പേരൂർ: പയ്യോത്തിൽ ഗോപാലകൃഷ്ണന്‍റെയും കാർത്ത്യായായിനിയുടെയും മകൻ പി. ജി റജിമോൻ (54) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 11ന് പേരൂർ മോഴിശ്ശേരിയില്‍ കുടുംബയോഗം ശ്മശാനത്തിൽ. ഭാര്യ: കട്ടപ്പന തടത്തിപറമ്പിൽ കുടുംബാംഗം അമ്പിളി. മക്കൾ: അഞ്ജന (കാരിത്താസ് ആശുപത്രി, തെള്ളകം), അശ്വതി (വിദ്യാർഥി, ഡൽഹി), അഭിനവ് കൃഷ്ണ (വിദ്യാർഥി).
-
ബംഗളൂരു: മുൻമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (73) അന്തരിച്ചു. ക്യാൻസർ ബാധിതനായി ബംഗളൂരുവിലെ ചിന്മയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. മകൻ ചാണ്ടി ഉമ്മനാണ് മരണവിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.
തൊണ്ടയിലാണ് ക്യാൻസർ ബാധിച്ചത്. സംസ്ഥാന സർക്കാറിന്‍റെ നിർദേശ പ്രകാരം വിദഗ്ധ ഡോക്ടർമാരുടെ സംഘമായിരുന്നു ചികിത്സിച്ചത്. ഏറെക്കാലം പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു. 2004ലാണ് ഉമ്മൻ ചാണ്ടി ആദ്യം മുഖ്യമന്ത്രിയാകുന്നത്. പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയില്‍ എകെ ആന്‍റണി രാജിവെച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടി 2004-2006 കാലഘട്ടത്തിൽ മുഖ്യമന്ത്രിയാകുന്നത്. തുടർന്ന് അഞ്ച് വർഷം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. പിന്നീട് 2011ൽ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി. രണ്ട് സീറ്റിന്‍റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ സർക്കാറിനെ ഉമ്മൻ ചാണ്ടിയുടെ നയതന്ത്ര വൈദഗ്ധ്യമായിരുന്നു അഞ്ച് വർഷം പൂർത്തിയാക്കാൻ സഹായിച്ചത്. ഭരണത്തിന്‍റെ അവസാന നാളുകളിൽ സോളാർ വിവാദം സംസ്ഥാനത്തെ പിടിച്ചുലച്ചു.
ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടി. 1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും 1991-ൽ കെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു. 1982 നിയമസഭാകക്ഷി ഉപനേതാവ്. 1982-86 കാലത്ത് യുഡിഎഫ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു. പ്രതിപക്ഷയോഗം നടക്കുന്നതിനാൽ രാജ്യത്തെ പ്രധാന കോൺഗ്രസ് നേതാക്കൾ ബംഗളൂരുവിലുണ്ട്.
-
കൊച്ചി: കേരള ക്രിക്കറ്റ് ടീം മുന്‍ നായകനും കേരള ക്രിക്കറ്റ് അസോസിയേഷന്‍ അപെക്സ് കൗണ്‍സില്‍ അംഗവുമായ കെ ജയരാമൻ (ജയറാം) അന്തരിച്ചു. എറണാകുളത്ത് ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. 67 വയസായിരുന്നു. ഭാര്യ: രമ ജയരാമന്‍, മകന്‍: അഭയ് ജയരാമന്‍.എണ്‍പതുകളില്‍ കേരള രഞ്ജി ടീമിലെ നിർണായക താരങ്ങളിലൊരാളായിരുന്നു വലംകൈയന്‍ ബാറ്ററായ കെ ജയറാം. 1977നും 1989നും മധ്യേ 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചു.1956 ഏപ്രില്‍ എട്ടിന് എറണാകുളത്തായിരുന്നു കെ ജയരാമന്‍ എന്ന ജയറാമിന്‍റെ ജനനം. 1986-87 സീസണ്‍ രഞ്ജി ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍ നാല് സെഞ്ചുറിയുമായി തിളങ്ങിയ കെ ജയറാം ഇന്ത്യന്‍ ടീം സെലക്ഷന് തൊട്ടരികെ എത്തിയ ആദ്യ കേരള താരമാണ്.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 46 മത്സരങ്ങളില്‍ 5 സെഞ്ചുറിയും 10 അർധസെഞ്ചുറിയുമടക്കം 2358 റണ്‍സ് സ്വന്തമാക്കി. 133 ആണ് ഉയർന്ന സ്കോർ. ദുലീപ് ട്രോഫിയില്‍ സൗത്ത് സോണിനായി കളിച്ചിട്ടുണ്ട്.വിരമിച്ചതിന് ശേഷം കേരള ടീമിന്‍റെ മുഖ്യ സെലക്ടറായി പ്രവർത്തിച്ചു. ദേശീയ ജൂനിയർ സെലക്ഷന്‍ കമ്മിറ്റി അംഗവുമായിരുന്നു. 2010ല്‍ ബിസിസിഐ മാച്ച് റഫറിയുമായി. ആറ് ലിസ്റ്റ് എ മത്സരങ്ങളും രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും നിയന്ത്രിച്ചു.
-
പോർച്ചുഗീസ്: ലോകപ്രശസ്ത എഴുത്തുകാരൻ മിലൻ കുന്ദേര (94) അന്തരിച്ചു. ചെക്ക് ടെലിവിഷനാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെക്ക് ഭാഷയിലും ഫ്രഞ്ച് ഭാഷയിലും കൃതികൾ രചിച്ചിട്ടുണ്ട്. 'ദി അൺബെയറബിൾ ലൈറ്റ്നെസ്സ് ഓഫ് ബീയിങ്', 'ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്', 'ദി ജോക്ക്' തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ.ചെക്കോസ്ലോവാക്യയിലെ സർക്കാർ ഇദ്ദേഹത്തിന്റെ രചനകൾ നിരോധിക്കുകയും 1979-ൽ പൗരത്വം റദ്ദാക്കുകയും ചെയ്തിരുന്നു. 1975 മുതൽ ഫ്രാൻസിലായിരുന്ന മിലൻ കുന്ദേരയ്ക്ക് 1981-ൽ ഫ്രഞ്ച് സർക്കാർ പൗരത്വം നൽകി. 2019 -ൽ ചെക്ക് സർക്കാർ അദ്ദേഹത്തിന്റെ പൗരത്വം തിരിച്ചു നൽകി.1985-ലെ ജറുസലേം പ്രൈസ്, 1987-ൽ യൂറോപ്യൻ സാഹിത്യത്തിനുള്ള ഓസ്ട്രിയൻ സ്റ്റേറ്റ് പ്രൈസ്, 2000-ലെ ഹെർഡർ പ്രൈസ് എന്നിവ അദ്ദേഹത്തിന് ലഭിച്ചു. 2021-ൽ , സ്ലോവേനിയൻ പ്രസിഡന്റ് അദ്ദേഹത്തിനെ ഗോൾഡൻ ഓർഡർ ഓഫ് മെറിറ്റ് നൽകി ആദരിച്ചു.1929-ൽ ചെക്കോസ്ലോവാക്യയിലെ ബ്രണോയിലെ ക്രാലോവോ പോളിലുള്ള പുർക്കിനോവ 6 (6 പുർക്കിനേ സ്ട്രീറ്റ്) എന്ന സ്ഥലത്ത് ഒരു ഇടത്തരം കുടുംബത്തിലാണ് കുന്ദേര ജനിച്ചത്. ചെക്ക് സംഗീതജ്ഞനും പിയാനിസ്റ്റുമായിരുന്ന ലുഡ്‌വിക് കുന്ദേരയാണ് അദ്ദേഹത്തിന്റെ പിതാവ്. ബ്രണോയിലെ ജാനസെക് മ്യൂസിക് അക്കാദമിയുടെ തലവനായിരുന്നു അദ്ദേഹം. മിലാഡ കുന്ദറോവയാണ് അമ്മ.കുട്ടിക്കാലത്ത് തന്നെ പിതാവിൽ നിന്ന് പിയാനോ പഠിച്ച കുന്ദേര പിന്നീട് സംഗീതശാസ്ത്രവും സംഗീത രചനയും പഠിച്ചു. സംഗീതശാസ്ത്രപരമായ സ്വാധീനങ്ങളും അവലംബങ്ങളും നൊട്ടേഷനും അദ്ദേഹത്തിന്റെ കൃതിയിലുടനീളം കാണാം. ചെക്ക് എഴുത്തുകാരനും വിവർത്തകനുമായ ലുഡ്വിക് കുന്ദേര അദ്ദേഹത്തിന്റെ ബന്ധുവാണ്.1950-ൽ എഴുത്തുകാരനായ ജാൻ ട്രെഫുൽക്കയെയും കുന്ദേരയേയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ"പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെ പഠനം തടസ്സപ്പെട്ടു. ഈ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് കുന്ദേര 1967 'ദി ജോക്ക്' എഴുതിയത്.1956-ല്‍ കുന്ദേരയെ പാർട്ടിയിൽ തിരിച്ചെടുത്തിരുന്നു. പിന്നീട് 1970 വരെ അദ്ദഹേം പാർട്ടിയിൽ തുടർന്നു. 1968-ലെ സോവിയറ്റ് അധിനിവേശത്തെ വിമർശിച്ചതിന് പുറത്താക്കപ്പെട്ടതിനെ തുടർന്നാണ് 1975-ൽ അദ്ദേഹം ഫ്രാൻസിലേക്ക് കുടിയേറിയത്.
