•  

    കോട്ടയം പരിപ്പ് മെഡികെയർ ഹോസ്പിറ്റൽ ഉടമയും കുഴിത്താർ ഗ്രേസ് മെഡിക്കൽ സെന്റർ ഡോക്ടറുമായ പി.ആർ കുമാർ (64)അന്തരിച്ചു.  കോട്ടയം മെഡിക്കൽ കോളേജിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. 

    ഞായറാഴ്ച്ച വെളുപ്പിന് തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായനാക്കുകയുമായിരുന്നു. ഗതാഗത  സൗകര്യം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ പോലും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തി നിസ്വാർത്ഥ സേവനം നൽകി ജനഹൃദയങ്ങളിൽ ഇടം നേടിയ വ്യക്തിത്വമാണ് അയ്മനത്തിന് നഷ്ടമായത്. 

    സോഷ്യൽ സർവീസ്  ഫോർ ഡോക്ടർസ് മഹാത്മാ ഗാന്ധി ഫൌണ്ടേഷൻ അവാർഡ്- 2006, 
    എൻ എസ് എസ് ട്രസ്റ്റ്‌  സോഷ്യൽ സർവീസ്  അവാർഡ് - 2008
    ഗോവിന്ദമേനോൻ ബർത്ത് സെന്റനറി അവാർഡ് - 2009 തുടങ്ങി നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. വള്ളംകളി പ്രേമിയും, വഞ്ചിപ്പാട്ട് വിദഗ്ദ്ധനുമായിരുന്നു. നെഹ്റു ട്രോഫി വള്ളംകളി ഉൾപ്പെടെ നിരവധി മത്സര വള്ളംകളിൽ ചുണ്ടൻ  വള്ളം ക്യാപ്റ്റനായി ടീമിനെ നയിച്ചിട്ടുണ്ട്

    ഭാര്യ ഡോക്ടർ രാധ. മക്കൾ: ഡോക്ടർ രോഹിത് രാംകുമാർ, ശരത് രാംകുമാർ (എഞ്ചിനീയർ). സംസ്കാരം നാളെ നടക്കും.


  • തിരുവനന്തപുരം : സീരിയൽ സംവിധായകൻ ആദിത്യൻ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തു വെച്ചാണ് അന്ത്യം. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുളള ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ്. 

    കൊല്ലം അഞ്ചൽ സ്വദേശിയാണ് ആദിത്യന്‍. ഏറെക്കാലമായി തിരുവനന്തപുരത്ത് പേയാട് ആയിരുന്നു താമസം. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാര ചടങ്ങുകള്‍ പിന്നീട് തീരുമാനിക്കും.


  • കൊച്ചി: പ്രൊഫ എം കെ സാനുവിന്‍റെ ഭാര്യ എൻ രത്നമ്മ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.



  • കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന പ്രൊഫ. ടി. ശോഭീന്ദ്രന്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
     
    ദീര്‍ഘകാലം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ ഇക്കണോമിക്‌സ് വിഭാഗം അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്. സഹയാത്രി പുരസ്‌കാരം, ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര പുരസ്‌ക്കാരം എന്നിവ കരസ്ഥാമാക്കിയിട്ടുണ്ട്.

    അമ്മ അറിയാന്‍, ഷട്ടര്‍ എന്നീ സിനിമകളില്‍ വേഷമിട്ടു. മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ജോണിനൊപ്പം എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. പൊതു ദര്‍ശനം ഉച്ചതിരിഞ്ഞ് വൈകുന്നേരം 3 മണി മുതല്‍ 5 മണി വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും. സംസ്‌ക്കാരം വൈകുന്നേരം പുതിയ പാലം വൈദ്യുതി ശ്മശാനത്തില്‍ നടക്കും.


  • ബംഗ്ലൂരു: പ്രമുഖ  മാധ്യമപ്രവർത്തകൻ കെ.എസ്.സച്ചിദാനന്ദമൂർത്തി അന്തരിച്ചു. ബംഗ്ലൂരുവിലായിരുന്നു അന്ത്യം. അടുത്തിടെ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

    ഡൽഹി കേന്ദ്രീകരിച്ചുള്ള മാധ്യമപ്രവർത്തകനായി മികവ് തെളിയിച്ച സച്ചിദാനന്ദമൂർത്തി, മലയാള മനോരമയുടെയും ദ് വീക്കിന്‍റെയും ഡൽഹി റസിഡന്റ് എഡിറ്ററായിരുന്നു. ദർലഭ് സിങ് സ്മാര മീഡിയ അവാർഡ്, കർണാടക മീഡിയ അക്കാദമി വിശിഷ്ട പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.. 

    എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറലായും പ്രസ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.




  • കോഴിക്കോട്: പ്രമുഖ സിനിമാ നിർമാതാവും വ്യവസായിയും എ.ഐ.സി.സി. അംഗവും മാതൃഭൂമി ഡയറക്ടറുമായ പി.വി. ഗംഗാധരൻ(80) അന്തരിച്ചു. ഇന്ന് രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച. പ്രമുഖവ്യവസായിയും സ്വാതന്ത്ര്യസമരസേനാനിയുമായ പരേതനായ പി.വി. സാമിയുടെയും മാധവിസാമിയുടെയും മകനായി 1943-ൽ കോഴിക്കോടായിരുന്നു ജനനം. പി.വി. ഷെറിൻ ആണ് ഭാര്യ. ചലച്ചിത്ര നിർമാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനു​ഗ, ഷെ​ഗ്ന, ഷെർ​ഗ എന്നിവർ മക്കളാണ്. മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ ജ്യേഷ്ഠ സഹോദരനാണ്.

    മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച, ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമിച്ച ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം എ.ഐ.സി.സി അംഗമായിരുന്നു.

    സിനിമയിലേയും രാഷ്ട്രീയത്തിലേയും നിറസാന്നിധ്യമായിരുന്നു ഏവരും സ്നേഹപൂർവ്വം പി.വി.ജി എന്ന് വിളിച്ചിരുന്ന പി.വി ഗംഗാധരൻ. ജനപ്രിയ സിനിമകളിലൂടെ ഇന്നത്തെ മുതിർന്ന താരങ്ങളുടേയും സംവിധായകരുടേയും തുടക്കകാലത്ത് ഹിറ്റുകൾ സമ്മാനിച്ച ബാനറായിരുന്നു ഗൃഹലക്ഷ്മി ഫിലിംസ്.

    1977-ൽ സുജാത എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് അദ്ദേഹം ചലച്ചിത്രനിർമാണരം​ഗത്തേക്കെത്തിയത്. തുടർന്ന് മനസാ വാചാ കർമണാ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, വാർത്ത, ഒരു വടക്കൻ വീര​ഗാഥ, അദ്വൈതം, ഏകലവ്യൻ തുടങ്ങി ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹിറ്റ് ചിത്രങ്ങളുടെ നീണ്ടനിരതന്നെ സൃഷ്ടിക്കപ്പെട്ടു. ജയൻ നായകനായ ഐ.വി.ശശി ചിത്രം അങ്ങാടി ഇന്നും മലയാള സിനിമയിലെ ആക്ഷൻ ചിത്രങ്ങളുടെ മുൻനിരയിലുണ്ട്. മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങളുടെ പട്ടികയെടുത്താൽ മുന്നിൽത്തന്നെയുണ്ട് വടക്കൻ വീര​ഗാഥയുടെ സ്ഥാനം.

