04 January, 2022 12:23:02 PM


തനിക്കെതിരായ അഭിമുഖത്തിന് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥൻ; പരാതിയുമായി ദിലീപ്



കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷനെതിരെ പരാതിയുമായി നടൻ ദിലീപ് രം​ഗത്ത്. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപെടുത്തലിന് പിന്നിൽ പ്രോസിക്യൂഷൻ ആണെന്ന് ദിലീപ് ആരോപിക്കുന്നു. ഡിജിപി, ക്രൈംബ്രാഞ്ച് എഡിജിപി എന്നിവർക്കാണ് ദിലീപ് പരാതി നൽകിയിരിക്കുന്നത്.

കോടതിയിലെ കേസ് അട്ടിമറിക്കാനാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ അഭിമുഖം വഴി ശ്രമിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് അഭിമുഖത്തിന് പിന്നിലെന്നും ദിലീപ് ആരോപിച്ചു. ബൈജു പൗലോസിന്‍റെ ഫോണ്‍ കോള്‍, വാട്സാപ്പ് ഡീറ്റെയ്ല്‍സ് പരിശോധിക്കണം. തുടരന്വേഷണത്തില്‍ എതിര്‍പ്പില്ല, അന്വേഷണം ബൈജു പൗലോസിനെ ഏല്‍പിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു.

202 -ാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതിന്‍റെ തലേ ദിവസം ആണ് പരാതി രൂപപ്പെട്ടതെന്ന് ദിലീപ് ആരോപിച്ചു. വിസ്താരം നടന്നിരുന്നെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന്‍റെ കണ്ടെത്തൽ തകരുമായിരുന്നു. പ്രോസിക്യൂട്ടറെ രാജി വെപ്പിച്ചത് വിസ്താരം അനാവശ്യമായി നീട്ടാനാണ്. ബാലചന്ദ്രകുമാറിന്‍റെ പരാതിയിൽ തുടരന്വേഷണം നടത്തുന്നതിൽ എതിർപ്പില്ല. ഗൂഢാലോചന നടത്തിയ ബൈജു പൗലോസിനെ അന്വേഷണം ഏല്പിക്കരുത് എന്നും ദിലീപ് പരാതിയിൽ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K