18 December, 2025 09:22:05 AM


'പോറ്റിയെ കേറ്റിയെ'; മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ ഉപയോഗിച്ച് പോസ്റ്റുകൾ; ഉറവിടം കണ്ടെത്താൻ മെറ്റയ്ക്ക് കത്തയച്ച് പൊലീസ്



തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' ഗാനത്തിനെതിരായ കേസില്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് മെറ്റയ്ക്ക് കത്തയച്ച് പൊലീസ്. ഗാനം ദുരുപയോഗം ചെയ്തവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. ഗാനത്തില്‍ മുഖ്യമന്ത്രിയുടെ ചിത്രവും ദൃശ്യങ്ങളും ഉപയോഗിച്ച് പ്രചാരണം നടന്നിരുന്നു. കേസെടുത്തതോടെ പോസ്റ്റുകള്‍ ഡിലീറ്റാക്കി. ഈ പോസ്റ്റുകളുടെ ഉറവിടം കണ്ടെത്താനാണ് കത്തയച്ചത്. ഗാനത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കാനാണ് സാധ്യത.

'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തില്‍ പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. കേസില്‍ ഗാനരചയിതാവ് ഉള്‍പ്പെടെ നാല് പേരെയാണ് പ്രതി ചേര്‍ത്തത്. ഗാനരചയിതാവ് ജി പി കുഞ്ഞബ്ദുളള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍. മതവികാരം വൃണപ്പെടുത്തിയതിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കിയതിനുമാണ് കേസ്. ഗാനരചയിതാവിന്റെ പേര് ജി പി കുഞ്ഞബ്ദുള്ള എന്നാണെങ്കിലും എഫ്ഐആറില്‍ പേര് രേഖപ്പെടുത്തിയിരിക്കുന്നത് കുഞ്ഞുപിള്ള എന്നാണ്.

'പോറ്റിയേ കേറ്റിയെ' എന്ന പാരഡി പ്രചാരണ ഗാനത്തിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി ഡിജിപി റവാഡ ചന്ദ്രശേഖറിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. അയ്യപ്പഭക്തി ഗാനത്തെ അവഹേളിക്കുന്നതാണ് പാരഡി ഗാനമെന്നും അത് ഭക്തര്‍ക്ക് വേദന ഉണ്ടാക്കിയെന്നുമാണ് പരാതിയില്‍ പറയുന്നത്. പോറ്റിയേ കേറ്റിയേ സ്വര്‍ണം ചെമ്പായ് മാറിയെ എന്ന പാരഡി ഗാനം തദ്ദേശ തെരഞ്ഞെടുപ്പിലുടനീളം യുഡിഎഫ് വ്യാപകമായി പ്രചാരണ പരിപാടികളില്‍ ഉപയോഗിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 952