-
ചങ്ങനാശ്ശേരി: മാന്നാനം കെ ഈ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പാള്‍ റവ ഡോ. ജയിംസ് മുല്ലശ്ശേരിയുടെ മാതാവും ചെത്തിപ്പുഴ വടക്കേക്കര മുല്ലശ്ശേരിയില്‍ പരേതനായ ദേവസ്യ തോമസിന്‍റെ ഭാര്യയുമായ ത്രേസ്യാമ്മ തോമസ് (89) അന്തരിച്ചു. മറ്റു മക്കള്‍ - ലാലി, സണ്ണി, ഡോളി, മേഴ്സി, ഫിലിപ്പ് (ബിസിനസ്), ജെസിമോൾ, മരുമക്കള്‍ - വര്‍ഗീസ് കളരിക്കല്‍ (വെച്ചൂച്ചിറ), റോസമ്മ (കറുകച്ചാല്‍), പരേതനായ സണ്ണി കറുകപ്പള്ളില്‍ (വടക്കേക്കര), ജോസഫ് വര്‍ഗീസ് തത്തംപള്ളില്‍ (ആലപ്പുഴ), സോനു (യുകെ), സി വി ദേവസ്യ കണ്ണാത്ത് (നാലുകോടി - യുഎസ്എ). മൃതദേഹം ചൊവ്വാഴ്ച 12ന് മകള്‍ റോസമ്മയുടെ നാലുകോടിയിലുള്ള വസതിയിലും ബുധനാഴ്ച (ജൂലൈ 12) രാവിലെ വടക്കേക്കരയിലുള്ള കുടുംബവീട്ടിലും കൊണ്ട് വരും. സംസ്കാരം ബുധനാഴ്ച പകല്‍ 2.30ന് വസതിയിലെ ശുശൂഷകള്‍ക്കുശേഷം വടക്കേക്കര സെന്‍റ് മേരീസ് ദേവാലയത്തില്‍.
-
കോലഞ്ചേരി: മാതൃഭൂമി സ്പോർട്സ് ന്യൂസ് എഡിറ്റർ പി.ടി. ബേബി (52) അന്തരിച്ചു. ഇന്ന് വൈകിട്ട് 4.45 ഓടെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു.എറണാകുളം പിറവം സ്വദേശിയാണ്.1996-ൽ മാതൃഭൂമിയിൽ ചേർന്ന ബേബി മാതൃഭൂമിയുടെ കൊച്ചി, കോഴിക്കോട് എഡിഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്. മാതൃഭൂമിക്കു വേണ്ടി ലണ്ടൻ ഒളിമ്പികസ്, 2018 റഷ്യ ലോകകപ്പ് ഫുട്ബോൾ, 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ദേശീയ ഗെയിംസ്, ഐ.പി.എൽ, സന്തോഷ് ട്രോഫി തുടങ്ങിയ മത്സരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
-
കൊല്ലം: പ്രമുഖ സിനിമാ നിർമ്മാതാവും വ്യവസായിയുമായ അച്ചാണി രവി (രവീന്ദ്രനാഥൻ നായർ) അന്തരിച്ചു. രാവിലെ 11:40ന് കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. 90 വയസായിരുന്നു. ജൂലൈ ഒന്നിനാണ് അദ്ദേഹത്തിൻ്റെ നവതി ആഘോഷങ്ങൾ നടന്നത്. തൊട്ടുപിന്നാലെയാണ് വിയോഗം. ദീർഘ നാളായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു.മലയാള സിനിമയെ രാജ്യാന്തര പ്രശസ്തിയിലേക്കുയർത്തിയ നിരവധി സമാന്തര സിനിമകളുടെ നിർമ്മാതാവാണ് അദ്ദേഹം. പി ഭാസ്‌കരൻ, എ വിൻസെന്റ്, ജി അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ ചലച്ചിത്രകാരൻമാരുടെ സിനിമകളെ വളരെയധികം പിന്തുണച്ച സിനിമാ നിർമ്മാതാവായിരുന്നു. 115ഓളം ഫാക്ടറികളുള്ള വൻ സംരംഭമായിരിക്കെയാണ് സിനിമയിലേക്ക് തിരിഞ്ഞത്. 1967ൽ ജനറൽ പിക്ചേഴ്സ് എന്ന പേരിൽ നിർമ്മാണ കമ്പനി ആരംഭിച്ചു.സത്യൻ നായകനായി 1967ൽ പുറത്തിറങ്ങിയ 'അന്വേഷിച്ചു കണ്ടെത്തിയില്ല' ആണ് ആദ്യ ചിത്രം. 1973ൽ പുറത്തിറങ്ങിയ 'അച്ചാണി' എന്ന സിനിമയുടെ പേരിൽ നിന്നാണ് അദ്ദേഹം പിന്നീട് അച്ചാണി രവി എന്ന് അറിയപ്പെട്ടത്. കാഞ്ചന സീത, കുമ്മാട്ടി, തമ്പ്, എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയൻ തുടങ്ങിയവ അദ്ദേഹം നിർമ്മിച്ച പ്രശസ്ത സിനിമകളാണ്. ജനറൽ പിക്ചേഴ്സ് ആകെ 14 സിനിമകൾ നിർമ്മിച്ചു.സിനിമയിലെ സമഗ്ര സംഭാവനയ്‌ക്ക് 2008ൽ ജെ സി ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചു. കശുഅണ്ടി വ്യവസായത്തിലെ മുന്നേറ്റത്തിനും നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
-
മലപ്പുറം: വരയിലെ വിസ്മയം ആർട്ടിസ്റ്റ് നമ്പൂതിരി (98) അന്തരിച്ചു. അസുഖങ്ങളെത്തുടർന്ന് നടുവട്ടത്തെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം അർധരാത്രിയോടെ എടപ്പാൾ ആശുപത്രിയിലും പിന്നീട് മലപ്പുറം കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി 12.21ന് ആണ് മരണം.1925 ൽ പൊന്നാനി കരുവാട്ടില്ലത്താണ് ജനനം. അച്ഛൻ പരമേശ്വരൻ നമ്പൂതിരി, അമ്മ ശ്രീദേവി അന്തർജ്ജനം. ചെറുപ്പത്തിൽ സംസ്കൃതവും അൽപം വൈദ്യവും പഠിച്ചു. കുട്ടിക്കാലം മുതൽ ചിത്രം വരച്ചുതുടങ്ങി. കരിക്കട്ട കൊണ്ട് തറവാട്ടു ചുവരിലും അമ്പലമുറ്റത്തെ മണലിലുമൊക്കെയായിരുന്നു വരയുടെ തുടക്കം.1960 ൽ മാതൃഭൂമിയിൽ ചേർന്നു. എംടിയും വികെഎന്നും അടക്കമുള്ള ഒട്ടുമിക്ക എഴുത്തുകാരുടെയും രചനകൾക്കു വേണ്ടി വരച്ചു. കലാകൗമുദിയിലും സമകാലിക മലയാളത്തിലും ജോലി ചെയ്തിട്ടുണ്ട്. തങ്ങളുടെ കഥകൾക്കും നോവലുകൾക്കും നമ്പൂതിരി തന്നെ വരയ്ക്കണമെന്ന് എംടി അടക്കമുള്ള എഴുത്തുകാർ ആഗ്രഹിച്ചിരുന്നു.അരവിന്ദന്‍റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ഉത്തരായനത്തിന്‍റെ കലാസംവിധാനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കളിമണ്ണിലും ലോഹത്തിലും സിമന്‍റിലും ധാരാളം ശിൽപങ്ങളും ചെയ്തിട്ടുണ്ട്.കേരള ലളിതകലാ അക്കാദമി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവർമ പുരസ്കാരം, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ബാലസാഹിത്യ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു. ഭാര്യ: മൃണാളിനി. മക്കൾ: പരമേശ്വരൻ, വാസുദേവൻ.