    എസ് ക്യൂബുമായി ചേർന്ന് നിർമിച്ച ജാനകി ജാനേയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം നിർമിച്ച കാണാക്കിനാവ് എന്ന ചിത്രത്തിന് 1997-ൽ മികച്ച ദേശീയോ​ദ്​ഗ്രഥന ചിത്രത്തിനുള്ള നർ​ഗീസ് ദത്ത് പുരസ്കാരവും 2000-ൽ ശാന്തം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ഒരു വടക്കൻ വീര​ഗാഥ , കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ, നോട്ട്ബുക്ക് എന്നീ ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കി.

    വാർത്ത (1986). ഒരു വടക്കൻ വീര​ഗാഥ (1989), തൂവൽ കൊട്ടാരം (1996), വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999), അച്ചുവിന്റെ അമ്മ (2005), നോട്ട്ബുക്ക് (2006) എന്നിവ മികച്ച ചിത്രങ്ങൾക്കുള്ള സൗത്ത് ഫിലിം ഫെയർ പുരസ്കാരങ്ങൾ നേടി.

    പി.വി. സാമി പടുത്തുയർത്തിയ കെ.ടി.സി. ഗ്രൂപ്പിന്റെ വളർച്ചയിൽ പി.വി. ചന്ദ്രനൊപ്പം വലിയ പങ്കുവഹിച്ചിട്ടുണ്ട് പി.വി ഗംഗാധരൻ. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഉത്തരകേരളത്തിലെ വ്യവസായികളുടെ സംഘടനയായ മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ അമരത്ത് പ്രവർത്തിക്കാൻ മൂന്നുതവണ നിയോഗിക്കപ്പെട്ടു. ഈ കാലയളവിലാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിനുള്ള പ്രക്ഷോഭപരിപാടികളും സമ്മർദതന്ത്രങ്ങളും ചേംബർ ആവിഷ്കരിച്ചു നടപ്പാക്കിയത്.

    മലബാർ എയർപോർട്ട് കർമസമിതിയുടെയും ട്രെയിൻ കർമസമിതിയുടെയും ചെയർമാനാണ്. മൂന്നുതവണ പാരീസ് കേന്ദ്രീകരിച്ചുള്ള ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായിരുന്നു. കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ, കേരളാ ഫിലിം ചേംബർ പ്രസിഡന്റ്, ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് എന്നിങ്ങനെ ഒട്ടേറെ പ്രധാന പദവികൾ വഹിച്ചിരുന്നു. 

    പി.വി.എസ്. ആശുപത്രി ഡയറക്ടർ, ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം ഡയറക്ടർ, ശ്രീനാരായണ എജ്യുക്കേഷൻ സൊസൈറ്റി ഡയറക്ടർ, പി.വി.എസ്. നഴ്സിങ് സ്കൂൾ ഡയറക്ടർ, മാതൃഭൂമി സ്റ്റഡിസർക്കിൾ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. പന്തീരാങ്കാവ് എജുക്കേഷൻ സൊസൈറ്റി പ്രസിഡന്റ്, പി.വി.എസ്. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഡയറക്ടർ, പിവി.എസ് ഹൈസ്കൂൾ ഡയറക്ടറുമാണ്. കാലിക്കറ്റ് സർവകലാശാലാ മുൻ സെനറ്റ് അംഗവുമായിരുന്നു.


  • ദോഹ: പ്രവാസി നാടൻപാട്ട് കലാകാരൻ രാജേഷ് കരുവന്തല ഖത്തറിൽ മരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് താമസ സ്ഥലത്തുവെച്ചായിരുന്നു അന്ത്യം. തൃശൂർ ജില്ലയിലെ വെങ്കിടങ് കരുവന്തല സ്വദേശിയാണ്. 

    ടിക് ടോക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള കലാകാരൻ കൂടിയായിരുന്നു രാജേഷ്.ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ രാജേഷ് കലാസാംസ്കാരിക വേദികളിൽ സജീവ സാന്നിധ്യമായിരുന്നു. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ


  • ഹരിപ്പാട്: 96ാം വയസില്‍ സാക്ഷരതാ മിഷന്‍ തുല്യതാ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഹരിപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാര്‍ത്യായനിയമ്മ (101) അന്തരിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവാണ് കാര്‍ത്യയായാനിയമ്മ. ഇന്നലെ രാത്രി 12 മണിയോടെയാണ് അന്ത്യം. ഒരു വര്‍ഷമായി പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു.

    2017 ല്‍ നാല്‍പതിനായിരം പേര്‍ എഴുതിയ അക്ഷര ലക്ഷം പരീക്ഷയില്‍ 98 മാര്‍ക്കുവാങ്ങിയാണ് ഒന്നാം റാങ്ക് നേടിയത്. സാക്ഷരതാ പ്രേരക് സതിക്കൊപ്പം ഡല്‍ഹിയിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും കാര്‍ത്ത്യായനിയമ്മ നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. യുനസ്‌കോയുടെ ഗുഡ്‌വില്‍ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

    കണിച്ചനെല്ലൂര്‍ എല്‍പി സ്‌കൂളിലാണ് 2017 ല്‍ അരലക്ഷം പരീക്ഷയെഴുതിയത്. ഭര്‍ത്താവ് പരേതനായ കൃഷ്ണപിള്ള.



  • പാലക്കാട്‌ : ടൈംസ് ഓഫ് ഇന്ത്യ പാലക്കാട് ബ്യൂറോ ചീഫ് ജി. പ്രഭാകരന്‍ (70) വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് രാത്രി ഒമ്പത് മണിയോടെ പാലക്കാട് ഒലവക്കോട് സായി ജംഗ്ഷനിൽ പ്രഭാകരൻ സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിച്ചായിരുന്നു അപകടം.

    ദ ഹിന്ദു മുന്‍ പാലക്കാട് സ്‌പെഷല്‍ കറസ്പോണ്ടന്റും ഇന്ത്യന്‍ ജേണലിസ്റ്റ് യൂണിയന്‍ വൈസ് പ്രസിഡന്റുമാണ്. കേരള ജേർണലിസ്റ്റ് യൂണിയൻ സ്ഥാപക നേതാക്കളിൽ ഒരാളും മുൻ സംസ്ഥാന പ്രസിഡന്റുമാണ്. കൊല്ലം കൊട്ടാരക്കാര സ്വദേശിയായ പ്രഭാകരന്‍ ഏറെക്കാലമായി പാലക്കാടാണ് താമസം. തിരുവനന്തപുരം കഴക്കൂട്ടത്തു നടക്കുന്ന കെ ജെ യു സംസ്ഥാന കമ്മറ്റിയിൽ പങ്കെടുക്കുന്നതിനായി വീട്ടിൽനിന്നും ഒലവക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം.



