18 May, 2022 04:19:09 PM


ഉപതിരഞ്ഞെടുപ്പ്:‌ എൽഡിഎഫിന് മുൻതൂക്കം; തൃപ്പൂണിത്തുറയിൽ കേവലഭൂരിപക്ഷം നഷ്ടമായി



തിരുവനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഫലം അറിവായപ്പോൾ ഇടത് മുന്നണിക്ക് മുൻതൂക്കം. 24 വാര്‍ഡുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ 12 വാര്‍ഡുകൾ യുഡിഎഫ് നേടി. ആറിടത്ത് ബിജെപിക്കും വിജയിക്കാനായി.

വലിയ വിജയത്തിനിടയിലും തൃപ്പൂണിത്തുറയിൽ ഇടത് മുന്നണിക്ക് കേവല ഭൂരിക്ഷം നഷ്ടമായി. തൃപ്പുണിത്തുറ നഗരസഭയിൽ രണ്ട് സീറ്റുകൾ എൻഡിഎ പിടിച്ചെടുത്തതോടെയാണ് എൽഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായത്. വെളിനെല്ലൂരിൽ യുഡിഎഫ് ഇടതിന്റെ സീറ്റ് പിടിച്ചെടുത്തു. ഇതോടെ പഞ്ചായത്ത് ഭരണം ഇടതിൽ നിന്നും യുഡിഎഫിന് ലഭിച്ചു. 

കൊറ്റനാട് നറുക്കെടുപ്പിലൂടെ ഭരണം ഇടതിന് ലഭിച്ചു. മുഴപ്പിലങ്ങാട് പഞ്ചായത്തിലും ഇടത് മുന്നണി ഭരണം നിലനിർത്തി. നെടുമ്പാശേരി പഞ്ചായത്തിലെ 17 വാർഡ് യുഡിഎഫ് തന്നെ നേടിയതോടെ ത്രിശങ്കുവിലായിരുന്ന പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി. കൊച്ചി കോർപ്പറേഷനിലെ 62 ആം ഡിവിഷനിൽ ബിജെപി വിജയിച്ചു. 

ബി.ജെ.പിയിലെ പത്മജ എസ് മേനോൻ 77 വോട്ടുകൾക്കാണ് സീറ്റ് നിലനിർത്തിയത്. .യുഡിഎഫിന്റെ കുത്തകയായിരുന്ന ഈ സീറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ബിജെപി പിടിച്ചെടുത്തത്. എന്നാൽ കൗൺസില‍‍ര്‍ പിന്നീട് മരണപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. 

വാരപെട്ടി പഞ്ചായത്ത് മൈലൂർ വാർഡ് യുഡിഎഫും നിലനിർത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ഹുസൈൻ 25 വോട്ടുകൾക്ക് വിജയിച്ചു. എറണാകുളം കുന്നത്തുനാട് പഞ്ചായത്തിലെ 11 ആം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് എൽഡിഎഫ്‌ പിടിച്ചെടുത്തു. 

എൽഡിഎഫ് സ്ഥാനാർഥി എൻ.ഒ ബാബു 139 വോട്ടിന് വിജയിച്ചു. യു.ഡി.എഫ് കൗൺസില‍ര്‍ മരിച്ചതിനെത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എൽഡിഎഫിന്റെേത് മികച്ച വിജയമാണ്. ഇത്തവണ ട്വന്റി ട്വന്റി രണ്ടാമതെത്തിയപ്പോൾ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K