-
തൃശ്ശൂർ: സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സായിരുന്നു. തിരൂരിലെ വസതിയിൽ ഉച്ചയ്ക്ക് 12.15 നായിരുന്നു അന്ത്യം.ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ദേവകി നിലയങ്ങോട് സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിച്ച ശക്തമായ സ്ത്രീശബ്ദമായിരുന്നു.75-ആം വയസിൽ പുറത്തിറക്കിയ നഷ്ടബോധങ്ങളില്ലാതെ, ഒരു അന്തർജനത്തിന്‍റെ ആത്മകഥ ഏറെ പ്രസിദ്ധമായ കൃതിയാണ്. 1928 ൽ മലപ്പുറം ജില്ലയിലെ മുക്കുതല പകരാവൂർ മനയിലാണ് ജനനം. അടുത്തിടെ അന്തരിച്ച വിദ്യാഭ്യാസ വിദഗ്ധൻ ചിത്രൻ നമ്പൂതിരിപ്പാട് സഹോദരനാണ്. അന്തരിച്ച ചിന്ത രവി മരുമകനാണ്.
-
ഏറ്റുമാനൂർ : ഏറ്റുമാനൂർ ശക്തിനഗർ റെസിഡന്‍റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്‍റും പാമ്പാടി മാട്ടയിൽ പരേതനായ മത്തായിയുടെ മകനുമായ ഏറ്റുമാനൂർ ശക്‌തിനഗർ പൗർണമിയിൽ പി എം ഏലിയാസ് (അച്ചൻകുഞ്ഞ് - 72) അന്തരിച്ചു. കൊച്ചി എഫ്സിഐ മാനേജറും 23 വർഷം സൺഡേ സ്കൂൾ ഹെഡ്മാസ്റ്ററുമായിരുന്നു. ഭാര്യ: മേലുകാവ് കുടിയാറ്റിൽ കുടുംബാംഗം കെ സി അന്നമ്മ (എസ്ബിടി റിട്ട ഉദ്യോഗസ്ഥ), മക്കൾ: ഹാരിസ് ഏലിയാസ് (ഇൻഫ്രാസ്ട്രക്ച്ചർ ആർക്കിടെക്റ്റ്, സി ജി ഐ, ബാംഗ്ലൂർ), ഡോ ഹണി ഏലിയാസ് (താലൂക്ക് ഹോസ്‌പിറ്റൽ, പീരുമേട് ), മരുമക്കൾ: റിയ ഹാരിസ്, തുരുത്തിയിൽ, തിരുവാങ്കുളം (സോഫ്റ്റ്വെയർ എൻജിനീയർ, ഇൻഫോസിസ്, ബാംഗ്ലൂർ), അജു ജോൺ, അജുഭവന്‍, കൊല്ലം (അസി. പ്രൊഫസർ, മാർ ബസേലിയസ് കോളജ് ഓഫ് എൻജി & ടെക്നോളജി, പീരുമേട്). സംസ്കാരം തിങ്കളാഴ്ച പകൽ 12.30 മണിക്ക് ശക്തിനഗറിലുള്ള സ്വവസതിയിലെ ശുശ്രൂഷയ്ക്കും 1.30 ന് ഏറ്റുമാനൂർ നീണ്ടൂർ റോഡിലുള്ള സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ പൊതുദർശനത്തിനും ശേഷം 3 മണിക്ക് പാമ്പാടി സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് കത്ത്രീഡല്‍ പള്ളിയിൽ.
-
കോട്ടയം: ഏഴ് പതിറ്റാണ്ടിലേറെയായി തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്കും മറ്റ് ആഘോഷ പരിപാടികൾക്കും നേതൃത്വം നൽകിയിരുന്ന തിരുനക്കര ശക്തിഭവനിൽ പി. ദാസപ്പൻ നായർ(89) അന്തരിച്ചു.മലയാള മനോരമ റിട്ട. ഉദ്യോഗസ്ഥനായിരുന്നു. കോട്ടയം പട്ടണത്തിന്‍റെ ആധ്യാത്മിക- സാംസ്കാരിക വേദികളിലെ പരിചിത മുഖമായിരുന്നു ഇദ്ദേഹം. ചങ്ങനാശേരി വാഴപ്പള്ളി പുഴക്കരയ്ക്കൽ കുടുംബാംഗമാണ്. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2ന് മുട്ടമ്പലം എൻഎസ്എസ് ശ്മശാനത്തിൽ.തിരുനക്കര പൂരം ആരംഭിച്ചത് ദാസപ്പൻ നായർ ക്ഷേത്ര ഉപദേശക സമിതിയുടെ പ്രസിഡന്റായിരുന്ന കാലത്താണ്. തിരുനക്കര ക്ഷേത്ര മൈതാനത്തുള്ള അയ്യപ്പ സേവാസംഘം ഓഫീസായിരുന്നു പ്രധാന പ്രവർത്തന കേന്ദ്രം.മലയാള മനോരമ നോൺ ജേണലിസ്റ്റ് എംപ്ലോയീസ് യൂണിയൻ, തിരുനക്കര ക്ഷേത്ര ഉപദേശക സമിതി, കോട്ടയം അയ്യപ്പസേവാ സംഘം, ചട്ടമ്പി സ്വാമി അനുസ്മരണ കമ്മിറ്റി, തിരുനക്കര സൗഹൃദ വേദി തുടങ്ങിയ സംഘടനകളുടെ പ്രസിഡന്‍റായിരുന്നു. തിരുനക്കര എൻഎസ്എസ് കരയോഗത്തിന്‍റെ സെക്രട്ടറിയായി ദീർഘനാൾ പ്രവർത്തിച്ചിരുന്നു.വാഴൂർ പൂവത്തോലിക്കരോട്ട് കുടുംബാംഗവും എൻഎസ്എസ് സ്കൂൾ റിട്ട. അധ്യാപികയുമായിരുന്ന പരേതയായ ടി.ഡി രാധാമണിയമ്മയാണ് ഭാര്യ. മക്കൾ: ഡോ. ഡി. ശക്തികുമാർ (ടോയോ യൂണിവേഴ്സിറ്റി, ജപ്പാൻ), ഡി. ജയകുമാർ (മലയാള മനോരമ, കോട്ടയം). മരുമക്കൾ: നീന (കോട്ടയം) സന്ധ്യ (ഏറ്റുമാനൂർ).
-
തൊടുപുഴ: പ്രമുഖ ഭക്ഷ്യോല്‍പന്ന നിര്‍മാതാക്കളായ ബ്രാഹ്മിൻസ് ഫുഡ്സ് ഗ്രൂപ്പിന്‍റെ സ്ഥാപകനും ചെയര്‍മാനുമായ മണക്കാട് പുതുക്കുളത്ത് ഇല്ലത്ത് വി. വിഷ്ണു നമ്പൂതിരി (മണി-68 ) അന്തരിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10ന് ആണ് അന്ത്യം. സംസ്‌കാരം ഇന്നു വൈകിട്ട് മൂന്നിന് ഇല്ലപ്പറമ്പില്‍.ഭാര്യ: ഇലഞ്ഞി ആലപുരം മഠത്തിൽമന എൻ.മഞ്ജരി. മക്കൾ: ശ്രീനാഥ് വിഷ്ണു (മാനേജിങ് ഡയറക്ടർ, ബ്രാഹ്മിൻസ്), സത്യ വിഷ്ണു ഡയറക്ടർ, ബ്രാഹ്മിൻസ്), മരുമക്കള്‍ മാരാരിക്കുളം ഇടമന ഇല്ലം അര്‍ച്ചന (എക്സിക്യൂട്ടീവ് ഡയറക്ടർ, ബ്രാഹ്മിൻസ്), ഈരാറ്റുപേട്ട വെള്ളൂർ ഇല്ലം ജിതിൻ ശർമ (ഡയറക്ടർ, ബ്രാഹ്മിൻസ്).
