടറി, സി.പി.ഐ.എം. ഏരിയ കമ്മിറ്റി അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ സി.പി.ഐ.എം. മുളക്കുളം സൗത്ത് ബ്രാഞ്ച് സെക്രട്ടറിയാണ്. ബിരുദാനന്തര ബിരുദവും സ്പെഷ്യൽ എഡ്യുക്കേഷനിൽ ഡോക്ടറേറ്റുമുണ്ട്.

മുൻ നഗരസഭയിലെ പതിമൂന്നാം ഡിവിഷനിൽ നിന്നും വിജയിച്ച ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അരുൺ കല്ലറയ്ക്കലിനെയാണ് ഡിവിഷൻ പിടിച്ചെടുക്കാൻ യു.ഡി.എഫ്. രംഗത്തിറക്കിയിരിക്കുന്നത്. കെ.എസ്.യു. താലൂക്ക് സെക്രട്ടറിയായി വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വന്ന അരുൺ കല്ലറയ്ക്കൽ 2005ൽ യൂത്ത്‌ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും തുടർന്ന് കോട്ടയം പാർലമെന്റ് മണ്ഡലം സെക്രട്ടറിയുമായി.

ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എയ്ക്ക് കഴിഞ്ഞ തവണ ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയില്ലായിരുന്നു. ബി.ജെ.പി. നഗരസഭാ സമിതി പ്രസിഡന്റ് പി.സി. വിനോദാണ് ഇക്കുറി ജനവിധി തേടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലായിരുന്നുവെങ്കിലും യു.ഡി.എഫില്‍ വിമത പ്രശ്‌നമുണ്ടായിരുന്നതിനാല്‍ അന്ന് ത്രികോണ മത്സരമായിരുന്നു.

നഗരസഭ പതിനാലാം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പിന് ഡിസംബര്‍ എട്ടാം തീയതി ബുധനാഴ്ച വോട്ടെണ്ണും. ഉച്ചയ്ക്ക് മുൻപ് തന്നെ ഫലമറിയാം. നഗരസഭാ ഭരണം ഇടത് മുന്നണി നിലനിർത്തുമോ, അതോ യു.ഡി.എഫ്. പിടിച്ചെടുക്കുമോ എന്ന് അന്നറിയാം. നഗരസഭാ ഭരണത്തെ നിര്‍ണായകമായി ബാധിക്കുന്ന പിറവത്തെ ഉപതെരഞ്ഞെടുപ്പ് സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K