11 July, 2016 08:14:01 PM


മറ്റു മന്ത്രിമാരും മാതൃകയാക്കണം ഈ മന്ത്രിയെ ...




സംസ്ഥാനത്തുടനീളമുള്ള എൻജിനീയർമാരെ തിരുവനന്തപുരത്തു ഒരു മീറ്റിംഗിനു പൊതുമരാമത്തു മന്ത്രി വിളിച്ചാൽ അതൊരു വാർത്തയാവില്ല.  എന്നാൽ കഴിഞ്ഞ ദിവസ൦ പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ അങ്ങനെ ഒരു മീറ്റിംഗ് വിളിച്ചു കൂട്ടിയത് ഒരു നല്ല വാർത്തയായി.

സാധാരണ ഇത്തരം മീറ്റിംഗുകള്‍ തുടങ്ങാൻ തന്നെ വൈകും. തുടക്കത്തിൽ  മന്ത്രി വന്നു കുറച്ചു കാര്യങ്ങൾ സംസാരിച്ചു പോകും... പിറകെ പങ്കെടുത്തവരും പോകും... പങ്കെടുക്കുന്നവരുടെ എണ്ണവും കുറവായിരിക്കും... ചിലപ്പോൾ മീറ്റിംഗ് നേരത്തെ കഴിയും... അല്ലെങ്കിൽ വൈകും... അതായത്  ഒന്നിനും ഒരു വ്യവസ്ഥയും  വെള്ളിയാഴ്ചയും ഉണ്ടായിരിക്കില്ല !

എന്നാൽ ജൂലായ് ഒമ്പതിനു വിളിച്ചു കൂട്ടിയ എൻജിനീയര്‍മാരുടെ യോഗം പലതുകൊണ്ടും ശ്രദ്ധേയവും മാതൃകാപരവുമായിരുന്നു .

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 14 ജില്ലകളില്‍ നിന്നായി 1270 എൻജിനീയര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗമാകട്ടെ പറഞ്ഞതു പ്രകാരം കൃത്യസമയത്തു തന്നെ തുടങ്ങി. സമ്മേളനമാരംഭിക്കും മുമ്പു തന്നെ മന്ത്രി വന്നുവെന്നു മാത്രമല്ല, യോഗം കഴിയുന്നതുവരെ മന്ത്രി അവിടെത്തന്നെയുണ്ടായിരിക്കുകയും ചെയ്തു.. മൂന്നരക്ക് കഴിയുമെന്ന് പറഞ്ഞിരുന്ന മീറ്റിങ് കൃത്യം മൂന്നരയ്ക്ക് തന്നെ തീർക്കുകയും ചെയ്തു.

യോഗത്തിനിടയില്‍ ഒരിക്കല്‍ പോലും മന്ത്രി ഫോണ്‍ ഉപയോഗിച്ചില്ല. ഉടനീളം സജീവമായി പങ്കെടുത്തു. പ്രശ്നങ്ങള്‍ ചോദിക്കുകയും ഉപദേശങ്ങള്‍  നല്‍കുകയും ചെയ്തു. ഒാരോരുത്തരും പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയോടെ കേട്ടു. ഒരു ഭരണാധികാരി എങ്ങനെയായിരിക്കണം  എന്നതിന്‍റെ ഉത്തമ ഉദാഹരണമായി അദ്ദേഹം  പെരുമാറി.

റോഡുകള്‍ സര്‍ക്കാരിന്റെതാണ്. അതൊരിക്കലും കയ്യേറാന്‍ ആരെയും അനുവദിക്കില്ല. കഴിഞ്ഞ കാലങ്ങളില്‍ അങ്ങനെ പലതും സംഭവിച്ചിട്ടുണ്ട്. അതെല്ലാം  അഴിമതിയുടെ പല മുഖങ്ങളില്‍ ഒന്നു മാത്രമായിരുന്നു. ഇത്തരം കാര്യങ്ങളില്‍ എല്ലാവരും എപ്പോഴും ജാഗരൂകരായിരിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു.

