11 May, 2017 10:15:16 PM


അഖില കേരള സ്കൂള്‍ റാങ്കിംഗ് ക്വിസ് ചാമ്പ്യന്‍ഷിപ്പ് 13ന് ആനയ്ക്കലില്‍




കോട്ടയം: ക്വിസ് മത്സരങ്ങള്‍ക്ക് ഏകീകൃതമാനദണ്ഡവും സംവിധാനവും ഏര്‍പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ (ക്യുഎസ്ഐ) നേതൃത്വത്തില്‍ കോട്ടയം ജില്ലാതല ക്വിസ് മത്സരം ശനിയാഴ്ച ആനയ്ക്കല്‍ സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂളില്‍ നടക്കും.

രാവിലെ 10ന് ആരംഭിക്കുന്ന മത്സരത്തില്‍ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കു പങ്കെടുക്കാം. ഒരു സ്കൂളില്‍ നിന്നും രണ്ടു പേരടങ്ങുന്ന എത്ര ടീമുകള്‍ക്കു വേണമെങ്കിലും പങ്കെടുക്കാം. ഈ വര്‍ഷം പ്ലസ് ടൂ പരീക്ഷ എഴുതിയവര്‍ക്ക് അവസരമില്ല. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞവര്‍ക്ക് പഠിച്ച സ്കൂളിന്‍റെ പ്രതിനിധികളായി പങ്കെടുക്കാം.

ആഗോളതലത്തില്‍ ക്വിസിംഗിന്‍റെ ഔദ്യോഗിക സംഘടനയായ ലണ്ടന്‍ ആസ്ഥാനമായ ഇന്‍റര്‍നാഷണല്‍ ക്വിസിംഗ് അസോസിയേഷന്‍റെ (ഐക്യുഎ) അംഗീകാരത്തോടെയാണ് കേരളത്തില്‍ ക്യുഎസ്ഐ പ്രവര്‍ത്തിക്കുന്നത്. പതിനാല് ജില്ലകളിലും ക്വിസ് റാങ്കിംഗ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നുണ്ട്. ജൂണ്‍ ആദ്യവാരം കോഴിക്കോട് ലോക ക്വിസ് ചാമ്പ്യന്‍ഷിപ്പ് നടത്തും. ജില്ലകളില്‍ മുന്നിലെത്തുന്ന ആദ്യ മൂന്ന് ടീമുകള്‍ക്ക് സംസ്ഥാനതലത്തില്‍ മത്സരം നടക്കും. ഇതിനുശേഷം സ്കൂള്‍ തലത്തിലുള്ള ക്വിസ്റ്റര്‍മാരുടെ ഔദ്യോഗിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

13ന് വയനാട് (ഡിപോള്‍ പബ്ലിക് സ്കൂള്‍, കല്‍പ്പറ്റ), 18ന് കോഴിക്കോട് (സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂള്‍) 20ന് കൊല്ലം (എസ്എന്‍ പബ്ലിക് സ്കൂള്‍) എന്നിവിടങ്ങളിലും ജില്ലാതല ക്വിസ് മത്സരങ്ങള്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് 9400616444, 9895316264 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. E-mail: qsikottayam@gmail.com



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K