  • തിരുവനന്തപുരം: സിപിഎം നേതാവും മുൻ എംഎൽഎയുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസായിരുന്നു. സിഐടിയു സംസ്ഥാന പ്രസിഡന്‍റും ദേശീയ വൈസ് പ്രസിഡന്‍റുമായിരുന്നു ആനത്തലവട്ടം ആനന്ദൻ. ആറ്റിങ്ങൽ മുൻ എംഎൽഎ ആയിരുന്നു.


    1971-ൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി, അടിയന്തരവാസ്ഥക്കാലത്ത് മിസ നിയമപ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്. 1979 മുതൽ 84-വരെ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു.1985-ൽ സിപിഎം സംസ്ഥാനക്കമ്മിറ്റിയംഗവും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി.


    1987-ലും കാവിയാട് ദിവാകര പണിക്കരെ തോൽപ്പിച്ച് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തി. 1996-ൽ വക്കം പുരുഷോത്തമനെ 1016 വോട്ടുകൾക്ക് തോൽപ്പിച്ച് വീണ്ടും ആറ്റിങ്ങലിന്‍റെ ജനപ്രതിനിധിയായി. 2006-ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ സി. മോഹനചന്ദ്രനെ തോൽപ്പിച്ച് വീണ്ടും നിയമസഭയിലെത്തി.


    ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലായിരുന്നു അന്ത്യം.




  • തൃശൂർ: നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു. 65 വയസായിരുന്നു. 350 ഓളം നാടൻ പാട്ടുകളുടെ രചയിതാവാണ്. കലാഭവൻ മണിയെ ജനപ്രിയനാക്കിയത് ഇദ്ദേഹം രചിച്ച പാട്ടുകളായിരുന്നു. 

    മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ, പകലു മുഴുവൻ പണിയെടുത്ത്, വരിക്കചക്കേടെ തുടങ്ങിയവയെല്ലാം അറുമുഖന്‍റെ പ്രശസ്തമായ പാട്ടുകളാണ്. കലാഭവൻ മണിക്ക് വേണ്ടി മാത്രം ഇരുന്നൂറോളം പാട്ടുകൾ എഴുതി.

    സിനിമയ്ക്ക് വേണ്ടിയും അറുമുഖൻ പാട്ടുകൾ എഴുതിയിട്ടുണ്ട്. 1998 ൽ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ 'കൊടുങ്ങല്ലൂരമ്പലത്തിൽ', മീശമാധവനിലെ ' എലവത്തൂർ കായലിന്റെ'എന്നീ ഗാനങ്ങൾ രചിച്ചത് അറുമുഖനായിരുന്നു. ഉടയോൻ, ദ ഗാർഡ്, സാവിത്രിയുടെ അരിഞ്ഞാണം, ചന്ദ്രോത്സവം, രക്ഷകൻ എന്ന ചിത്രങ്ങളിലെ ഗാനങ്ങൾക്കും വരികളെഴുതി. കൂടാതെ ധാരാളം ആൽബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

    നടുവത്ത് ശങ്കരൻ- കാളി ദമ്പതികളുടെ മകനായി തൃശൂർ വെങ്കിടങ്ങ് ആയിരുന്നു അറുമുഖൻ ജനിച്ചത്. നാട്ടുകാരനായ സലിം സത്താർ അറുമുഖന്റെ ഗാനങ്ങൾ അന്തരിച്ച ഗായകൻ മനോജ് കൃഷ്ണനെക്കൊണ്ടു പാടിച്ച് 'കല്ലേം മാലേം പിന്നെ ലോലാക്കും' എന്ന കാസെറ്റ് ആദ്യമായി പുറത്തിറക്കി. ഇത് ശ്രദ്ധയിൽപ്പെട്ട മണി അറുമുഖനെ ബന്ധപ്പെട്ട് കാസറ്റിറക്കാൻ തീരുമാനിക്കുകയായിരുന്നു.

    ഏനാമാവിൽ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് സംസ്‌കാരം നടക്കും. ഭാര്യ: അമ്മിണി. മക്കൾ: സിനി, സിജു, ഷൈനി, ഷൈൻ, ഷിനോയ്, കണ്ണൻ പാലാഴി. മരുമക്കൾ: വിജയൻ ,ഷിമ, ഷാജി



  • പേരൂർ : പേരൂർ വില്ലേജ് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പറമ്പുറത്ത് പി. എം. കൃഷ്ണൻ നായർ (78) അന്തരിച്ചു. റോഡപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്നു.  ഭാര്യ: പരേതയായ ഡോ. എ.സരസ്വതിക്കുട്ടിയമ്മ, മക്കൾ: ഡോ. ശ്രീജിത്ത് കൃഷ്ണൻ (ബി. ജെ. പി. കോട്ടയം ജില്ലാ ട്രഷറർ),  ശ്രീജ കൃഷ്ണൻ (ടീച്ചർ, അമയന്നുർ ഹൈ സ്കൂൾ), മരുമക്കൾ: ബിജു കർത്ത, നീതു സെൻ. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.



  • കോഴിക്കോട്: വടകര മുൻ എം എൽ എ, എം കെ പ്രേംനാഥ് (74) അന്തരിച്ചു.  കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2006 മുതല്‍ 2011 വരെ വടകര എംഎല്‍എയായിരുന്നു. എല്‍ജെഡി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റായിരിക്കെയാണ് വിയോഗം. കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ക‍ഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വഷളായിരുന്നു.

    ജനതാപാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് പ്രേംനാഥ് പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്. പിന്നീട് ജനതാദളിനൊപ്പം അടിയുറച്ചു നിന്നു. സഹകാരിയും അഭിഭാഷകനുമായിരുന്നു. വിദ്യാർഥി കാലഘട്ടം മുതൽ പൊതുപ്രവർത്തനരംഗത്ത് സജീവം. 1976-ൽ അടിയന്തരാവസ്ഥയ്ക്ക് എതിരെ നിയമം ലംഘിച്ച് കോഴിക്കോട് ജാഥ നടത്തി അറസ്റ്റ് വരിച്ചു. 'സ്വാതന്ത്ര്യം തന്നെ അമൃതം' എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

    എംകെ പ്രേംനാഥിന്‍റെ മൃതശരീരം 12 മണിക്ക് വടകര ടൗൺ ഹാളിലും 2 30ന് ഓർക്കാട്ടേരി പാർട്ടി ഓഫീസായ ജെപി ഭവനിലും നാലുമണിക്ക് തട്ടോളിക്കരയിലെ തറവാട് വീട്ടിലും പൊതുദർശനത്തിന് വെക്കും. ആറുമണിക്ക് സംസ്കാരം നടക്കും.


