13 December, 2021 02:39:24 PM


ചാൻസലർ ഭരണഘടനാ പദവിയല്ല; റദ്ദാക്കാൻ പ്രേരിപ്പിക്കരുതെന്ന് കാനംതിരുവനന്തപുരം: സർവ്വകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണർ ആരിഫ് ഖാനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചാൻസലർ പദവി ഭരണഘടനാ പദവിയല്ല. നിയമസഭ പാസാക്കുന്ന ഒരു നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസറായി ഗവർണറെ അവരോധിച്ചത്. വേണമെങ്കിൽ ആ ചാൻസലർ പദവി വേണ്ടെന്ന് വയ്ക്കാൻ  നിയമസഭയ്ക്ക് സാധിക്കുമെന്നും അതിന് തങ്ങളെ നിർബന്ധിക്കരുതെന്നും കാനം രാജേന്ദ്രൻ തുറന്നടിച്ചു. 


വിവിധ സർവ്വകലാശാലകളിലെ വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് കടുത്ത അതൃപ്തിയിലായിരുന്ന ഗവർണറുടെ പരസ്യപ്രതിഷേധത്തിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയുമായി മുഖ്യമന്ത്രി ഇന്നലെ രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവർണർ സർക്കാരിനെതിരെ നടത്തുന്ന നീക്കങ്ങൾ എൽഡിഎഫ് രാഷ്ട്രീയമായി തന്നെ നേരിടും എന്ന് വ്യക്തമാക്കിയുള്ള കാനം രാജേന്ദ്രൻ്റെ പ്രസ്താവന. 


ഗവർണർ പദവി തന്നെ അനാവശ്യമായ ആർഭാടമാണെന്ന് വിശ്വസിക്കുന്ന ഒരു പാർട്ടിയുടെ പ്രവർത്തകനാണ് ഞാൻ. അവരുടെ ചെയ്തികൾ അങ്ങനെ തന്നെയായിരിക്കും എന്ന് സിപിഐ മുൻകൂട്ടി കാണുന്നുണ്ട്. കാർഷിക നിയമവും പൗരത്വനിയമവും പറഞ്ഞ് ഗവർണർ ഇപ്പോൾ എവിടെയെത്തിയെന്ന് കാണുക. മാധ്യമ ശ്രദ്ധ നേടുന്നതിനുള്ള ശ്രമമാണ് ഗവർണറുടേതെന്ന് വിമർശിച്ച കാനം ആശയ വിനിമയം നടത്തുമ്പോൾ രഹസ്യം സൂക്ഷിക്കുക എന്നതാണ് മാന്യതയെന്നും ചൂണ്ടിക്കാട്ടി. ആ മാന്യത ലംഘിച്ചത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് പരസ്യമായി പല കാര്യങ്ങളും പറയേണ്ടി വന്നതെന്നും കാനം പറഞ്ഞു. 


സിപിഐ മുഖപത്രമായ ജനയുഗവും ഇന്ന് ഗവർണർക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. അനാവാശ്യ വിവാദങ്ങളുണ്ടാക്കി വാർത്തകളിൽ ഇടം നേടാനാണ് ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്ന് ജനയുഗത്തിൻ്റെ എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. 