സ്ഥലംമാറ്റത്തിനും സ്ഥാനക്കയറ്റത്തിനുമൊക്കെ കൈക്കൂലി. കൈക്കൂലി കൊടുക്കുന്നവര്‍ കൈക്കൂലി വാങ്ങിത്തുടങ്ങി. ഒരേ സ്ഥാനത്തിരിക്കാന്‍ / കസേര കൈവിടാതിരിക്കാന്‍... എന്തിനും ഏതിനും പാര്‍ട്ടിക്കും മന്ത്രിക്കുമൊക്കെ കൈക്കൂലി കൊടുക്കേണ്ട അവസ്ഥ. കാര്യങ്ങള്‍ നടപ്പിലാക്കാന്‍ എന്‍ജിനീയര്‍മാര്‍ക്ക് താഴെ ഓവര്‍സീയര്‍മാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ കുറവുണ്ട് എന്ന പരാതി കൂടി കേട്ടപ്പോള്‍  കഴിഞ്ഞകാല ഭരണത്തിലൂടെ തന്‍റെ വകുപ്പ്  ഇപ്പോള്‍  എവിടെ ചെന്ന് നില്‍ക്കുന്നുവെന്ന് മന്ത്രിക്കു ബോദ്ധ്യമായി.

മീറ്റിങ്ങുകൾ പലതും വഴിപാടുകൾ ആകുന്ന കാലത്താണ് ജി സുധാകരൻ  എന്ന മന്ത്രിയുടെ മാതൃകാപരമായ ഈ  പ്രവൃത്തി. ഇതു നിസ്സാരകാര്യമല്ല. ജി. സുധാകരനെ അടുത്തറിയാവുന്നവർക്കു അദ്ദേഹം വെളിച്ചവും  അഴിമതി ഇരുളുമാണ്. രണ്ടും  ഒരുമിച്ചു വരില്ല. അതുകൊണ്ടാണ് ഏറെ അഴിമതി നടക്കുന്ന പൊതു മരാമത്തു വകുപ്പ് ജി' സുധാകരനു തന്നെ നൽകിയത്. അടിമുടി അഴിമതിയിൽ മുങ്ങിയ വകുപ്പിനെ നന്നാക്കി എടുക്കുവാൻ ഇത്രമേൽ  ഇച്ഛാശക്തിയുള്ള  മറ്റൊരാൾ ഇല്ലെന്നു  പറയാം.

വി എസ് മന്ത്രിസഭയിൽ  സഹകരണമന്ത്രിയായിരുന്നപ്പോൾ ജി സുധാകരൻ പറഞ്ഞ ചില കാര്യങ്ങളുണ്ട്. 

'പാവപ്പെട്ടവർക്കുള്ള  ആനുകൂല്യങ്ങൾ കൊടുക്കാൻ  പ്രതിജ്ഞാബദ്ധമായ ഈ  ഇടതു സർക്കാരിന് അറിയാം. അതും പറഞ്ഞു രാവിലെ  ഒരു ഡയറിയും കക്ഷത്തിൽ വച്ചു പാർട്ടിക്കാർ  ഇറങ്ങി പുറപ്പെടേണ്ട.'. 

'എന്റെ നാട്ടിലൊരു സഹകരണ ബാങ്കുണ്ട്. അവിടം  അഴിമതിയുടെ കൂത്തരങ്ങാണ്.എന്റെ പാർട്ടിക്കാരാ ഭരിക്കുന്നത്. അവരൊന്നും യഥാർത്ഥ മാർക്സിസ്റ്റുകാരല്ല. സാങ്കേതികമായി മാത്രം മാർക്സിസ്റ്റുകാരാണവർ. പാവപ്പെട്ടവരുടെ അധ്വാനത്തിന്റെ സമ്പാദ്യം കൊള്ളയടിക്കുന്ന ഒരുത്തനെയും വെറുതെ വിടില്ല'

മേലെഴുതിയത് ധീരമായി പറഞ്ഞതാണ് ജി സുധാകരന്റെ ആർജ്ജവം. അതുപോലെ 'പാലാ നാരായണൻ നായരെ വിലയിരുത്തുന്നതിൽ ഞങ്ങൾ മാർക്സിസ്റ്റുകാർക്ക്  തെറ്റു പറ്റിയെന്നു പരസ്യമായി പറയുകയാണെ'ന്നും പ്രസംഗിക്കാൻ ഇദ്ദേഹത്തിനേ കഴിയൂ..

പൊതുമരാമത്തു വകുപ്പിലെ അഴിമതി മുച്ചൂടും മുടിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന മന്ത്രിയുടെ പ്രവർത്തനങ്ങൾ മറ്റു മന്ത്രിമാർക്കും മാതൃകയാവുകതന്നെ ചെയ്യുമെന്നാണ് മലയാളികള്‍  പ്രത്യാശിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.6K