-
കൊച്ചി: സിനിമാ സംവിധായകനും പ്രൊഡക്ഷൻ കൺട്രോളറുമായ ബൈജു പറവൂർ (42) അന്തരിച്ചു. പറവൂർ നന്തികുളങ്ങര കൊയ്പാമഠത്തിൽ ശശിയുടെയും സുമയുടെയും മകനാണ്. ശാരീരിക അസ്വസ്ഥതയും പനിയും മൂലം ചികിത്സയിലായിരുന്നു. ഭക്ഷ്യവിഷബാധയെ തുടർന്നാണ് മരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് ആയിരുന്ന ബൈജു ശനിയാഴ്ച കാറിൽ വീട്ടിലേക്ക് മടങ്ങുംവഴി ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതിനുശേഷം അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് കുന്നംകുളത്തുള്ള ഭാര്യവീട്ടിലേക്ക് പോവുകയും അവിടെ ചികിത്സ തേടുകയും ചെയ്തു. അസുഖം കുറയാത്തതിനെ തുടർന്ന് പറവൂരിലെ വീട്ടിലെത്തുകയും ഞായറാഴ്ച കുഴുപ്പിള്ളിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. നില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച പുലർച്ചെ മരിച്ചു.രണ്ടുപതിറ്റാണ്ടായി സിനിമാ രംഗത്ത് സജീവമായ ബൈജു പ്രൊഡക്ഷൻ എക്സിക്യുട്ടീവായും പ്രവർത്തിച്ചിട്ടുണ്ട്. സ്വന്തമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത 'സീക്രട്ട്' എന്ന സിനിമയുടെ റിലീസിങ്ങിന് തയ്യാറെടുത്തുവരുകയായിരുന്നു. ധന്യം, മൈഥിലി വീണ്ടും വരുന്നു, കൈതോലചാത്തൻ അടക്കം 45 സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ചിത്ര. മക്കൾ: ആരാധ്യ, ആരവ്.
-
കോഴിക്കോട്: ചലച്ചിത്ര- നാടക നടന്‍ സി വി ദേവ് (83) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. നൂറിലേറെ സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.സന്ദേശം, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, ഇംഗ്ലീഷ് മീഡിയം, ചന്ദ്രോത്സവം, സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു, മിഴി രണ്ടിലും, നേർക്ക് നേരെ, ഞാന്‍, ഉറുമ്പുകൾ ഉറങ്ങാറില്ല തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
-
ഏറ്റുമാനൂര്‍: അതിരമ്പുഴ കോട്ടയിൽ കെ.എം. ബാബു (64)അന്തരിച്ചു. സംസ്കാരം പിന്നീട്. കോട്ടയം മെഡിക്കൽ കോളേജ്, കുട്ടികളുടെ ആശുപത്രി, ജില്ലാ മെഡിക്കൽ ആഫീസ് കോട്ടയം, ഗവ.ആശുപത്രി പാലാ, താലുക്ക് ആശുപത്രി കൊടുവായൂർ (പാലക്കാട് ) എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. കേരളാ എൻ.ജി.ഒ. അസോസിയേഷന്‍റെ സജീവ പ്രവർത്തനായിരുന്നു. നിലവിൽ കെഎസ്എസ് പി എ അംഗമാണ്.ഭാര്യ: വി.എൻ. പത്മിനി (റിട്ട. ഹെഡ് നെഴ്സ്). മക്കൾ: ഡോ.ഹരികൃഷ്ണ (ഡിഎം കാര്‍ഡിയോളജി സ്റ്റുഡന്‍റ്, ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് തൃശൂര്‍), അജയ് കൃഷ്ണ റ്റിസിഎസ് ബാംഗ്ലൂർ. മരുമകൾ: ഡോ. വിന്ദുജ. എന്‍ സി
-
മൂന്നാർ : പ്രശസ്ത നടൻ പൂജപ്പുര രവി (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മറയൂരിൽ മകളുടെ വീട്ടിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം നടന്ന രവി പൂജപ്പുരവിട്ട് കഴിഞ്ഞ വർഷമാണ് മറയൂരിലേക്ക് താമസംമാറ്റിയത്.നാടകത്തിലൂടെ സിനിമയുടെ ലോകത്തേക്ക് എത്തിയ അഭിനയ പ്രതിഭയായിരുന്നു. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കള്ളൻ കപ്പലിൽ തന്നെ, പൂച്ചയ്ക്കൊരു മൂക്കുത്തി, മുത്താരംകുന്ന് പി.ഒ, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, റൗഡി രാമു തുടങ്ങിയവയാണ് പ്രധാന സിനിമകൾ.എസ്.എൽ.പുരം സദാനന്ദന്റെ ഒരാൾ കൂടി കള്ളനായി എന്ന നാടകത്തിൽ ബീരാൻകുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നു വന്നത്. വേലുത്തമ്പി ദളവയായിരുന്നു ആദ്യചിത്രം. 2016-ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. നിരവധി സീരിയലുകളിലും വേഷമിട്ടു.
-
തൃശൂർ: ദുബായിൽ താമസസ്ഥലത്ത് കുഴഞ്ഞു വീണ യുവതി മരിച്ചു. കരുവാപ്പടി തെക്കേക്കര വെട്ടിയാട്ടിൽ അനിലന്റെ മകൾ അമൃത (23)യാണ് മരിച്ചത്. 35 വർഷമായി ഗൾഫിൽ ബിസിനസ് നടത്തുന്ന അനിലൻ കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം. ആഗസ്തിൽ വിവാഹം നിശ്ചയിച്ചിരുന്ന അമൃത ഒരാഴ്ച മുന്പാണ് നാട്ടിൽവന്ന് തിരിച്ചു പോയത്. മരണകാരണം ഹൃദയസ്തംഭനമാണെന്നാണ് പ്രാഥമിക നിഗമനം. അമ്മ: ഉല്ലേഖ. സഹോദരങ്ങൾ: ലൈഷ്, അക്ഷയ്.
-
ഏറ്റുമാനൂർ : മാടപ്പാട് തുണ്ടത്തിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ ശാന്തമ്മ എം ആർ (80) അന്തരിച്ചു. പൂഞ്ഞാർ മഞ്ഞപ്ലാക്കൾ കുടുംബാംഗമാണ്. മക്കൾ: പ്രദീപ് കുമാർ ഡി, പരേതരായ ദിലീപ് കുമാർ ഡി, വിനോദ് കുമാർ ഡി, മരുമക്കൾ : ഗിരിജാ പ്രദീപ് (തിരുവഞ്ചൂർ), ജിജി ദിലീപ് (പാലാ), ശോഭാ വിനോദ് (കടപ്പൂർ). സംസ്കാരം നാളെ (16/06/2023) രാവിലെ 11 മണിക്ക് മാടപ്പാട്ടെ വീട്ടുവളപ്പിൽ.
-
റിയാദ്: കണ്ണൂര്‍ സ്വദേശിയായ പ്രവാസി സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ചു. അഞ്ചരക്കണ്ടി വേങ്ങാട് ദാറുല്‍ ബറക്കയില്‍ ഹുസൈനാണ് ബവാദിയിലെ താമസ സ്ഥലത്ത് മരിച്ചത്. ഭാര്യ - ബുഷറ ഇരിക്കൂര്‍ മക്കള്‍ - സയാന്‍ മിസ്ഹബ്, മുഹമ്മദ് സഹ്‌സിന്‍, ഫാത്തിമ സഹ്‌റ, ഫൈസാനുല്‍ ഫളില്‍. സഹോദരങ്ങൾ - അബൂബക്കര്‍, അഷ്‌റഫ്, മറിയം ഖദീജ, സുഹ്‌റ, നസീമ.
-
ഏറ്റുമാനൂര്‍: കോട്ടയം മെഡിക്കല്‍ കോളേജ് റിട്ട പ്രൊഫസറും നേത്രരോഗവിഭാഗം തലവനുമായിരുന്ന ഡോ.എസ്. ശേഷാദ്രിനാഥന്‍റെ ഭാര്യാപിതാവ് ഏറ്റുമാനൂര്‍ ശക്തിനഗര്‍ ടെമ്പിള്‍റോഡില്‍ ശിവകൃപയില്‍ എം.എസ്.ലക്ഷ്മണന്‍ (91) അന്തരിച്ചു. ഭാര്യ: സുബ്ബലക്ഷ്മി, ഏകമകള്‍: ജയശ്രീ. സംസ്കാരം ഇന്ന് (ശനി) രാത്രി 8 മണിക്ക് ഏറ്റുമാനൂര്‍ പേരൂര്‍ റോഡിലുള്ള ബ്രാഹ്മണസമൂഹം ശ്മശാനത്തില്‍.