  • ചെന്നൈ: കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ അന്തരിച്ചു. 98 വയസ്സായിരുന്നു. ചെന്നൈയിൽ ആയിരുന്നു അന്ത്യം. വിട പറഞ്ഞത് ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവ്. ഇന്ത്യയെ കാർഷിക സ്വയം പര്യാപ്തയിലേക്ക് നയിച്ച പ്രതിഭ പത്മഭൂഷൻ നൽകി രാജ്യം ആദരിച്ച ശാസ്ത്രജ്ഞൻ. സ്വാമിനാഥന്‍റെ പരിഷ്കാരങ്ങളാണ് രാജ്യത്തെ പട്ടിണി ഇല്ലാതാക്കിയത്. ആലപ്പുഴ ജില്ലയിലെ മങ്കൊമ്പാണ് ജന്മദേശം.


  • കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ടുകാരി റംല ബീഗം (83) അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിൽവെച്ചാണു അന്ത്യം. മതവിലക്കുകളെ ഭേതിച്ച് പരിപാടി അവതരിപ്പിച്ച ആദ്യവനിതയാണു റംല ബീഗം. 1946 നവംബർ മൂന്നിനാണു ജനനം. 20 ഇസ്ലാമിക കഥകൾക്ക് പുറമേ ഓടയിൽനിന്ന്, ശാകുന്തളം, നളിനി എന്നീ കഥകളും കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.



  • ആലപ്പുഴ: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ മേഖല ഡെപ്യൂട്ടി ഡയറക്ടറും ദീര്‍ഘകാലം ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായിരുന്ന ആലപ്പുഴ ന്യൂബസാര്‍ ഫോര്‍ത്ത് എസ്റ്റേറ്റില്‍ പി.രവികുമാര്‍ (71) അന്തരിച്ചു. 10 വര്‍ഷത്തോളം ആലപ്പുഴയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്നു.

    മനോരാജ്യം പ്രസിദ്ധീകരണത്തിന്‍റെ ഉപപത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പഞ്ചഗ്രാമം എന്ന നോവലും നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്. ജവഹര്‍ ബാലഭവനിലെ നാടക അധ്യാപകനായിട്ടായിരുന്നു തുടക്കം. 

    മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജിലെ മുന്‍ പ്രൊഫസറായ ഡോ.എസ് നിര്‍മ്മല കുമാരിയാണ് ഭാര്യ. മകള്‍:എന്‍ ഗൗരി, മരുമകന്‍: ഡോ. ഹരിഗോവിന്ദ്. നാളെ 12.30ന് വലിയ ചുടുകാട്ടിലാണ് സംസ്‌കാരം.



  • കൊച്ചി: പ്രശസ്ത സംവിധായകന്‍ കെ.ജി ജോർജ് അന്തരിച്ചു. 78 വയസായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.

    മലയാള സിനിമയിൽ നവതരംഗത്തിനു വഴി തുറന്ന സംവിധായകനായിരുന്നു അദ്ദേഹം. 19 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു. ആദാമിന്‍റെ വാരിയെല്ല്, യവനിക, ഇരകൾ, പഞ്ചവടിപ്പാലം തുടങ്ങിയവായാണ് പ്രശസ്ത ചിത്രങ്ങൾ. സ്വപ്‌നാടനം എന്ന ചിത്രത്തിലൂടെയാണ് സനിമയിലേക്കുള്ള വരവ്. 1998-ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാന ചിത്രം.

    യവനിക, സ്വപ്‌നാടനം, ആദാമിന്‍റെ വാരിയെല്ല്, ഇരകൾ തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹത്തിന് കേരള സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ ലഭിച്ചു. 2016-ൽ ചലചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി ഡാനിയൽ പുരസ്കാരത്തിനും അർഹനായി. ഗായിക സൽമയാണ് ഭാര്യ.



  • ഏറ്റുമാനൂർ : ശക്തിനഗർ തൈമഠത്തിൽ ത്രേസ്യാമ്മ ദേവസ്യ (93) അന്തരിച്ചു. മക്കൾ : അമ്മിണി,ജോസ്,മോളി, ബേബി, ദേവസ്യ, ജോർജ്. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഏറ്റുമാനൂർ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.



  • ന്യൂഡൽഹി: വിഖ്യാത ഭരതനാട്യം നർത്തകി സരോജ വൈദ്യനാഥൻ അന്തരിച്ചു. 86 വയസ്സായിരുന്നു. അർബുദം ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. മരുമകളും നർത്തകിയുമായ രമാ വൈദ്യനാഥനാണ് മരണവിവരം സ്ഥിരീകരിച്ചത്. 

    വെള്ളിയാഴ്ച വൈകിട്ട് 2 മണിക്ക് ലോധി ശ്മശാനത്തിൽ സംസ്കാരം നടത്തും. കഴിഞ്ഞ 50 വർഷമായി ഭരതനാട്യ രംഗത്ത് സജീവമായിരുന്നു സരോജ. ഏകദേശം രണ്ടായിരത്തോളം നൃത്തസംവിധാനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

    2002ൽ പദ്മശ്രീയും 2013ൽ പദ്മഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ഡൽഹിയിൽ ഗണേശ നാട്യാലയ് എന്ന പേരിൽ നൃത്തവിദ്യാലയവും നടത്തിയിരുന്നു. സാംസ്കാരിക മന്ത്രി ജി.കിഷൻ റെഡ്ഡി, രാജ്യസഭാ എംപി സോനൽ മാൻസിങ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.



  • തിരുവനന്തപുരം: കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റും സിപിഐ നേതാവായിരുന്ന ഉണ്ണിരാജയുടെ മകനുമായ  യു വിക്രമൻ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം.

    കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട്, ഇൻഡ്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. കെ ജെ യു സ്ഥാപകാംഗമാണ്. ജനയുഗം കോ ഓർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.



  • വയനാട്: ഡിസിസി പ്രസിഡന്‍റ് അമ്പലവയല്‍ നരിക്കുണ്ട് പി വി ബാലചന്ദ്രൻ അന്തരിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച്‌ സിപിഐമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയായിരുന്നു.

    കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ചീഫ് ഇലക്ഷൻ ഏജന്‍റായിരുന്നു. അമ്ബലവയല്‍ പഞ്ചായത്ത് മുൻ പ്രസിഡന്‍റും ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്നു. ജില്ലയിലെ പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. മലബാറിലെ ആദ്യകാല കെ എസ് യുവിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും പ്രമുഖ നേതാവുമായിരുന്നു


  • കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. സി ആർ ഓമനക്കുട്ടൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം സ്വദേശിയായ അദ്ദേഹം ഇപ്പോൾ കൊച്ചിയിലാണ് താമസം.

    ശ്രീ ഭൂതനാഥവിലാസം നായർ ഹോട്ടൽ എന്ന പുസ്‌തകത്തിന്‌ 2010-ലെ കേരള സാഹിത്യ അക്കാദമി നർമ്മ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയിൽ പത്രപ്രവർത്തനം നടത്തിയ ഓമനക്കുട്ടൻ, നാലു വർഷത്തിലേറെ കേരള സർക്കാരിന്‍റെ പബ്‌ളിക്‌ റിലേഷൻസ്‌ വകുപ്പിൽ ജോലി ചെയ്തു. പിന്നീട്‌ സർക്കാർ കോളജുകളിൽ മലയാളം ലക്‌ചറർ ആയും പ്രവർത്തിച്ചു. സംവിധായകൻ അമൽ നീരദിന്റെ അച്ഛനാണ്‌. എറണാകുളം ലിസി ആശുപത്രിക്കുസമീപം 'തിരുനക്കര' വീട്ടിലായിരുന്നു താമസം.

