25 December, 2021 09:24:24 PM


വത്സൻ തില്ലങ്കേരിയുടെ പ്രസംഗം സമൂഹമാധ്യമത്തിൽ; കാമ്പസ് ഫ്രണ്ട് നേതാവിനെതിരെ കേസ്



കണ്ണൂര്‍: ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ പ്രസംഗം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കാമ്പസ് ഫ്രണ്ട് സംസ്ഥാന നേതാവിനെതിരെ പൊലീസ് കേസെടുത്തു. പ്രകോപനവും കലാപവും ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന പേരിൽ കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.എം. മുഹമ്മദ് രിഫക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതിയാണ് കേസ് രജിസ്റ്റർ ചെയ്തത്.


ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലയില്‍ സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സിൽ വെച്ച്  വല്‍സന്‍ തില്ലങ്കേരി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ്  മുഹമ്മദ്  രിഫ ഫേസ്ബുക്കിൽ പങ്കുവച്ചത്. ഈ പ്രസംഗം ഷാനെ കൊലപ്പെടുത്തുന്നതിന് പ്രേരണ നല്‍കുന്നതാണെന്നും ഇയാൾക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് മുഹമ്മദ് രിഫ വീഡിയോ പോസ്റ്റ് ചെയ്തത്. സമൂഹത്തിൽ പ്രകോപനം ഉണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. 


അതേസമയം  എസ്ഡിപിഐ നേതാവ് ഷാന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി കസ്റ്റഡിയിൽ. തൃശൂർ വരന്തരപ്പിള്ളി സ്വദേശിയും ആലുവ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. പ്രതികളെ രക്ഷപെടാൻ സഹായിച്ചവരെന്ന് സംശയമുള്ളവരാണ് ഇവരെന്ന് പൊലീസ് പറയുന്നു. കള്ളായിയിലെ ഒരു വീട്ടിൽ താമസിപ്പിക്കുകയായിരുന്നു ഇവർ. സുധീഷ്, ഉമേഷ് എന്നിവരാണ് പിടിയിലായത്. ഇരുവരും ആർഎസ്എസ് പ്രവർത്തകരാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K