24 March, 2022 08:06:13 PM


എമിഗ്രേഷൻ ഉദ്യോഗസ്ഥൻ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവാവ് അറസ്റ്റിൽ



കൊച്ചി:എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റില്‍. കോട്ടയം തിരുവാര്‍പ്പ് ചേറുവിള വീട്ടില്‍ ബിനുരാജിനെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശി അജിത് കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. അജിത് കുമാറിന് എയര്‍പോര്‍ട്ടില്‍ ഡ്രൈവറുടെ സ്ഥിരം ജോലി വാഗ്ദാനം ചെയ്ത് പല പ്രാവശ്യമായി ഇരുപതിനായിരം രൂപ വാങ്ങി പറ്റിക്കുകയായിരുന്നു.

ജോലി നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയവരെ എയര്‍പോര്‍ട്ടിന് സമീപമുള്ള ലോഡ്ജുകളില്‍ താമസിപ്പിക്കും. ഇവരെ ലോഡ്ജില്‍ നിര്‍ത്തി എയര്‍പോര്‍ട്ടില്‍ ഉദ്യോഗസ്ഥനെ കണ്ടിട്ടു വരുമെന്ന് പറഞ്ഞ് പോവുകയും, ലീവാണെന്നും മറ്റുമുള്ള ഓരോ കാരണങ്ങള്‍ പറഞ്ഞ് തിരികെ വരികയുമാണ് പതിവ്. ജോലി ലഭിക്കാതെ വന്നപ്പോള്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന് പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.

നിരവധി പേരുടെ പക്കല്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയിട്ടുണ്ടെന്നാണ് സൂചന. ഇയാള്‍ കുറച്ച് കാലം എയര്‍പോര്‍ട്ടില്‍ ടാക്‌സി ഡ്രൈവര്‍ ആയിരുന്നു. എമിഗ്രേഷനിലാണ് ജോലി എന്നാണ് പറഞ്ഞിരുന്നത്. ഇന്‍സ്‌പെക്ടര്‍ പി.എം ബൈജു, എസ്.ഐ പി.പി.സണ്ണി, എസ്.സി.പി.ഒ നവീന്‍ ദാസ്, സി.പി. ഒ പി.ബി.കുഞ്ഞുമോന്‍ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K