03 May, 2022 11:07:07 AM


സോളാർ പീഡനക്കേസിൽ പരാതിക്കാരിക്കൊപ്പം സിബിഐ സംഘം ക്ലിഫ് ഹൗസിൽ



തിരുവനന്തപുരം: സിബിഐ സംഘം ക്ലിഫ് ഹൗസില്‍ പരിശോധന നടത്തുന്നു.  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ കേസിലാണ് തെളിവെടുപ്പ് നടക്കുന്നത്.സോളാര്‍ കേസില്‍ തെളിവെടുപ്പ് നടത്താനായാണ് സംഘം ക്ലിഫ് ഹൗസില്‍ എത്തിയിരിക്കുന്നത്. 

2021 ആഗസ്റ്റിലാണ് കേസ് സിബിഐ ഏറ്റെടുത്തത്. കേസില്‍ ആറു പേര്‍ക്കെതിരെയാണ് എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എപി അനില്‍ കുമാര്‍, ഹൈബി ഈഡന്‍, എപി അബ്ദുല്ലകുട്ടി എന്നിവര്‍ക്കെതിരെയാണ് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

കേസില്‍ തൃപ്തികരമായ അന്വേഷണം നടക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് പിണറായി സര്‍ക്കാരാണ് കേസ് സിബിഐയ്ക്ക് വിട്ടത്. നേരത്തെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. സംഭവം നടന്നതായി പരാതിക്കാരി പറഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ്ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.സോളാര്‍ പീഡന പരാതിയില്‍ ഏപ്രില്‍ അഞ്ചിന് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന നടത്തിയിരുന്നു.

നിള ബ്ലോക്കിലെ 33, 34 നമ്പര്‍ മുറികളിലാണ് പരിശോധന നടത്തിയിരുന്നത്. മൂന്ന് മണിക്കൂര്‍ നീണ്ട പരിശോധനയക്ക് ശേഷമാണ് അന്വേഷണ സംഘം മടങ്ങിയത്. പരാതിക്കാരിയെയും കൂട്ടിയാണ് സിബിഐ പരിശോധനയക്കായി ഹോസ്റ്റലില്‍ എത്തിയത്. എംഎല്‍എ ഹോസ്റ്റല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പരാതിക്കാരിയായ യുവതിയും സിബിഐ സംഘത്തിനൊപ്പം എത്തിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K