    എലിസബത്ത്‌ ടെയ്‌ലർ, മിസ്‌ കുമാരി എന്നിവരുടെ ജീവിതകഥകൾ എഴുതിയ ഓമനക്കുട്ടൻ, പിൽക്കാലത്ത്‌ ഇരുപത്തഞ്ചിലേറെ പുസ്‌തകങ്ങളും നൂറ്റമ്പതിലേറെ കഥകളും എഴുതി.അടിയന്തരാവസ്ഥക്കാലത്ത്‌ സി ആർ എഴുതി ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച 'ശവം തീനികൾ' വലിയ ചർച്ചയായിരുന്നു. പൊലീസ്‌ മർദനത്തിൽ കൊല്ലപ്പെട്ട രാജനെക്കുറിച്ചായിരുന്നു പരമ്പര.

    23 വർഷം എറണാകുളം മഹാരാജാസ്‌ കോളേജിൽ അധ്യാപകനായിരുന്നു. ചെറുപ്പത്തിലേ സിനിമാപ്രേമിയായിരുന്നു. കാരൂർ, കോട്ടയം ഭാസി, അഡ്വ. എം എൻ ഗോവിന്ദൻനായർ, ആർട്ടിസ്‌റ്റ്‌ ശങ്കരൻകുട്ടി എന്നിവരുമായി നല്ല ബന്ധം പുലർത്തിയിരുന്നു.



  • കിടങ്ങൂര്‍: കിടങ്ങൂര്‍ സൗത്ത് വൈക്കത്തുശ്ശേരില്‍ ഭാഗവത കൗസ്തുഭം വി.കെ.സോമന്‍ ആചാരി അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച പകല്‍ 3ന് വൈക്കത്തുശ്ശേരില്‍ കുടുംബശ്മശാനത്തില്‍



  • ഏറ്റുമാനൂർ: കണ്ടത്തിൽ മഠത്തിൽ (അഞ്ജലി) ഗോപികുട്ടൻ നായർ (89) അന്തരിച്ചു. ഭാര്യ : രാധമ്മ, മക്കൾ : ശ്രീലത, സുനിൽ. സംസ്കാരം ഇന്ന് വൈകിട്ട് 4ന്.



  • കൊച്ചി: മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു അന്ത്യം. 

    വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അടക്കം അലട്ടിയതിനെ തുടർന്ന് തിരുവനന്തപുരം നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീടാണ് കൊച്ചിയിലേക്ക് മാറ്റിയത്. ആർഎസ്എസിന്‍റെ കൊച്ചിയിലെ കാര്യാലത്തിൽ പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോകും.

    16 വർഷത്തോളം കേരളത്തിലെ ബിജെപിയുടെ മുൻ സംഘടനാ ജനറൽ സെക്രട്ടറിയായും പിന്നീട് ദക്ഷിണേന്ത്യ പാർട്ടിയുടെ സംഘടനാ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1980, 1990 കാലത്ത സംഘടന കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ഓർഗനൈസിങ് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 10 വർഷകാലത്തോളം സംഘടനയോട് വിട്ടുനിന്ന അദ്ദേഹം വീണ്ടും 2016ൽ അടുക്കുകയായിരുന്നു. അടിയന്തരവസ്ഥകാലത്ത് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.



  • തൃശ്ശൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി ( 51) അന്തരിച്ചു. രോഗബാധിതയായി തൃശ്ശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മയ്യത്ത് തിരൂരിനടുത്ത് നിറമരുതൂർ ജനതാ ബസാറിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലിന് കൂട്ടായി - കോതപറമ്പ് റാത്തീബ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.



  • ചെന്നൈ: തമിഴ് നടൻ ജി മാരിമുത്തു അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ടെലിവിഷൻ സീരിയലായ 'എതിര്‍നീച്ചലി'ന്‍റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്ന മാരിമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    രജനികാന്തിന്‍റെ 'ജയിലറാ'ണ് മാരിമുത്തുവിന്‍റേതായി അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം. തമിഴ്സിനിമയിലും ടെലിവിഷൻ രംഗത്തും രണ്ടു പതിറ്റാണ്ടിലേറെയായി സഹസംവിധായകനായും അഭിനേതാവായും സംവിധായകനായും നിറഞ്ഞു നിന്ന വ്യക്തിയാണ് മാരിമുത്തു.

    1967 തമിഴ്നാട്ടിലെ തേനിയിലാണ് ജനനം. സിനിമാ സ്വപ്നവുമായി 1990 ല്‍ തേനിയില്‍ നിന്ന് ചെന്നൈയിലെത്തി. ഹോട്ടലില്‍ വെയിറ്ററായി വര്‍ഷങ്ങളോളം ജോലി ചെയ്തു. അതിനിടെ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ പരിചയപ്പെട്ടത് സിനിമയിലേക്കുള്ള വാതില്‍ തുറന്നു.

    രാജ്കിരണ്‍ സംവിധാനം ചെയ്ത അരമനൈ കിള്ളി (1993), എല്ലാമേ എൻ രാസത്തൻ (1995) തുടങ്ങിയ ചിത്രങ്ങളില്‍ സഹായിയായി പ്രവര്‍ത്തിച്ചു. കൂടാതെ മണിരത്നം, വസന്ത്, സീമൻ, എസ്.ജെ സൂര്യ എന്നിവരുടെ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.



  • ന്യൂഡല്‍ഹി: സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ് പി ജി ) ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു. 61 വയസായിരുന്നു. ഡല്‍ഹിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. 2016 മുതല്‍ എസ് പി ജി തലവനായി പ്രവര്‍ത്തിച്ചുവരികയാണ്. കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും കമ്മീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

    കേരളാ കേഡറില്‍ 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. മേയ് 31 ന് എസ് പി ജി തലവനായ് അദ്ദേഹത്തിന്‍റെ കാലവധി ഒരു വര്‍ഷം കൂടി നീട്ടിയിരുന്നു. ഡയറക്ടര്‍ ജനറല്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം.

    തിരുവനന്തപുരം ഡിസിപി, കമ്മീഷണർ, റേഞ്ച് ഐജി, ഇന്റലിജൻസ് ഐജി, അഡ്മിനിസ്ട്രേഷൻ ഐജി എന്നിങ്ങനെ കേരള പൊലീസിലെ പ്രധാന തസ്തികകളിലെല്ലാം അരുൺ കുമാർ സിൻഹ ഇരുന്നിട്ടുണ്ട്.