-
പത്തനംതിട്ട : മുതിർന്ന കോൺഗ്രസ് നേതാവും പറക്കോട് പിജിഎംഎച്ച്എസ് മുൻ അധ്യാപകനുമായ കൊടുമൺ ജി. ഗോപിനാഥൻ നായർ (90) അന്തരിച്ചു. എഐസിസി അംഗവും പ്ലാന്റേഷൻ കോർപ്പറേഷൻ മുൻ ചെയർമാനുമായിരുന്നു അദ്ദേഹം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന്.ഭാര്യ: പറക്കോട് പിജിഎം മുൻ പ്രധാന അധ്യാപിക പരതയായ രാധാദേവിയമ്മ. മക്കൾ: ജി.രവികുമാർ (ബിസിനസ്), ജി.ഗീത (റിട്ട. അധ്യപിക, ഇളമണ്ണൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ), പരേതനായ ഹരികുമാർ. മരുമക്കൾ: ഷൈലജ പിള്ള (ദുബായ്). എസ്.യു.കെ ഉണ്ണിത്താൻ (റിട്ട. അസിസ്റ്റന്‍റ് ജനറൽ മാനേജർ, എസ്ബിഐ തിരുവനന്തപുരം). സഞ്ചയനം വ്യാഴം 8.30ന്.
-
തിരുവനന്തപുരം: പ്രമുഖ ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. വെള്ളായണി അർജ്ജുനൻ (90) അന്തരിച്ചു. തിരുവനന്തപുരം സൗകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്‌കാരം ഇന്ന് രാത്രി എട്ടിന് നടക്കും.1933 ഫെബ്രുവരി 10-ന് പൊന്നുമംഗലം കുരുമി കുന്നത്തുവീട്ടിൽ പി ശങ്കരപ്പണിക്കരുടെയും പി നാരായണിയുടെയും മകനായാണ് വെള്ളായണി അർജുനൻ ജനിച്ചത്. നാലു ഭാഷാ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം ഡോക്‌ടറേറ്റും മൂന്ന് ഡി ലിറ്റും നേടി. ആകാശവാണിയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.1975-ൽ സ്റ്റേറ്റ് എൻസൈക്ലോപീഡിയയുടെ ഡയറക്ടറായ ശേഷം എൻസൈക്ലോപീഡിയയെ ജനങ്ങളിൽ എത്തിക്കാൻ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, എം ജി സർവകലാശാല സ്‌കൂൾ ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സയൻസ് ഡയറക്ടർ തുടങ്ങി പല പദവികളും വഹിച്ചു. സർവവിജ്ഞാനകോശം, വിശ്വവിജ്ഞാനകോശം എന്നിവ തയ്യാറാക്കുന്നതിലും മലയാളം മഹാനിഘണ്ടുവിന്‍റെ നിർമാണത്തിലും പങ്കാളിയായി.നാൽപ്പതോളം പുസ്തകങ്ങൾ രചിച്ചു. ഉദയകാന്തി, ഉദ്യാനവിരുന്ന്, ഗവേഷണ മേഖല എന്നീ കൃതികൾ സ്‌കൂൾ-കോളേജ് തലങ്ങളിൽ പാഠപുസ്തകങ്ങളായി. ഇരുപതോളം പുരസ്‌കാരങ്ങളും നേടി. 2008 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.ഭാര്യ: രാധാമണി എ. മക്കള്‍: ഡോ. സുപ്രിയ, സാഹിതി, ഡോ. രാജശ്രീ, ജയശങ്കര്‍ പ്രസാദ്.
-
പാലക്കാട്: ആലുവ തന്ത്രവിദ്യാ പീഠം കുലപതി തന്ത്രരത്‌നം അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. കേരളം, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലെ 350ലധികം ക്ഷേത്രങ്ങളുടെ തന്ത്രിയാണ്. സംസ്കാരം വൈകിട്ട് 5.30ന്. ഭാര്യ : നളിനി, മകൾ രമാദേവി. മരുമകന്‍: മിഥുന്‍ പടിഞ്ഞാറേപ്പാട്.അഴകത്തിന്‍റെ ആത്മാര്‍ത്ഥമായ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് ബ്രാഹ്മണരില്‍ മാത്രം ഒതുങ്ങി നിന്ന പൂജാ, താന്ത്രിക സമ്പ്രദായങ്ങള്‍ പിന്നാക്കവിഭാഗങ്ങളില്‍പ്പെട്ട പൂജാരിമാരിലേക്ക് എത്തിയത്. ജാതിയും ജാതിവിവേചനങ്ങളും ഉച്ചസ്ഥായിയിൽ നിന്ന കാലത്ത് അബ്രാഹ്മണ ജനസമൂഹത്തെ ശ്രീകോവിലുകള്‍ക്ക് അകത്തേക്ക്, ദൈവസന്നിധിയിലേക്ക് ആദരപൂര്‍വം ആനയിച്ച് കയറ്റിയിരുത്തിയ ആളാണ് അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട്. പ്രശസ്തമായ തന്ത്രി കുടുംബത്തില്‍ പിറന്ന്, അതിപ്രശസ്തരായ ഗുരുക്കളില്‍ നിന്ന് തന്ത്രം പഠിച്ച അഴകത്ത് പക്ഷേ, തന്‍റെ ജ്ഞാനം ജാതിഭേദമെന്യേ പകര്‍ന്നു നല്‍കാന്‍ ഒരുമടിയും കാണിച്ചില്ല. വ്യക്തിജീവിതത്തിലും വീട്ടിലും ജാതിയെ അദ്ദേഹം പുറത്തുനിറുത്തി.പട്ടാമ്പിയിലെ അഴകത്ത് മനയ്ക്കല്‍ അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്‍റെയും ശ്രീദേവി അന്തര്‍ജനത്തിന്‍റെയും ഏഴ് മക്കളില്‍ നാലാമത്തെ മകനായി 1950ലാണ് ജനനം. പാരമ്പര്യ ഗുരുകുല വിദ്യാഭ്യാസത്തിനും ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസത്തിനും ശേഷം, 1972ല്‍ ആരംഭിച്ച ആലുവയിലെ തന്ത്ര വിദ്യാപീഠം നടത്തിയ താന്ത്രിക് പഠന കോഴ്‌സിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. തുടര്‍ന്ന് അവിടെത്തന്നെ അധ്യാപകനായി. പിന്നീട് തുടര്‍ച്ചയായി തന്ത്രവിദ്യാ പീഠത്തിന്‍റെ അദ്ധ്യക്ഷന്‍.സംസ്‌കൃതം, തന്ത്രം, വേദങ്ങള്‍ എന്നിവയില്‍ അഗാധമായ പ്രാവീണ്യം നേടിയിട്ടുണ്ട്. കാഞ്ചി കാമകോടി പീഠത്തില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് ലഭിച്ച ആദ്യ വിദ്യാര്‍ത്ഥിയാണ് അദ്ദേഹം. താന്ത്രിക, ക്ഷേത്രാരാധനാ കര്‍മ്മങ്ങള്‍ ബ്രാഹ്മണരില്‍ മാത്രം നിക്ഷിപ്തമായ കാലത്ത് ആ സമ്പ്രദായത്തെ ചോദ്യം ചെയ്ത പി മാധവന്റെ പ്രിയ ശിഷ്യനാണ് തന്ത്രരത്‌നം അഴകത്ത് ശാസ്തൃശര്‍മ്മന്‍. തന്ത്രവിധികള്‍ അബ്രാഹ്മണരെ പഠിപ്പിക്കാന്‍ വേണ്ടി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രത്യേക ശിബിരങ്ങളില്‍ അദ്ദേഗം ആചാര്യനായി.ബ്രാഹ്മണ്യം കര്‍മ്മസിദ്ധമെന്ന പ്രഖ്യാപനം നടത്തിയ പാലിയം വിളംബരത്തിന് മുന്നേ തന്നെ അഴകത്ത് ഈ പാതയിലായിരുന്നു. അബ്രാഹ്മണരെ പൂജാവിധികള്‍ പഠിപ്പിക്കാനായി ആലുവ അദ്വൈതാശ്രമത്തില്‍ കാഞ്ചി ശങ്കരാചാര്യരുടെയും പി മാധവന്‍റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പഠനശിബിരത്തിലും തുടര്‍ന്ന് വര്‍ക്കല ശിവഗിരി മഠത്തിലും കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിലും നടന്ന ശിബിരങ്ങളിലും ആചാര്യസ്ഥാനം വഹിച്ചു.തന്ത്രവിദ്യാപീഠത്തില്‍ വിദ്യാര്‍ത്ഥി ആയിരിക്കെ വയനാട് കാണിയാംപാറ്റയില്‍ ഉള്ള അയ്യപ്പ ക്ഷേത്രത്തിന്‍റെ നവീകരണം നടത്തിയാണ് തുടക്കം. കേരളത്തിന് അകത്തും പുറത്തും നൂറു കണക്കിന് ക്ഷേത്രങ്ങളാണ് ആ മഹായജ്ഞത്തില്‍ ഉയര്‍ന്നുവന്നത്. 1988ല്‍ മാതാ അമൃതാനന്ദമയി ദേവിയുടെ ബ്രഹ്മസ്ഥാനക്ഷേത്രങ്ങളുടെ താന്ത്രിക രൂപകല്‍പ്പന ചെയ്തതും കൊടുങ്ങല്ലൂരില്‍ ആദ്യ ബ്രഹ്മസ്ഥാന പ്രതിഷ്ഠയുടെ താന്ത്രിക ചടങ്ങുകള്‍ നിര്‍വഹിച്ചതും അഴകത്തായിരുന്നു.പൂനെയിലെ നിഗഡി ശ്രീകൃഷ്ണ മന്ദിര്‍, മുംബൈയില്‍ താനേ വര്‍ക്കത്ത്‌നഗര്‍ അയ്യപ്പ ക്ഷേത്രം, നേരുള്‍ അയ്യപ്പ ക്ഷേത്രം, ഗുജറാത്തിലെ ആംഗലേശ്വര്‍ അയ്യപ്പ ക്ഷേത്രം, ബറുച്ചിലെ അയ്യപ്പ, വിഷ്ണു മന്ദിര്‍, സേലം അയ്യപ്പ ക്ഷേത്രം, ബാംഗ്‌ളൂരിലെ അള്‍സൂര്‍ അയ്യപ്പ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നിര്‍വഹിച്ചു.
