11 December, 2021 03:24:06 PM


കെയുആർടിസി ബസുകൾക്ക് മരണമണി; ഘട്ടംഘട്ടമായി ആക്രി വിലയ്ക്ക് വിൽക്കും



കൊച്ചി: കേരളത്തിലെ നിരത്തുകൾക്ക് അഴകായിരുന്ന കെ യു ആർ ടി സി ബസുകൾക്ക് മരണമണി മുഴങ്ങുന്നു. ഇത്തരം ബസുകൾ സംസ്ഥാന സർക്കാരിന് കടുത്ത ബാധ്യതയാണെന്നും ഘട്ടഘട്ടമായി ഒഴിവാക്കുകയാണെന്നും ഗതാഗതമന്ത്രി തന്നെ അറിയിച്ചു. എറണാകുളം കെ യു ആർ ടി സി ബസ് സ്റ്റാൻ‍ഡിൽ മരണം കാത്തുകഴിയുന്ന എ സി, നോൺ എ സി ബസുകളുടെ അവസ്ഥ നേരത്തെ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നതാണ്.

ബസുകളുടെ ഉളളിലെ ദുരവസ്ഥ ഇതിലെ ജീവനക്കാരും പുറം ലോകത്തെ അറിയിച്ചിരുന്നു. എന്നാൽ കെ എസ് ആർ ടി സിക്ക് വലിയ നഷ്ടമാണ് ഈ ബസുകളെന്നാണ് ഗതാഗതമന്ത്രി ഇപ്പോൾ പറയുന്നത്. ഒരു ലീറ്റർ ഡീസലിന് രണ്ട് കിലോമീറ്ററാണ് കിട്ടുന്നത്.  മിക്കതിനും ഗുണനിലവാരമില്ല. പരിപാലനച്ചെലവ് കൂടുതലാണ്. കൊവി‍ഡ് കാലമായിതിനാൽ എ സി ബസിൽ ആള് കേറുന്നില്ല. തേവരയിലേതടക്കം മിക്ക ബസുകളും ആക്രിവിലയ്ക്ക് പൊളിക്കാൻ ഇട്ടിരിക്കുന്നത്.

രാജ്യത്തെ നഗരവികസനത്തിന്‍റെ ഭാഗമായിട്ടാണ് ജൻറം പദ്ധതി വഴി സൗജന്യമായി സംസ്ഥാനങ്ങൾക്ക് എസി, നോൺ എസി ബസുകൾ നൽകിയത്.  നഗരത്തിനുളളിൽ സർക്കുലർ സർവീസ് എന്നതായിരുന്നു ആശയം. എന്നാൽ കേരളമാകട്ടെ പ്രത്യേക കമ്പനി തന്നെ രൂപീകരിച്ച് ദീർഘദൂര സർവീസുകളും നടത്തി. ഇതു പലപ്പോഴും നിയമപരമായി ചോദ്യം ചെയ്യപ്പെട്ടിരുന്നു. കൊവിഡ് കാലം കഴിയുന്നതോടെ കട്ടപ്പുറത്തായി ഈ ബസുകളിൽ ഭൂരിഭാഗവും.  ഇപ്പോള്‍ ആക്രിവിലയ്ക്ക് വിൽക്കാനാണ് സർക്കാർ നീക്കം. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K