30 December, 2021 04:15:34 PM


വടക്കൻ പറവൂരിലെ യുവതിയുടെ മരണം; ഇളയ സഹോദരിക്കായി തിരച്ചില്‍ തുടരുന്നു



കൊച്ചി: വടക്കൻ പറവൂരിൽ യുവതി വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഇളയ സഹോദരി ജിത്തുവിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ജിത്തു ഓടിപ്പോവുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മരിച്ച വിസ്മയയുടെ മൊബൈൽഫോൺ, വീട്ടിൽ നിന്ന് പോയ ശേഷം ജിത്തു ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് സ്വിച്ച് ഓഫാക്കി.


ഫോൺ ലൊക്കേഷൻ കണ്ടെത്താനാകാത്തതാണ് പൊലീസിന് വെല്ലുവിളി. സംഭവം നടക്കുമ്പോള്‍ വീട്ടിൽ വിസ്മയയും സഹോദരി ജിത്തുവും മാത്രമെ ഉണ്ടായിരുന്നുള്ളു. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്ന ജിത്തുവിനെ, നേരത്തെയും രണ്ട് തവണ കാണാതായിരുന്നു. നിലവിൽ റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാന്റുകളും കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന. ഇവരുടെ വീട്ടില്‍ കണ്ട ചോരകറ എങ്ങനെയുണ്ടായി എന്നതും പൊലീസ് അന്വേഷിക്കും. 


വടക്കൻ പറവൂർ പെരുവാരം പ്രസാദത്തിൽ ശിവാനന്ദൻ വീട്ടിൽ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മക്കളിൽ ഒരാളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. മരണത്തിന് പിറകെ ഇരട്ട സഹോദരികളിൽ ഒരാൾ അപ്രത്യക്ഷയായത് മരണത്തിലെ ദുരൂഹതയിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു. പൂർണ്ണമായും കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിയാനായില്ല. മൃതദേത്തിലുണ്ടായിരുന്ന മാലയുടെ ലോക്കറ്റും  മാതാപിതാക്കളുടെ മൊഴിയും  അടിസ്ഥാനപ്പെടുത്തിയാണ് മരിച്ചത് മൂത്ത മകൾ വിസ്മയ എന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. എങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധന നടത്തും.


ശിവാനന്ദൻ, ഭാര്യ ജിജി, പെൺമക്കളായ വിസ്മയ , ജിത്തു എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്. ജിത്തു രണ്ട് മാസമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. ഡോക്ടറെ കാണാൻ  ശിവാനന്ദനും ജിജിയും പുറത്തുപോയ സമയത്താണ് സംഭവം. 12 മണിയോടെ മൂത്തമകൾ വിസ്മയ ഇവരെ വിളിച്ച് എപ്പോൾ വരുമെന്ന് തിരക്കിയിരുന്നു. മൂന്ന് മണിയോടെ വീടിനകത്ത് നിന്നു പുക ഉയരുന്നത് കണ്ട അയൽവാസികളാണു വിവരം പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്.


പൊലീസ് എത്തിയപ്പോൾ വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മുൻവശത്തെ വാതിൽ തുറന്നു കിടന്നിരുന്നു. വീടിന്റെ രണ്ട് മുറികൾ പൂർണമായി കത്തിനശിച്ചിരുന്നു. അതിൽ ഒന്നിലാണ് മൃതദേഹം കണ്ടത്. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മുറിയുടെ വാതിൽക്കൽ രക്തം വീണിട്ടുണ്ട്. മണ്ണെണ്ണയുടെ ഗന്ധവുമുണ്ട്. മത്സ്യ വിൽപ്പനക്കാരനാണ്  ശിവാനന്ദൻ. വിസ്മയ ബിബിഎയും ജിത്തു ബിഎസ് സിയും പൂർത്തിയാക്കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K