28 December, 2021 09:36:19 PM


'സാമ്പത്തിക തട്ടിപ്പില്‍ പങ്കില്ല; മോന്‍സനുമായുള്ളത് കലാകാരിയെന്ന ബന്ധം' - നടി ശ്രുതി ലക്ഷ്മി



കൊച്ചി: മോന്‍സന്‍ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പില്‍ പങ്കില്ലെന്ന് നടി ശ്രുതി ലക്ഷ്മി. മോന്‍സനുമായി നല്ല സൗഹ്യദമായിരുന്നു ഉണ്ടായിരുന്നത്. തട്ടിപ്പുകാരനായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ലെന്നും ശ്രുതി ലക്ഷ്മി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറ്ടറേറ്റിന് മൊഴി നല്‍കി. മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടി ശ്രുതി ലക്ഷ്മിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയത്. 

ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ശ്രുതി ലക്ഷ്മി കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തി. മൊഴിയെടുക്കല്‍ നാലര മണിക്കൂറിലധികം നീണ്ടു നിന്നു. ആറരയ്ക്ക് ശേഷമാണ് വിട്ടയച്ചത്. മോന്‍സന്‍ മാവുങ്കലുമായി എന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിയിട്ടുണ്ടോയെന്ന വിവരങ്ങളാണ് ഉദ്യോഗസ്ഥര്‍ ചോദിച്ചതെന്ന് ശ്രുതി ലക്ഷ്മി പറഞ്ഞു. ഒരു കലാകാരിയെന്ന പരിചയമാണ് മോന്‍സന്‍ മാവുങ്കലുമായി ഉണ്ടായിരുന്നത്. മോന്‍സന്‍ മാവുങ്കലിന്റെ ആവശ്യ പ്രകാരം താന്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. മോന്‍സന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് പ്രോഗ്രാം ചെയ്തിരുന്നു. പിന്നീട് പലയിടങ്ങളിലും പ്രോഗ്രാം ചെയ്തു. തന്റെ സുഹ്യത്തുക്കളെയും പരിപാടികളില്‍ പങ്കെടുപ്പിച്ചു. ഈ പരിപാടികളില്‍ അവസാനം നടത്തിയതിന്റെ പ്രതിഫലം മോന്‍സന്‍ തനിയ്ക്ക് ഇനിയും തരാനുണ്ടെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു.

ഡോക്ടര്‍ ആണെന്നാണ് മോന്‍സന്‍ പറഞ്ഞത്. മുടി കൊഴിച്ചിലിന് ചികിത്സയും ചെയ്തിട്ടുണ്ട്. മറ്റ് പലരും മോന്‍സന്റെ അടുത്തെത്തി ചികിത്സ തേടിയിരുന്നതായും ശ്രുതി പറഞ്ഞു. മോന്‍സന്‍ മാവുങ്കല്‍ ഒരിയ്ക്കല്‍ പോലും മോശമായി പെരുമാറിയിട്ടില്ല. ആരും അത്തരത്തില്‍ പരാതിയും ഉന്നയിച്ചിട്ടില്ലെന്നും ശ്രുതി പറഞ്ഞു. മോന്‍സന്റെ വീട്ടില്‍ പല പ്രമുഖരും എത്തിയിരുന്നു. അവരോടൊക്കെ മോന്‍സനുള്ള ബന്ധം നേരില്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ തനിയ്ക്കും സംശയം തോന്നിയില്ലെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു.

മോന്‍സന്‍ മാവുങ്കലിന്റെ ജന്മദിനത്തില്‍ ശ്രുതി ലക്ഷ്മിയുടെ നേത്യത്വത്തില്‍ ന്യത്തം ചെയ്തിരുന്നു. പ്രോഗ്രാമിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വലിയ തോതില്‍ പ്രചരിയ്ക്കുകയും ചെയ്തു. മോന്‍സനുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന ആരോപണം നേരത്തെ ശ്രുതി ലക്ഷ്മി നിഷേധിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരമായിരുന്നു മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്. മോന്‍സന്‍ മാവുങ്കലിനെതിരെ 4 കേസുകളില്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെ 12 കേസുകളാണ് ക്രൈംബ്രാഞ്ച് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K