ഇതിന് മുമ്പ് വിവാദമുണ്ടാക്കിയ ഒരു വിഷയത്തിലും ഗവര്‍ണര്‍ക്ക് മേല്‍ക്കൈ നേടാനായില്ലെന്നതുപോകട്ടെ ജനകീയ അഭിപ്രായം അനുകൂലമാക്കുന്നതിനു പോലും സാധിച്ചില്ല. ഇത്രയുമേ ആ പദവിക്ക് അധികാരങ്ങളുള്ളൂ എന്ന് മനസിലാക്കാത്തത് ആരിഫ് മുഹമ്മദ് ഖാന്‍ എന്ന വ്യക്തിയുടെ കുഴപ്പമാണ്. പദവിയുടെയോ സംസ്ഥാന സര്‍ക്കാരിന്റെയോ പിശകല്ല. മന്ത്രിസഭയും ഗവര്‍ണറുമായി വിയോജിപ്പുകള്‍ സ്വാഭാവികമാണ്. പക്ഷേ അത് അനാവശ്യ വിവാദത്തിലേയ്ക്ക് നയിക്കുന്നത് ആശാസ്യമാണോയെന്ന പരിശോധന അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു - എന്നു പറഞ്ഞു കൊണ്ടാണ് ഗവർണറെ വിമർശിച്ചുള്ള എഡിറ്റോറിയൽ അവസാപ്പിക്കുന്നത്. 


സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തെ ഗവർണർക്ക് എതിരെ രംഗത്ത് വന്നിരുന്നു. ചാൻസലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ദുരൂഹമാണെന്നും.ഗവർണർ ഇങ്ങനെ ഒരു നിലപാട് എടുക്കേണ്ട സാഹചര്യം നിലവിൽ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞ കോടിയേരി ഒരു ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.  ''സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ട ആളല്ല ചാൻസലർ. ചാലൻസറുടെ പദവിയിൽ സമ്മർദം ചെലുത്തിയിട്ടുമില്ല. ഗവർണർ തന്നെ ചാൻസലർ പദവിയിൽ തുടരണം എന്നാണ് ആഗ്രഹിക്കുന്നത്. സർക്കാരും ഗവർണറും തമ്മിലുള്ള പ്രശ്നം അവർ തമ്മിൽ തീർക്കുമെന്നും'' കോടിയേരി കൂട്ടിച്ചേർത്തു. 


അതേ സമയം സർവകലാശാലാ വിവാദത്തിൽ അണുവിടപോലും അയയാതെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗവർണർ. ചാൻസലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കിയതോടെ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ആറ് ദിവസമായി ഭരണത്തലവൻ ഇല്ലാത്ത സാഹചര്യമാണ്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു ഫയലുകളും സ്വീകരിക്കരുതെന്ന നിര്‍ദേശമാണ് രാജ്ഭവൻ ഉദ്യാഗസ്ഥര്‍ക്ക് ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്. 


എട്ടാം തീയതിയാണ് ചാൻസിലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഇതിനിടയില്‍ നടന്ന അനുരഞ്ജന നീക്കങ്ങളൊക്കെ തള്ളിയ ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം തുടരുകയാണ്. ചാൻസിലര്‍ പദവി ഒഴിയരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ അത് അംഗീകരിക്കുന്നില്ല. രാഷ്ട്രീയ ഇടപടെല്‍ ഉണ്ടാകില്ലെന്ന വ്യക്തമായ ഉറപ്പ് നല്‍കിയാല്‍ മാത്രമേ തീരുമാനം പുനപരിശോധിക്കൂവെന്നാണ് ഗവര്‍ണ്ണര്‍ പറയുന്നത്. പക്ഷേ തിരുത്തേണ്ട ഒരു തീരുമാനം എടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇതോടെ പ്രശ്നപരിഹാരം നീളുകയാണ്. 


കഴിഞ്ഞ ബുധനാഴ്ച മുതല്‍ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഒരു ഫയലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല.വിസിമാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വിവിധ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട പരാതികള്‍ ഇതൊക്കെ തീര്‍പ്പാക്കേണ്ടത് ചാൻസിലറായ ഗവര്‍ണ്ണറാണ്. സര്‍വകലാശാലകളുടെ ഒരു ഫയലും സ്വീകരിക്കരുതെന്ന് ഗവര്‍ണ്ണര്‍ രാജ്ഭവൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള ഫോര്‍മുലകളൊന്നും തന്നെ സര്‍ക്കാരും മുന്നോട്ട് വയ്ക്കുന്നില്ല. Share this News Now:
  • Google+
Like(s): 2.6K