  • പാറശ്ശാല: പ്രമുഖ ഛായഗ്രാഹകനും ചലച്ചിത്ര പ്രവർത്തകനുമായ കുളത്തൂർ പുളിമൂട്ടുവിളാകത്തു വീട്ടിൽ അരവിന്ദാക്ഷൻ നായർ അന്തരിച്ചു. 72 വസയായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. 

    കേരള ഫിലിം ഡെവലപ്മെന്‍റ് കേർപ്പറേഷനിലെ ചിത്രഞ്ജലി സ്റ്റുഡിയോയിൽ സീനിയർ ക്യാമറമാനായിരുന്നു. സംസ്ഥാന സർക്കാരിനു വേണ്ടി നിരവധി ഡോക്യുമെന്‍ററികൾ, സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട്. സംസ്ഥാന അവാർഡ് നേടിയ നൂറനാട് രാമചന്ദ്രന്‍റെ അച്ഛൻ പട്ടാളം, ജോർജ്കിത്തു സംവിധാനം ചെയ്ത് ശ്രീരാഗം, കെ.എസ്.ശശിധരൻ സംവിധാനം ചെയ്ത കാണാതായ പെൺകുട്ടി, ആലപ്പി അഷറഫിന്‍റെ ഇണപ്രാവുകൾ, അനിലിന്‍റെ പോസ്റ്റ് ബോക്സ് നമ്പർ 27, പിആർഎസ് ബാബുവിന്‍റെ അനഘ, വെങ്ങാനൂർ സതീഷിന്‍റെ കൊച്ചനുജത്തി തുടങ്ങിയ സിനിമകളിലും ഒട്ടേറെ ടെലിവിഷൻ സീരിയലുകളിലും ഛായഗ്രാഹകനായി പ്രവർത്തിച്ചിട്ടുണ്ട്.



  • കൊച്ചി: സിപിഎം മുന്‍ സംസ്ഥാന സമിതി അംഗം സരോജിനി ബാലാനന്ദന്‍ (86) അന്തരിച്ചു. സിപിഎം നേതാവും മുൻ പൊളിറ്റ് ബ്യൂറോ അംഗവുമായ ഇ.ബാലാനന്ദന്റെ ഭാര്യയാണ്. കഴിഞ്ഞ ദിവസം രാത്രി എറണാകുളം വടക്കൻ പറവൂരിലെ മകളുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. 

    വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. പറവൂർ ഡോൺ ബോസ്കോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം  കളമശേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ. ഇന്ന് ഉച്ചക്ക്  രണ്ടു മണി മുതൽ പൊതുദർശനം

    1996 ല്‍ ആലുവയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും കോൺഗ്രസിലെ കെ. മുഹമ്മദാലിയോടാണ് പരാജയപ്പെടുകയായിരുന്നു. 1978ൽ സിപിഎം ഏരിയാ കമ്മിറ്റി അംഗമായി. തുടർന്ന് കളമശേരി പഞ്ചായത്ത് പ്രസിഡന്റും പാർട്ടി സംസ്‌ഥാന കമ്മിറ്റി അംഗവുമായി . 2012 ല്‍ സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മഹിള അസോസിയേഷന്‍ നേതാവായും സരോജിനി ബാലാനന്ദന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.



  • തിരുവനന്തപുരം: മലയാള ചലച്ചിത്ര എഡിറ്റർ കെ.പി. ഹരിഹരപുത്രൻ അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്ക്കാരം ഉച്ചക്ക് രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. 

    മലയാള സിനിമയിൽ അര പതിറ്റാണ്ടോളം സജീവമായിരുന്ന ഹരിഹരപുത്രൻ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. 1971ലെ 'വിലയ്ക്ക് വാങ്ങിയ വീണ'യാണ് ആദ്യ ചിത്രം.

    80ഓളം ചിത്രങ്ങളിൽ പ്രവർത്തിച്ച ഹരിഹരപുത്രൻ, ശേഷക്രിയ, ​ഗുരുജി ഒരു വാക്ക്, സുഖമോ ദേവി, പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, വടക്കുംനാഥൻ, ചോക്ലേറ്റ്, ചതിക്കാത്ത ചന്തു തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമാണ്.

    അസിസ്റ്റന്റ് എഡിറ്റർ, അസോസിയേറ്റ് എഡിറ്റർ, എഡിറ്റർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു.



  • കോഴിക്കോട്  പ്രശസ്ത മാപ്പിളപ്പാട്ടുകാരിയും ചലച്ചിത്ര പിന്നണി ഗായികയുമായ വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മൈലാഞ്ചി, പതിന്നാലാം രാവ്, 1921 തുടങ്ങി നിരവധി സിനിമകളില്‍ പാടിയിട്ടുണ്ട്.

    മാപ്പിള ഗാനകലാരത്‌നം, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഫസീലയ്ക്ക് ലഭിച്ചിട്ടുണ്ട്. മലപ്പുറം കൊണ്ടോട്ടി വിളയൂരിലാണ് ജനനം. വിളയില്‍ വത്സല എന്ന പേരില്‍ പ്രശസ്തയായി. വിവാഹത്തോടെയാണ് വിളയില്‍ ഫസീല എന്ന പേര് സ്വീകരിച്ചത്.

    'മുഹമ്മദ് മുസ്തഫ' എന്ന ചിത്രത്തില്‍ പിടി അബ്ദുറഹ്മാന്റെ രചനയായ 'അഹദവനായ പെരിയോനേ….' എന്ന ഗാനം എംഎസ് വിശ്വനാഥന്റെ സംഗീതത്തില്‍ ഫസീല ആദ്യമായി പാടി. സ്വദേശത്തും വിദേശത്തും നിരവധി പരിപാടികള്‍ നടത്തിയിട്ടുണ്ട്. 

    ഹസ്ബീ റബ്ബീ ജല്ലല്ലാഹ്, ഹജ്ജിന്‍റെ രാവില്‍ ഞാന്‍ കഅ്ബം കിനാവ് കണ്ടു, ആകെലോക കാരണ മുത്തൊളി, ഉടനെ കഴുത്തെന്റെ, ആനെ മദനപ്പൂ, കണ്ണീരില്‍ മുങ്ങി, മണിമഞ്ചലില്‍, പടപ്പു പടപ്പോട്, റഹ്മാനല്ലാ, ഉമ്മുല്‍ ഖുറാവില്‍, യത്തീമെന്നെ, മക്കത്ത് പോണോരെ പ്രശസ്ത ഗാനങ്ങളാണ്.



  • ഹരിപ്പാട്: മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു. 93 വയസായിരുന്നു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവ‍ി അന്തർജനത്തിന്‍റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്.

    1949ൽ മണ്ണാറശാല ഇല്ലത്തെ എം ജി നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല കുടുംബാംഗമായത്.മണ്ണാറശാല വലിയമ്മയായിരുന്ന സാവിത്രി അന്തർജനം 1993 ഒക്ടോബർ 24ന് സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം മണ്ണാറശാല അമ്മയായി ചുമതലയേറ്റത്. 1995 മാർച്ച് 22ന് ക്ഷേത്രത്തിൽ പൂജ തുടങ്ങി.

    മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ പൂജാകർമ്മങ്ങൾ നടത്തുന്ന അന്തർജനങ്ങളാണ് 'മണ്ണാറശാല അമ്മ' എന്ന പേരിൽ അറിയപ്പെടുന്നത്. പൂജാരിണിയായ ഈ അന്തർജനത്തെ 'വലിയമ്മ' എന്നാണ് വിളിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം അമ്മയാണ് നടത്തുന്നത്. ഇല്ലത്ത് വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിർന്ന അംഗമാണ് മണ്ണാറശാല അമ്മയായി സ്ഥാനമേൽക്കുന്നത്.


  • കൊച്ചി: പ്രമുഖ സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ ആമൃത ആശുപത്രിയിൽ  ചികിത്സയിലിരിക്കെ രാത്രി 9.10നായിരുന്നു അന്ത്യം. 63 വയസായിരുന്നു. ന്യൂമോണിയയും കരള്‍ രോഗബാധയും മൂലം സിദ്ദിഖ് ചികിത്സയില്‍ കഴിയുകയായിരുന്നു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്.  സംസ്‌കാരം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടക്കും.

    സിദിഖിന്റെ ആരോഗ്യസ്ഥിതിയറിഞ്ഞ് ബന്ധുക്കളും സിനിമാ മേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളുമടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. നാളെ രാവിലെ 9 മണി മുതല്‍ 2 മണി വരെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം നടക്കും. ശേഷം കാക്കനാട്ടെ വസതിയിലേക്ക് ഭൗതിക ശരീരം എത്തിക്കും. വീട്ടില്‍ ഏതാനുമിനുട്ടുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ എത്തിച്ച് ഖബറടക്കും.

    മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ സിദ്ദിഖ് സംവിധാനം ചെയ്തിട്ടുണ്ട്. അനുകരണ കലയിലൂടെ കടന്നുവന്ന സിദ്ദിഖ് സംവിധായകൻ ലാലിനൊപ്പം ചേർന്ന് ആറ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അവയെല്ലാം തന്നെ മലയാളത്തിലെ ബോക്സോഫീസ് ഹിറ്റുകളായിരുന്നു. സിദ്ദിഖും ലാലും പിരിഞ്ഞതിന് ശേഷവും ഹിറ്റ്‌ലർ, ബോഡി ഗാർഡ്, ഫ്രണ്ട്സ് തുടങ്ങിയ ചിത്രങ്ങൾ  സിദ്ദിഖ് സംവിധാനം ചെയ്യുകയും മലയാള സിനിമയിൽ തന്റേതായ ഒരു വ്യക്തിമുദ്ര അദ്ദേഹം പതിപ്പിക്കുകയും ചെയ്തു.



  • ചെന്നൈ: 'അങ്ങാടിത്തെരു' എന്ന സിനിമയിലൂടെ ശ്രദ്ധേയായ നടി സിന്ധു അന്തരിച്ചു. 44 വയസായിരുന്നു. ഇന്ന് പുലർച്ചെ 2.15ന് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ട് വർഷത്തിലേറെ ആയി സ്തനാർബുദത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു അങ്ങാടിത്തെരു. പിന്നാലെ നാടോടികൾ, നാൻ മഹാൻ അല്ലൈ, തേനവെട്ട്, കറുപ്പസാമി കുടകൈതരർ തുടങ്ങി ഏതാനും സിനിമകളിലൂടെ ജനശ്രദ്ധ നേടിയ തമിഴ് നടിയാണ് സിന്ധു. സിനിമകൾക്കു പിന്നാലെ നിരവധി ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

    ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ആളാണ് സിന്ധു. സിനിമയിൽ നിറഞ്ഞുനിൽക്കുമ്പോൾ 2020ലാണ് സിന്ധുവിനെ അർബുദം പിടികൂടുന്നത്. ശേഷം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോ​ഗം മൂർച്ഛിച്ചതോടെ സ്തനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ രോഗം ഭേദമാക്കാന്‍ സാധിച്ചിരുന്നില്ല. കീമോതെറാപ്പി ചെയ്തതോടെ സിന്ധുവിന്റെ ഇടതു കൈയ്ക്ക് ചലനം നഷ്ടമായി. സ്വന്തം കാര്യങ്ങൾ പോലും നോക്കാൻ സാധിക്കാത്ത അവസ്ഥയിൽ എത്തി. ചികിത്സയുടെ ഇടയിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ സിന്ധു പോയിരുന്നു. പക്ഷേ, അതും സ്തനങ്ങളിലെ അണുബാധയ്ക്കു കാരണമായി. ഒടുവിൽ വേദന സഹിക്കാനാകില്ലെന്നും തന്നെ വിഷം കുത്തിവെച്ച് ജീവിതം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നടി രം​ഗത്തെത്തിയിരുന്നു. കോവിഡ് കാലത്ത് ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നവരെ സഹായിക്കാനും സിന്ധു മുന്നിലുണ്ടായിരുന്നു. 

    കഴിഞ്ഞ മൂന്നു വർഷമായി കാൻസർ രോഗത്തെ തുടർന്നു വളരെ പരിതാപകരമായ അവസ്ഥയിലൂടെയാണ് സിന്ധു കടന്നു പോയത്. സമീപകാലത്ത് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് സിന്ധുവിന്റെ ദയനീയ അവസ്ഥ പ്രേക്ഷകരും തിരിച്ചറിഞ്ഞത്. "നിങ്ങളുടെ 10 രൂപയോ, ഇരുപതോ അമ്പതോ എഴുത്തിയഞ്ചോ എങ്കിലും എനിക്കു തന്ന് എന്നെ സഹായിക്കൂ…" എന്നായിരുന്നു സിന്ധുവിന്റെ അഭ്യർത്ഥന. മകളും കൊച്ചു മകളും അടങ്ങുന്നതായിരുന്നു സിന്ധുവിന്റെ കുടുംബം. മകളുടെ ഭർത്താവ് ഹൃദയാഘാതം വന്ന് മാസങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. സിന്ധുവിന്റെ വരുമാനത്തിൽ ആയിരുന്നു ഈ കുടുംബം മുന്നോട്ട് പോയിരുന്നത്.
  •  

    ബം​ഗ​ളൂ​രു: ക​ന്ന​ട ന​ടി സ്പ​ന്ദ​ന രാ​ഘ​വേ​ന്ദ്ര(35) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ബാ​ങ്കോംഗി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ന്ന​ട സി​നി​മ​യി​ലെ പ്ര​ശ​സ്ത ന​ട​ൻ വി​ജ​യ രാ​ഘ​വേ​ന്ദ്ര​യാ​ണ് ഭ​ർ​ത്താ​വ്. കു​ടും​ബ​സ​മേ​തം ബാ​ങ്കോം​ഗി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത മ​ര​ണം.

