15 December, 2025 01:06:08 PM
ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

കൊല്ലം: ശബരിമല സ്വർണ കൊള്ളയിൽ മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലൻസ് കോടതി തള്ളി. സുധീഷിനല്ല തിരുവാഭരണം കമ്മീഷണർക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗം വാദം. എന്നാൽ ഉദ്യോഗസ്ഥൻ എന്ന നിലയിൽ സുധീഷ് കുമാറിനും പങ്കുണ്ട് എന്നാണ് പ്രോസിക്യൂഷൻ വാദം. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സിജു രാജൻ ഹാജരായി.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ സുധീഷിനും പങ്കുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. . ശില്‍പ്പപാളിയും വാതില്‍പ്പടിയും സ്വര്‍ണം പൂശിയതാണെന്ന് അറിയാമായിരുന്നിട്ടും ചെമ്പുതകിടുകള്‍ എന്ന് എഴുതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ ശുപാര്‍ശക്കത്ത് എഴുതിയത് സുധീഷാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
തകിടുകള്‍ കൊടുത്തുവിട്ടപ്പോള്‍ തയ്യാറാക്കിയ മഹസറുകളില്‍ ചെമ്പുതകിടുകള്‍ എന്നുമാത്രം എഴുതി സ്വര്‍ണം കവരാന്‍ സുധീഷ് കുമാര്‍ സാഹചര്യമൊരുക്കി എന്നതാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. മഹസര്‍ എഴുതിയപ്പോള്‍ സ്ഥലത്തില്ലാതിരുന്ന ഉദ്യോഗസ്ഥരും ഉണ്ടെന്ന് രേഖപ്പെടുത്തിയതും ഇയാളാണെന്നാണ് വിവരം. ഇളക്കിയെടുത്ത പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് നേരിട്ടുകൊടുക്കുന്നു എന്ന് മഹസര്‍ എഴുതിയശേഷം പോറ്റിയുടെ രണ്ട് സുഹൃത്തുക്കളുടെ കൈവശം കൊടുത്തതും സുധീഷായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.