-
എറണാകുളം: കരള്‍ രോഗബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. ചെറിയ വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തിന് ഗുരുതര കരള്‍ രോഗമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഹരീഷിന്‍റെ ചികിത്സചെലവുകള്‍ക്കായി ധനസഹായം അഭ്യര്‍ത്ഥിച്ച് സുഹൃത്തുക്കള്‍ രംഗത്തുവന്നിരുന്നെങ്കിലും ഹരീഷിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. കരൾ ദാനം ചെയ്യാൻ ഹരീഷിന്റെ സഹോദരി ശ്രീജ തയാറാണെങ്കിലും ചികിത്സയ്ക്കു ഭീമമായ തുക ആവശ്യമായി വന്നിരുന്നു.മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അവതരിപ്പിച്ച നടനാണ് ഹരീഷ് പേങ്ങന്‍
-
ചെന്നൈ: മലയാള ചലച്ചിത്ര മേഖലയിലെ മുതിർന്ന ലെയ്‌സൺ ഓഫീസർ കാർത്തിക് ചെന്നൈ അന്തരിച്ചു . മലയാളത്തിൽ പുറത്തിറങ്ങുന്ന സിനിമകളിൽ ചെന്നൈയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കാർത്തിക്കിന്‍റെ സജീവ സാന്നിധ്യമുണ്ട്. മരണത്തിനു മുൻപും ചെന്നൈയിൽ നടന്ന 'മലൈക്കോട്ടൈ വാലിബൻ' ചിത്രീകരണത്തിൽ പങ്കെടുത്തിരുന്നു.'വളരെ വിഷമത്തോടെയാണ് ഈ മരണവാർത്ത അറിയിക്കുന്നത് ഫെഫ്ക്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ. കാർത്തിക് ചെന്നൈ അന്തരിച്ചു. ഇന്നലെ രാത്രിയും ചെന്നൈയിൽ ചിത്രീകരണം നടക്കുന്ന 'മലൈക്കോട്ടൈ വാലിബനിൽ' വർക്ക് ചെയ്തിട്ട് വീട്ടിലേക്ക് പോയതാണ്. എന്നും വളരെ ഉപകാരിയായ ഒരു സഹപ്രവർത്തകമായിരുന്നു. എന്റെ സിനിമാ ജീവിതം തുടങ്ങുന്നത് മുതൽ 30 വർഷങ്ങളുടെ സൗഹൃദം. ആദരാഞ്ജലികൾ അർപ്പിക്കുന്നു', നിർമാതാവ് ഷിബു ജി. സുശീലൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു."കഴിഞ്ഞ 20 വർഷത്തിലേറെയായി മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള പേര്… ഇറങ്ങുന്ന 85 ശതമാനം സിനിമകളിലും ചെന്നൈ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തിരുന്ന ഒരാൾ.. സിനിമ കാണുന്ന എല്ലാവർക്കും സുപരിചിതനായ പേര്… ലെയ്‌സൺ ഓഫിസർ കാർത്തിക് ചെന്നൈ ഇനിയില്ല!!!" നിർമാതാവ് സി.വി. സാരഥി കുറിച്ചു.
-
ഏറ്റുമാനൂർ: ഇരുപ്പയിൽ രാജു കുര്യൻ (62) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10ന്.
-
ഹൈദരാബാദ്: പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു ശരത് ബാബുവിന്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്. തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവമായിരുന്ന ശരത് ബാബു ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.വിവിധ തെന്നിന്ത്യൻ ഭാഷകളില്‍ 220ഓളം സിനിമകളില്‍ ശരത് ബാബു പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. 1973ല്‍ പ്രദര്‍ശനത്തിനെത്തിയ തെലുങ്ക് ചിത്രം 'രാമ രാജ്യ'ത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. 'അമേരിക്ക അമ്മായി', 'സീതകൊക ചിലക', 'ഓ ഭാര്യ കഥ', 'നീരഞ്‍ജനം' തുടങ്ങിയവയില്‍ ശ്രദ്ധേയങ്ങളായ വേഷങ്ങള്‍ അവതരിപ്പിച്ചു. ശരത് ബാബുവിന്‍റെ ചിത്രമായി ഏറ്റവും ഒടുവില്‍ 'വസന്ത മുല്ലൈ'യാണ് പ്രദര്‍ശനത്തിന് എത്തിയത്.തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ നിറസാന്നിദ്ധ്യമായ ശരത് ബാബു മലയാളത്തിലും നിരവധി മികച്ച വേഷങ്ങള്‍ ചെയ്‍തിട്ടു. 'ശരപഞ്‍ജരം', 'ധന്യ', 'ഡെയ്‍സി', 'ഫോര്‍ ഫസ്റ്റ് നൈറ്റ്‍സ്', 'ശബരിമലയില്‍ തങ്ക സൂര്യോദയം', 'കന്യാകുമാരിയില്‍ ഒരു കവിത', 'പൂനിലാമഴ', 'പ്രശ്‍ന പരിഹാര ശാല' എന്നീ മലയാള ചിത്രങ്ങളിലാണ് ശരത് ബാബു അഭിനയിച്ചു. 'നന്ദു' എന്ന ചിത്രത്തില്‍ സുരേഷിനായി ഡബ് ചെയ്‍തിട്ടുമുണ്ട് അദ്ദേഹം. ദൂരദര്‍ശനില്‍ ഉള്‍പ്പെടെ ഒട്ടേറെ ടിവി പ്രോഗ്രാമുകളുടെയും ഭാഗമായി ശരത്. മൂന്ന് തവണ മികച്ച സഹ നടനുള്ള നന്ദി പുരസ്‍കാരം നേടിയിട്ടുണ്ട്. തമിഴ് നാട് സര്‍ക്കാരിന്‍റെ മികച്ച പുരുഷ ക്യാരക്ടര്‍ ആര്‍ടിസ്റ്റിനുള്ള പുരസ്‍കാരവും ശരത്തിനെ തേടിയെത്തി.
