16 December, 2025 07:49:20 PM


ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ: അനധികൃത മദ്യത്തിനെതിരേ പരിശോധന ശക്തമാക്കും



കോട്ടയം: അനധികൃത മദ്യനിർമാണവും വിതരണവും തടയുന്നതിനായി രൂപീകരിച്ചിട്ടുള്ള ജനകീയ സമിതിയുടെ ജില്ലാതല യോഗം ജില്ലാകളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് എക്സൈസ്,പോലീസ് സംയുക്ത പരിശോധന നടത്തണമെന്ന് കളക്ടർ നിർദ്ദേശം നൽകി. പൊതുജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലാവണം പരിശോധനയെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ, താലൂക്ക് അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയിട്ടുള്ളതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.ആർ. അജയ് അറിയിച്ചു. വാഹനപരിശോധനയ്ക്കായി പ്രധാന റോഡുകളിൽ രണ്ടു സംഘങ്ങളെ സജ്്ജമാക്കിയിട്ടുണ്ട്. പോലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധനകൾ നടത്തും.

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഡി.ജെ പാർട്ടികൾ നിരീക്ഷിക്കുമെന്ന് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജെ. തോമസ് പറഞ്ഞു. ക്രിസ്മസിന് മുമ്പായി എല്ലാ നിയോജകമണ്ഡലം തലത്തിലും ജനകീയസമിതി യോഗം ചേരണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ രാഗേഷ് ബി. ചിറയത്ത്, എസ്.ബി. ആദർശ്, കെ.ബി.ബിനു, വി.പി. അനൂപ് എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309