15 December, 2025 10:39:49 AM


കെഎസ്ആർടിസി ബസിൽ ദിലീപിന്‍റെ സിനിമ ഇട്ടതിൽ പ്രതിഷേധം; കണ്ടക്ടർ ടിവി ഓഫ് ചെയ്തു



തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിന്റെ പേരിൽ തർക്കവും പ്രതിഷേധവും. തിരുവനന്തപുരം - തൊട്ടിൽപാലം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസില്‍ ശനിയാഴ്ച വൈകീട്ടാണ് പ്രതിഷേധമുണ്ടായത്. പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ ശേഖർ ആണ് ബസ്സിനുള്ളിൽ ആദ്യം പ്രതിഷേധം അറിയിച്ചത്. പിന്നാലെ ഭൂരിഭാഗം യാത്രക്കാരും ഇവരെ അനുകൂലിച്ചു. തുടർന്ന് കണ്ടക്ടർക്ക് സിനിമ ഓഫ് ചെയ്യേണ്ടിവന്നെന്നും യാത്രക്കാരി പറഞ്ഞു. എന്നാൽ യാത്രക്കാരിൽ ചിലർ ദിലീപിന് അനുകൂലമായി നിലപാടെടുത്തു. ഇതോടെയാണ് തർക്കം ഉടലെടുത്തത്.

ബസിൽ കയറി ഇരുന്നപ്പോൾ മകനാണ് പറഞ്ഞത് അമ്മേ ഇതിനകത്ത് ആ വഷളന്റെ സിനിമയാണല്ലോ എന്ന് . ദിലീപിന്റെ പറക്കും തളിക എന്ന സിനിമയായിരുന്നു അത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ സിനിമ കാണാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ കണ്ടക്ടറോട് സിനിമ നിർത്തുകയോ അല്ലെങ്കിൽ അടുത്ത സ്റ്റോപ്പിൽ താൻ ഇറങ്ങിക്കോളാമെന്നും പറഞ്ഞു. അതിജീവിതയോടൊപ്പം നിൽക്കുമ്പോൾ ആ സിനിമ കാണാനാവില്ലെന്നതാണ് തന്റെ നിലപാടെന്നും ലക്ഷ്മി ആർ ശേഖർ പറഞ്ഞു.

ഈ സിനിമ കാണാൻ താല്പര്യമുണ്ടോയെന്ന് ബസിലുണ്ടായിരുന്ന എല്ലാവരോടും ചോദിച്ചിരുന്നു. ഭൂരിപക്ഷം പേരും താല്പര്യമില്ലെന്നാണ് പറഞ്ഞത്. കണ്ടക്ടർ ഇതോടെ സിനിമ നിർത്തിവെച്ചു. എന്നാൽ കോടതിവിധി വന്നിട്ടും എന്തിനാണ് ഇങ്ങനെയെല്ലാം കാണുന്നത് എന്ന് ചോദിച്ചായിരുന്നു ചിലർ തർക്കിച്ചതെന്നും ലക്ഷ്മി ആർ ശേഖർ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937