-
ചെന്നൈ: തമിഴ് ടെലിവിഷൻ സീരിയലുകളിൽ അമ്മവേഷങ്ങളിൽ നിറഞ്ഞുനിന്ന മുതിർന്ന നടി വിജയലക്ഷ്മിഅന്തരിച്ചു. 70 വയസായിരുന്നു. വൃക്കരോഗത്തെത്തുടർന്ന് ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ വിജയലക്ഷ്മി പത്തോളം സിനിമകളിൽ ചെറുവേഷങ്ങളിൽ അഭിനയിച്ചു. പിന്നീട് ടെലിവിഷൻ സീരിയലുകളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.വലിയ ജനപ്രീതിനേടിയ 'ഭാരതിക്കണ്ണമ്മ' എന്ന പരമ്പരയിൽ നായികയുടെ മുത്തശ്ശിയുടെ വേഷം അവരെ പ്രശസ്തയാക്കി. ശരവണൻ മീനാക്ഷി, മുത്തഴക്, ഈറമാന റോജാവേ എന്നിവയടക്കം അമ്പതോളം പരമ്പരകളിൽ അഭിനയിച്ചു. വൃക്കരോഗത്തിന് ചികിത്സയിലിരിക്കേ വിജയലക്ഷ്മിക്ക് വീണുപരിക്കേറ്റിരുന്നെന്ന് ബന്ധുക്കൾ അറിയിച്ചു.
-
കൊച്ചി: ചിത്രം, വന്ദനം തുടങ്ങി മലയാളത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരു പിടി ചിത്രങ്ങള്‍ സമ്മാനിച്ച നിർമാതാവ് പി കെ ആർ പിള്ള അന്തരിച്ചു. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങി മലയാളം എക്കാലവും ഓർക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറിൽ പിറന്നത്.മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും ഉള്‍പ്പെടെ ബോക്‌സോഫീസില്‍ ചരിത്രം തിരുത്തിക്കുറിച്ച് മുന്നേറിയ സിനിമകളുടെ സൃഷ്ടാവ് അവസാന നാളുകളിൽ മരുന്നിനും ഭക്ഷണത്തിനും പോലും വകയില്ലാത്ത അവസ്ഥയിലായിരുന്നത് നേരത്തെ വാര്‍ത്തകളിൽ ഇടംനേടിയിരുന്നു.എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ് പി.കെ.ആർ പിള്ള. മുംബൈയിലായിരുന്നു ബിസിനസ്. മുംബൈ മുനിസിപ്പാലിറ്റിയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ചരിത്രവും പിളളയ്ക്കുണ്ട്. ഇന്ദിരഗാന്ധിയുമായി അടുത്ത സൗഹൃദവും പിളളയ്ക്കുണ്ടായിരുന്നു. 20 വർഷത്തിനിടെയാണ് 22 സിനിമകൾ അദ്ദേഹം നിർമ്മിച്ചത്. 12 വർഷം മുൻപാണ് ബിസിനസ് തകർന്നതോടെ തൃശൂരിൽ താമസമാക്കിയത്.1984ല്‍ നിര്‍മ്മിച്ച വെപ്രാളം ആയിരുന്നു പികെആര്‍ പിള്ളയുടെ ആദ്യചിത്രം. പിന്നീട് ഓണത്തുമ്പിക്കൊരൂഞ്ഞാല്‍, പുലി വരുന്നേ പുലി, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ തുടങ്ങി പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചു.
-
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും കലാകൗമുദി ബ്യൂറോ ചീഫുമായ എസ്.എൽ. ശ്യാം(54) അന്തരിച്ചു. അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കുടപ്പനക്കുന്ന് മേരിഗിരി റോഡ് തുമ്പിക്കോണം നന്ദനത്തിൽ എത്തിച്ച ഭൗതികശരീരം വൈകിട്ട് 4.30 മുതൽ 5.30 വരെ പ്രസ് ക്ലബിൽ പൊതുദർശനത്തിന് വയ്ക്കും. ശേഷം വൈകിട്ട് ആറിന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ദീപിക, രാഷ്ട്രദീപിക, മംഗളം, തൃശൂർ എക്സ്പ്രസ്, ബിഗ് ന്യൂസ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദു (സെക്രട്ടേറിയേറ്റ്). മകൻ: മാധവൻ.
-
ഒറ്റപ്പാലം: ഒറ്റപ്പാലം മായന്നൂർ മേച്ചേരി വീട്ടിൽ ലില്ലി ജോസ് (ഒറ്റപ്പാലം എൽഎസ്എൻ ഗേൾസ് സ്കൂൾ റിട്ട. അധ്യാപിക) അന്തരിച്ചു.83 വയസായിരുന്നു .സംവിധായകൻ ലാൽ ജോസിന്‍റെ മാതാവാണ്. ഭർത്താവ് പരേതനായ എ.എം. ജോസ് ( ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപകൻ)മറ്റു മക്കൾ: ലിജു, ലിന്‍റോ. മരുമക്കൾ: ലീന (അധ്യാപിക, ഒറ്റപ്പാലം എൽഎസ്എൻ സ്കൂൾ ), ടി.ഐ. ഇഗ്നേഷ്യസ്, നിഷ (അധ്യാപിക,ടി. എച്ച്. എസ് തൃശൂർ ). ശവസംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഒറ്റപ്പാലം സെന്‍റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.
-
കോട്ടയം: ഈരയില്‍ക്കടവ് നടുവത്തടിച്ചിറയില്‍ ദാസ് എന്‍. ജി(62)അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ 10മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: സതി. മകള്‍: ശിവാനി. സഹോദരങ്ങള്‍: ബാബു, സാബു
-
തിരുവനന്തപുരം: കഴക്കൂട്ടത്തെ മുൻ എംഎൽഎ നബീസ ഉമ്മാൾ(92) അന്തരിച്ചു. നെടുമങ്ങാട് പത്താംകല്ലിലെ വസതിയിലായിരുന്നു അന്ത്യം. അറിയപ്പെടുന്ന അക്കാദമിക് വിദഗ്ദയും സിപിഎം പവർത്തകയുമായിരുന്നു നബീസ ഉമ്മാൾ. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആദ്യ മുസ്ലീം പെൺകുട്ടിയായിരുന്നു.
കേരള സർവകലാശാലയിലെ മലയാളം വിഭാഗം അധ്യാപികയായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ 1987-ൽ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി അവർ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിലെ നിരവധി സർക്കാർ കോളെജുകളിൽ അധ്യാപി കയും പ്രിൻസിപ്പലുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നെടുമങ്ങാട് നഗരസഭ മുൻ ചെയർപേഴ്സണായിരുന്നു. പണ്ഡിതയും സാംസ്കാരിക പ്രഭാഷകയുമായിരുന്നു.
-
ചെന്നൈ: തമിഴ് നടനും സംവിധായകനുമായ മനോബാല(69) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. തമിഴിൽ നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്ത മനോബാല ഇരുനൂറിൽ അധികം ചിത്രങ്ങളിൽ ഹാസ്യ താരമായും വേഷമിട്ടു. മലയാളത്തിലും ഏതാനും സിനിമകളിലും അഭിനയിച്ചു.അടുത്തിടെ ഹൃദ്രോഗ സംബന്ധമായ ചികിൽസകളെത്തുടർന്നു വിശ്രമത്തിലായിരുന്നു. 20 ടിവി പരമ്പരകൾ, 10 ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. 1982 ൽ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. സംസ്കാരം പിന്നീട് നടക്കും.
-
ഏറ്റുമാനൂർ: പടിഞ്ഞാറെനട തുഷാരത്തിൽ കെ ബി എസ് പണിക്കരു(റിട്ട. മൃഗസംരക്ഷണ വകുപ്പ് അസി.ഡയറക്ടര്‍)ടെ ഭാര്യ ഗിരിജ പണിക്കർ(78)അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍.മക്കൾ: മനോജ് എസ് കുമാർ(എൻജിനീയർ,കൊച്ചി എണ്ണശുദ്ധീകരണശാല),കിഷോർ എസ് കുമാർ(കൃഷിവകുപ്പ് അസി.ഡയറക്ടർ കാഞ്ഞിരപ്പള്ളി). മരുമക്കൾ: വിനീത മനോജ്, കല കിഷോർ(എബനേസർ സ്കൂൾ ഏറ്റുമാനൂർ).
