25 November, 2016 07:34:51 PM


വിവാദങ്ങള്‍ക്കെല്ലാം അവധി; ദിലീപും കാവ്യയും പറന്നു
പ്രതികരണശേഷിയിൽ മലയാളികളെപ്പോലെ ഇത്ര കണ്ട് ഒന്നാം നിരയിൽ നിൽക്കുന്ന  കൂട്ടർ  ലോകത്തു തന്നെയുണ്ടെന്നു തോന്നില്ല! അത്രകണ്ട് വിശാലമാണ്  അവരുടെ രീതികൾ.

രാജ്യം മുഴുവൻ തള്ളിക്കളഞ്ഞാലും ബന്ദും ഹർത്താലുമൊന്നും മലയാളി നിരാകരിക്കില്ല. പ്രഖ്യാപിക്കാത്ത  താമസം അതിനു സമ്പൂർണ്ണവിജയം നേടിക്കൊടുക്കും. പ്രതികരണശേഷി എന്നാണു അതിനും മറുപടി. ഒരു വാഹന അപകടം ഉണ്ടായാൽ ഡ്രൈവർ  ഓടുന്നത് ഈ പ്രതികരണശേഷി കൊണ്ടാണ്. അപകടപ്പെട്ടവരെ അതേ വാഹനത്തിൽ  ആശുപത്രിയിൽ എത്തിക്കാൻപോലും അനുവദിക്കില്ല! 

ആരെങ്കിലും എന്തെങ്കിലും പ്രസ്താവിച്ചാൽ കേട്ടതുപാതി കേൾക്കാത്തത് പാതി പ്രതികരണം തുടങ്ങും. ചിലപ്പോൾ ആളുകളെ അടിക്കും. ചിലപ്പോൾ വീടുകളും മറ്റും അടിച്ചു തകർക്കും. കാര്യങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്യാൻ അറിയില്ല. വിചാരത്തേക്കാൾ മുന്നിട്ടുനിൽക്കുന്നത് വികാരമാണ്.

ഒരാളെ പട്ടി കടിച്ചെന്നു കേട്ടാൽ പിന്നീട് മറ്റുള്ള പട്ടികളുടെ കഥ കഴിഞ്ഞത് തന്നെ! ഇപ്പോൾ സോഷ്യൽ മീഡിയ കൂടി സജീവമായതോടെ പ്രതികരണക്കാരുടെ എണ്ണവും കൂടിയിരിക്കുന്നു. ഇടതുപക്ഷ കക്ഷികളുടെ സമരങ്ങൾക്ക്  തുടർച്ചയില്ലെന്നു പറയാറുണ്ട്. തുടർ സമരങ്ങൾ അവർക്കില്ല! അതുപോലെ ഈ പ്രതികരണക്കാർക്കും തുടർച്ച കാണുന്നില്ല. ഇപ്പോഴിതൊക്കെ പറയാൻ കാരണം ദിലീപും കാവ്യയുമാണ്.

ഇവർ എപ്പോഴും നിരാകരിച്ചിരുന്നെങ്കിലും ഈ വിവാഹം എല്ലാവരും കാത്തിരുന്നതാണ്. പലരും, പല മാധ്യമങ്ങളും പ്രവചിച്ചിരുന്നതാണ്. ഇതേവരെ അത് സംഭവിക്കാതിരുന്നതിൽ അവർക്കെല്ലാം നിരാശയുമുണ്ടായിരുന്നു. ക്രൈസ്തവർ യേശുവിന്റെ രണ്ടാം വരവിനെ എപ്രകാരം സ്വീകരിക്കുമോ അതുപോലെയായി കാവ്യാ- ദിലീപ് വിവാഹം !!

ഇവരുടെ വിവാഹം കൊണ്ട് മലയാളിക്ക് ലഭിച്ചത് ചര്‍ച്ച ചെയ്യപ്പെടാനായി പുതിയൊരു വിഷയം. രാവിലെ വരെ നടത്തിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും മലയാളി അവധി നല്‍കി. രണ്ടുപേർ കൂടുന്നിടത്തെല്ലാം ഇപ്പോൾ ഇതാണ് വാർത്ത! ചാനലുകളും മറ്റ് മാധ്യമങ്ങളും എല്ലാം മാറ്റിവെച്ച് ഇവരുടെ വിവാഹത്തിന്‍റെ പിന്നാലെയായി. നോട്ടു വിവാദവും തുടര്‍ന്നുണ്ടായ പ്രതിഷേധവും വരാനിരിക്കുന്ന ഹര്‍ത്താലുമെല്ലാം ഒരു ദിവസത്തേക്കാണെങ്കില്‍ പോലും മലയാളികള്‍ മറന്നു. അവസാനം സംഭവിച്ചതോ, ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നതിനിടെ നവദമ്പതികള്‍ രാജ്യം വിട്ടു. മലയാളികളോ വീണ്ടും ഒരു വിഢിവേഷം അണിഞ്ഞു. 

നോട്ടു വിവാദം വന്നപ്പോൾ കൈവിട്ടു കളഞ്ഞ തെരുവുനായ്ക്കൾ ഇപ്പോൾ വഴിയാധാരമാണ്. അവർക്കു കടിക്കാൻപോലും ഒരാളെ കിട്ടുന്നില്ല! സത്യത്തിൽ ഇന്ന് പ്രധാനമന്ത്രിയെ പ്രതികരണക്കാർ സ്വതന്ത്രനാക്കിയ ദിനമാണ്. എല്ലാവരും വിവാഹത്തിന് പിന്നാലെയാണ്. വിവാഹം കാരണം ഇല്ലാതായ പ്രശ്നങ്ങൾ നിരവധിയാണ്. തെരുവുനായകടി, നോട്ടുവിവാദം, മാവോയിസ്റ് ആക്രമണം, മണിയാശാന്‍റെ ആസ്തി ബാധ്യതകൾ, മോഹൻലാലിന്‍റെ സന്ദേശം, സഹകരണ ബാങ്കുകളുടെ ഭീതി, തിങ്കളാഴ്ചത്തെ രാജ്യവ്യാപകപ്രതിഷേധം, അതിനിടെ സംസ്ഥാനത്തു മാത്രം നടത്തുന്ന ഹർത്താൽ ....

ഇത്തരം ഏഴാംകിട വൈകാരിക സംഭവങ്ങൾ കൊണ്ടാടിയാൽ രാജ്യത്തു എന്ത് ഭീകരസംഭവവും നടത്താം, ആരും ശ്രദ്ധിക്കില്ല എന്നു വരുന്നത് രാജ്യത്തിന് ഭൂഷണമാണോ എന്ന് തീരുമാനിക്കേണ്ട കാലം വിദൂരമല്ല! മുഖ്യധാരാ മാധ്യമങ്ങൾ പോലും ഇതിനെ ആഘോഷിക്കുന്നത് കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്!Share this News Now:
  • Google+
Like(s): 9K