03 April, 2022 03:16:58 PM


വീട് ജപ്തി ചെയ്ത് കുട്ടി​കളെ ഇറക്കിവിട്ട സംഭവം; കടബാധ്യത ഏറ്റെടുത്ത് എം.എല്‍.എ



മൂവാറ്റുപുഴ: സഹകരണ ബാങ്ക് വീട് ജപ്തി ചെയ്ത ദലിത് കുടുംബത്തി​ന്‍റെ കടബാധ്യത മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഏറ്റെടുത്തു. മാതാപിതാക്കള്‍ ആശുപത്രിയില്‍ കഴിയുന്നതിനിടെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട കുട്ടികളെ എം.എല്‍.എയുടെ നേതൃത്വത്തില്‍ വാതില്‍ തകര്‍ത്ത് തിരികെ പ്രവേശിപ്പിച്ചിരുന്നു. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കായിരുന്നു കുടുംബത്തിന്‍റെ വീട് ജപ്തി ​ചെയ്തത്. പായിപ്ര പഞ്ചായത്ത് പായിപ്ര എസ്.സി കോളനിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

വലിയപറമ്പില്‍ അജേഷിന്‍റെയും മഞ്ജുവിന്‍റെയും മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള നാലു കുട്ടികളെയാണ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജപ്തി നടപടിയുടെ ഭാഗമായി വൈകീട്ടോടെ ഇറക്കിവിട്ടത്. മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയ ശേഷമേ കുട്ടികളെ ഇറക്കിവിടാവൂ എന്ന് അയല്‍വാസികള്‍ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ പിന്മാറിയില്ല. ഇതോടെ വിവരമറിഞ്ഞെത്തിയ എം.എല്‍.എ, പായിപ്ര പഞ്ചായത്ത് പ്രസിഡന്‍റ് മാത്യൂസ് വര്‍ക്കി എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ കുട്ടികളെ തിരികെ പ്രവേശിപ്പിക്കുകയായിരുന്നു.

ഒന്നര ലക്ഷം രൂപയോളം ബാങ്കില്‍ വായ്പ കുടിശ്ശികയായതിന്‍റെ പേരിലാണ് നടപടി. അജേഷ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പഞ്ചായത്ത് നല്‍കിയ മൂന്ന് സെന്‍റ് സ്ഥലത്ത് നിര്‍മിച്ച വീടിനെതിരെയാണ് ജപ്തി നടപടി ഉണ്ടായത്. എന്നാല്‍ മനുഷ്യത്വരഹിതമായ ഒരു പ്രവര്‍ത്തിയും നടത്തിയിട്ടില്ലെന്നും എം.എല്‍.എ രംഗം വഷളാക്കുകയായിരുന്നുവെന്ന് അര്‍ബര്‍ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K