-
കൊച്ചി: പ്രമുഖ ഹിന്ദുമത പ്രഭാഷകനും സൈദ്ധാന്തികനുമായ ഡോ.എന്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാത്രി ഒൻപത് മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
-
കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം കാളിക്കാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിന്‍റെ ഉദ്ഘാടന ചടങ്ങിനിടയായിരുന്നു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയത് കാരണം ആരോഗ്യനില വഷളാകാൻ തുടങ്ങുകയുമായിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം.അറബിക്കടലും കല്ലായിപ്പുഴയും മിണ്ടിത്തുടങ്ങുന്ന കോഴിക്കോട്ടെ തീരദേശഗ്രാമത്തിലാണ് മാമുക്കോയ ജനിച്ച് വളർന്നത്. ഹൈസ്കൂൾ പഠനം കഴിഞ്ഞ് നാട്ടിലെ മറ്റു പല ചെറുപ്പക്കാരെയും പോലെ കല്ലായിപ്പുഴയോരത്തെ മരമില്ലുകളിൽ ജോലിക്ക് പോയി. കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകൾ റോളിനായി ശുപാർശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ. കെടി മുഹമ്മദും വാസുപ്രദിപും മറ്റും മലബാറിന്‍റെ നാടകവേദികളെ ഇളക്കിമറിച്ച ആ കാലത്ത് മാമുക്കോയയും നാടകത്തിന് പിന്നാലെയായിരുന്നു. 1979 ൽ അന്യരുടെ ഭൂമിയെന്ന സിനിമയിൽ ചെറിയ വേഷം ചെയ്തു.250 ലേറെ കഥാപാത്രങ്ങൾ. ഒരു കാലത്തും പഴകാത്ത തമാശകൾ. ഏത് തിരക്കിലും കോഴിക്കോട് നഗരത്തിലൂടെ താരജാഡയില്ലാതെ നടന്ന മനുഷ്യൻ. സിനിമയോടല്ലാതെ മറ്റൊന്നിനോടും വിധേയത്വമില്ലായിരുന്നു മാമുക്കോയക്ക്. മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയുന്ന മാമുക്കോയ മിക്കപ്പോഴും നിലപാടുകളുടെ പേരിലും പ്രശംസിക്കപ്പെട്ടു. മാമുക്കോയ വിടപറയുമ്പോൾ പപ്പുവിന് പിന്നാലെ കോഴിക്കോടിനെ സിനിമയിൽ അടയാളപ്പെടുത്തിയ ഒരു ശൈലിയാണ് മാഞ്ഞ് പോകുന്നത്.
-
കണ്ണൂര്‍: ആധുനിക ഇന്ത്യന്‍ സര്‍ക്കസിന്‍റെ കുലപതി ജെമിനി ശങ്കരന്‍ അന്തരിച്ചു. ജംബോ, ജെമിനി, റോയല്‍ സര്‍ക്കസുകളുടെ സ്ഥാപകനായ അദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. 99 വയസായിരുന്നു. ഇന്ത്യന്‍ സര്‍ക്കസിനെ ലോകത്തിന് മുന്നില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മൂര്‍ക്കോത്ത് വേങ്ങക്കണ്ടി ശങ്കരന്‍ എന്ന ജെമിനി ശങ്കരന്‍ 1951-ലാണ് ജെമിനി സര്‍ക്കസ് ആരംഭിക്കുന്നത്.തലശ്ശേരി കൊളശ്ശേരിയില്‍ സ്‌കൂള്‍ അധ്യാപകനായ രാമന്‍ നായരുടെയും കല്യാണിയമ്മയുടെയും മകനായി 1924 ജൂണ്‍ 13-ന് ജനനം. കൊളശ്ശേരി ബോര്‍ഡ് സ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് സര്‍ക്കസില്‍ താത്പര്യം കണ്ടെത്തിയത്. തുടര്‍ന്ന് അഭ്യാസിയാവണമെന്ന മോഹത്തോടെ ആദ്യം കളരിപ്പയറ്റ് അഭ്യസിച്ചു. ഇതിനിടെ പലചരക്ക് കച്ചവടം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് പട്ടാളത്തിൽ ചേർന്ന ശങ്കരൻ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വിരമിച്ചു. 1946ൽ സർക്കസ് സ്വപ്നങ്ങളമായി തലശേരിയിൽ തിരിച്ചെത്തി. എം കെ രാമനിൽനിന്ന് തുടർപരിശീലനം നേടി. രണ്ടുവർഷത്തിനുശേഷം കൊൽക്കത്തയിലെത്തി ബോസ് ലയൺ സർക്കസിൽ ട്രപ്പീസ് കളിക്കാരനായി ചേർന്നു. പിന്നീട് നാഷണൽ സർക്കസിൽ. ഹൊറിസോണ്ടൽ ബാർ, ഫ്ലൈയിങ് ട്രപ്പീസ് തുടങ്ങിയ ഇനങ്ങളിൽ വിദഗ്ധനായിരുന്നു ശങ്കരൻ.റെയ്മൻ സർക്കസിലും അദ്ദേഹം ഏറെനാൾ ജോലിചെയ്തു. സഹപ്രവര്‍ത്തകനായ സഹദേവനുമായി ചേര്‍ന്ന് മഹാരാഷ്ട്രയിലെ വിജയ സര്‍ക്കസ് ആറായിരം രൂപയ്ക്കു വാങ്ങി. കൂടുതല്‍ കലാകാരന്മാരെ സംഘടിപ്പിച്ച് വിപുലപ്പെടുത്തിയശേഷം തന്റെ ജന്മനക്ഷത്രമായ ജെമിനി എന്നു പേരിട്ടു. ഗുജറാത്തിലെ ബില്ലിമോറിയില്‍ 1951 ഓഗസ്റ്റ് 15-ന് ഉദ്ഘാടനം. അതോടെ സര്‍ക്കസ് ലോകത്ത് ജെമിനി ശങ്കരന്‍ താരമായി. ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കസ് കമ്പനിയായി അതിവേഗം വളര്‍ന്ന ജെമിനി വിദേശത്തും പേരെടുത്തു. 1977 ഒക്ടോബർ രണ്ടിന് അദ്ദേഹം രണ്ടാമത്തെ സർക്കസ് കമ്പനിയായ ജംബോ സർക്കസ് ആരംഭിച്ചു. പിന്നീട് ഗ്രേറ്റ് റോയലും. സർക്കസിന് നൽകിയ സമഗ്ര സംഭാവനയെ മാനിച്ച് കേന്ദ്ര സർക്കാർ അദ്ദേഹത്തിന് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നൽകിയിരുന്നു.ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും സര്‍ക്കസുമായി പ്രദര്‍ശന പര്യടനം നടത്തിയ ജെമിനി ശങ്കരന് ഒട്ടേറെ രാഷ്ട്രത്തലവന്മാരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. ഭാര്യ: പരേതയായ ശോഭന. മക്കൾ: അജയ് ശങ്കർ, അശോക് ശങ്കർ (ഇരുവരും ജെമിനി ഗ്രാൻഡ്, ജംബോ സർക്കസുകളുടെ മാനേജിങ് പാർട്ണർമാർ), രേണു ശങ്കർ (ഓസ്ട്രേലിയ). മരുമക്കൾ: പൂർണിമ അജയ്, സുനിത അശോക്, പ്രദീപ്.
-
ആലപ്പുഴ: പുന്നപ്ര മാത്തൂർചിറ ഭാനുമതി(89) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് വീട്ടുവളപ്പില്‍.മക്കൾ: മോഹൻലാൽ, പുഷ്പലാൽ, ചന്ദ്രലാൽ, ശ്രീദേവി, ശ്രീലത, ശ്രീകല, ശ്രീലാൽ. മരുമക്കൾ: പ്രകാശിനി, ഷീന, അമ്പിളി, സഹദേവൻ, നവീൻ, ഓമനക്കുട്ടൻ, ലൈസ്സാ.
-
കൊച്ചി: അഭിനേത്രിയും മോഡലും അവതാരകയുമായ ശ്വേതാ മേനോന്‍റെ ഭർത്താവ് ശ്രീവത്സൻ മേനോന്‍റെ മാതാവ് സതീദേവി പി. മേനോൻ (74) അന്തരിച്ചു. കൊച്ചിയിലെ മെഡി സിറ്റിയിൽ വച്ചായിരുന്നു അന്ത്യം. പരേതനായ നാരായണൻകുട്ടി മേനോന്‍റെ ഭാര്യയാണ്. ശ്രീവത്സൻ മേനോൻ, ശ്രീകാന്ത് മേനോൻ എന്നിവരാണ് മക്കൾ. തൃശൂർ പുതിയേടത്ത് കുടുംബാംഗമാണ്. സംസ്ക്കാരചടങ്ങുകൾ വീട്ടുവളപ്പിൽ നടക്കും.