    ഹോ​ട്ട​ൽ മു​റി​യി​ൽ വ​ച്ച് ര​ക്ത​സ​മ്മ​ർ​ദം കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ന​ടി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വും മ​ക​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ക​ന്ന​ട സി​നി​മ​താ​രം രാ​ജ് കു​മാ​റി​ന്‍റെ ബ​ന്ധു​വാ​ണ് സ്പ​ന്ദ​ന​യു​ടെ ഭ​ർ​ത്താ​വ് വി​ജ​യ രാ​ഘ​വേ​ന്ദ്ര. രാ​ജ് കു​മാ​റി​ന്‍റെ മ​ക​നും ക​ന്ന​ട സി​നി​മ​യി​ലെ സൂ​പ്പ​ർ താ​ര​വു​മാ​യി​രു​ന്ന പു​നീ​ത് രാ​ജ്കു​മാ​റും ഹൃ​ദ​യാ​ഘാത​ത്തെ തു​ട​ർ​ന്നാ​യിരുന്നു അ​ന്ത​രി​ച്ച​ത്.

    2007-ലാ​ണ് സ്പ​ന്ദ​ന​യും നടൻ വി​ജ​യ രാ​ഘ​വേ​ന്ദ്ര​നും വി​വാ​ഹി​ത​രാ​യ​ത്. ഷൗ​ര്യ എ​ന്നു പേ​രു​ള്ള ഒ​രു മ​ക​നാ​ണ് ദ​ന്പ​തി​ക​ൾ​ക്കു​ള്ള​ത്. ക​ർ​ണ്ണാ​ട​ക റി​ട്ട. അ​സി. ക​മ്മീ​ഷ​ണ​ർ ബി.​കെ. ശി​വ​റാ​മി​ന്‍റെ മ​ക​ളാ​ണ് സ്പന്ദന. അ​പൂ​ർ​വ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ക​ന്ന​ഡ സി​നി​മ​ലോ​ക​ത്തെ​ത്തി​യ സ​പ്ന്ദ​ന നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.


  • കൊച്ചി: സിനിമ-സീരിയല്‍ നടന്‍ കൈലാസ്നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ തിരുവനന്തപുരം വലിയവിളയില്‍ നടക്കും.

    സിനിമകളേക്കാൾ കൂടുതൽ ടെലിവിഷൻ സീരിയലുകളിലൂടെയാണ് നടൻ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതനാവുന്നത്. ഏറെകാലം ശ്രീകുമാരൻ തമ്പിയുടെ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള കൈലാസ് നാഥ് ‌മലയാളത്തിൽ 'ഇതു നല്ല തമാശ' എന്ന സിനിമ സംവിധാനം ചെയ്തു. 1977ൽ പുറത്തിറങ്ങിയ 'സംഗമം' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമരം​ഗത്തേക്ക് എത്തിയത്. തമിഴ് സിനമ മേഖലയിലും സജീവമായിരുന്നു.


  • തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന വക്കം പുരുഷോത്തമൻ‌ അന്തരിച്ചു. 96 വയസ്സായിരുന്നു.തിരുവനന്തപുരത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 

    ത്രിപുര, മിസോറാം എന്നിവിടങ്ങളിൽ ഗവർണർ പദവി വഹിച്ചിരുന്നു. ആൻഡമാനിൽ ലഫ്റ്റനന്‍റ് ഗവർണർ സ്ഥാനവും വഹിച്ചു. രണ്ടു തവണകളിലായി കേരളത്തിൽ ഏറ്റവും കൂടുതൽ കാലം സ്പീക്കർ സ്ഥാനത്തിനിരുന്നുവെന്ന ബഹുമതിയും വക്കം പുരുഷോത്തമന് സ്വന്തമാണ്.

    ലോക് സഭ അംഗം, സംസ്ഥാന മന്ത്രി എന്നീ പദവികളും വഹിച്ചിരുന്നു. അഞ്ച് തവണയാണ് വക്കം സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നു തവണ മന്ത്രിയായി. രണ്ട് തവണ എംപി സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു.

    തിരുവനന്തപുരത്തെ വക്കം ഗ്രാമത്തിൽ 1928 ഏപ്രിൽ 12നാണ് ജനനം. 1946ൽ സ്റ്റുഡന്‍റ് കോൺഗ്രസ് വഴിയാണ് പൊതു പ്രവർത്തനത്തിലേക്കെത്തുന്നത്. പിന്നീട് 1943 ൽ വക്കം ഗ്രാമപഞ്ചായത്ത് അംഗമായി. കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് എന്നീ പദവികളും വഹിച്ചിരുന്നു.



  • പട്ടാമ്പി: കോൺ​ഗ്രസ്സ് നേതാവും പട്ടാമ്പി മുൻ നഗരസഭ ചെയർമാനും ഡി സി സി വൈസ് പ്രസിഡന്റുമായിരുന്ന കെ എസ് ബി എ തങ്ങൾ അന്തരിച്ചു. അർബുദരോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാത്രിയോടെ പട്ടാമ്പിയിലെ വസതിയിൽ എത്തിക്കുന്ന മൃതദേഹം നാളെ പട്ടാമ്പി ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ കബറടക്കും.

    കെ എസ് ബി എ തങ്ങൾ എം ഇ എസ് സംസ്ഥാന എക്സിക്യൂട്ട് കമ്മിറ്റി അംഗമാണ്. പട്ടാമ്പിയിലെ എം ഇ എസ് സെൻട്രൽ സ്കൂളിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭാരവാഹിയാണ്. ദീർഘകാലം പട്ടാമ്പി ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും നഗരസഭ ചെയർമാനും ആയി പ്രവർത്തിച്ചിട്ടുണ്ട്.

    കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി തങ്ങളുടെ പേര് വന്നിരുന്നെങ്കിലും പിന്നീട് മത്സരരംഗത്തേക്ക് വന്നില്ല. പരേതനായ കെ പി തങ്ങളാണ് പിതാവ്. മുസ്ലിംലീഗ് നേതാവായിരുന്ന കെ ഇ തങ്ങളാണ് സഹോദരൻ.



  • കോട്ടയം:  ഗാന്ധിയനും  കോട്ടയം എം ടി സെമിനാരി മുൻ അദ്ധ്യാപകനും  കോട്ടയം നഗരസഭാ മുൻ കൗൺസിലറുമായ ടി. ജി. ശാമുവൽ (79) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച കൊല്ലം പെരിനാട് മാർതോമ പള്ളിയിൽ.

    അപകടത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു.  കോട്ടയം എം.റ്റി സ്കൂൾ , ജറുസലേം മാർത്തോമ പള്ളി എന്നിവിടങ്ങളിൽ ഭൗതിക ശരീരം പൊതു ദർശനത്തിന് വയ്ക്കും.

    കോട്ടയം റെയിൽവേ സ്റ്റേഷൻ വാർഡ് പ്രതിനിധിയായി 15 വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്. ഗാന്ധിയൻ ദർശനങ്ങളെ പിന്തുടർന്നിരുന്ന അദ്ദേഹം നിരവധി ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധേയനായിരുന്നു. നിരവധി വെറ്ററൻസ് മീറ്റുകളിലെ ജേതാവുമായിരുന്നു. ഭാര്യ: സുമ