
തൃശൂർ: മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരി സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട് അന്തരിച്ചു. 87 വയസ്സായിരുന്നു. ചൊവ്വാഴ്‌ച വൈകിട്ട് ആറേമുക്കാലോടെ തൃശൂർ അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിന് സമീപം മകൻ അഷ്ടമൂർത്തിയുടെ വസതിയിലാണ് അന്ത്യം. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് വിശ്രമത്തിലായിരുന്നു. സംസ്‌കാരം ബുധനാഴ്‌ച പകൽ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ദേശമംഗലത്തു മനയിൽ പരേതനായ ഡി എ നമ്പൂതിരിപ്പാടാണ് ഭർത്താവ്.
പാലക്കാട് വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ കവി ഒ എം സി നാരായണൻ നമ്പൂതിരിപ്പാടിന്റെയും ഉമ അന്തർജനത്തിന്റെയും മകളായി 1934 മെയ് 16നാണ് ജനനം. കേരള കലാമണ്ഡലത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്.
ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി ഒട്ടേറെ കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. പഞ്ചതന്ത്രം (പുനരാഖ്യാനം), തത്ത പറഞ്ഞ കഥകൾ, കുറിഞ്ഞിയും കൂട്ടുകാരും, നെയ്പായസം, തങ്കക്കിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപ്പൊതി, കുടമണികൾ, മുത്തുസഞ്ചി, നടന്നു തീരാത്ത വഴികൾ എന്നിവയാണ് പ്രധാന ബാലസാഹിത്യകൃതികൾ. രണ്ടു ഭാഗങ്ങളായി പച്ചമലയാളം നിഘണ്ടുവും രചിച്ചു. കലാമണ്ഡലത്തിന്റെ ചരിത്രവും എഴുതിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ സാമൂഹ്യക്ഷേമവകുപ്പ് അവാർഡ്, സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപത്മനാഭസ്വാമി അവാർഡ്, ബാലസാഹിത്യത്തിനുള്ള 2010ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2013ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം, പത്മ അവാർഡ്, പൂന്താനം‐ ജ്ഞാനപ്പാന പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
ഒറ്റപ്പാലം ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1948ൽ പത്താം ക്ലാസ് പാസായെങ്കിലും പ്രായം തികയാതിരുന്നതിനാൽ കോളേജിൽ പഠിക്കാൻ സാധിച്ചില്ല. അച്ഛന്റെ കീഴിൽ സംസ്കൃതവും ഇംഗ്ലീഷും പഠിച്ചു. പതിനഞ്ചാംവയസ്സിലാണ് വിവാഹിതയാകുന്നത്.
മക്കൾ: ഡോ. ഉഷ നീലകണ്ഠൻ, നാരായണൻ, അഷ്ടമൂർത്തി. മരുമക്കൾ: ഡോ. നീലകണ്ഠൻ (കാർഡിയോ സർജൻ ജൂബിലി മിഷൻ ആശുപത്രി, തൃശൂർ), ഉഷ (റിട്ട. വൈദ്യരത്നം), ഗൗരി ( പോസ്റ്റൽ വകുപ്പ്). സഹോദരങ്ങൾ: ഊർമിള, രമണി, ദേവി, സാവിത്രി, ഗൗരി, സതി, നാരായണൻ,പരേതരായ ഡോ. ഒ എൻ വാസുദേവൻ,ഒ എൻ ദാമോദരൻ.