കോട്ടയം (18/8/2017): മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ കെ.ജി.മുരളീധരൻ (65) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചയോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശവസംസ്കാരം ശനിയാഴ്ച 10.30ന് മണിമല കടയനിക്കാട് കുളത്തുങ്കൽ അമ്പാടി വീട്ടുവളപ്പിൽ.
1982-ലാണ് അദ്ദേഹം മാതൃഭൂമിയിൽ സബ്ബ്എഡിറ്ററായത്. കോഴിക്കോട്, തിരുവനന്തപുരം, ദില്ലി, കോട്ടയം എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചു. സിസ്റ്റർ അഭയ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് 1999 ഓഗസ്റ്റിൽ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച 'സി.ബി.ഐ എഴുതാത്ത ഡയറിക്കുറിപ്പുകൾ' എന്ന പരമ്പരയ്ക്ക് അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള തോപ്പിൽ രവി അവാർഡ് ലഭിച്ചു.
സിഡ്നി ഒളിമ്പിക്സ്, സോൾ ഗെയിംസ്, റിലയൻസ് ലോക കപ്പ് ക്രിക്കറ്റ്, ഇൻഡിപ്പെൻഡൻസ് കപ്പ്, ജക്കാർത്ത ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് തുടങ്ങിയ പ്രധാന കായിക മാമാങ്കങ്ങളും റിപ്പോർട്ട് ചെയ്തു. കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റായും കേരള പ്രസ് അക്കാദമി വൈസ്ചെയർമാനായും പ്രവർത്തിച്ചു. മാതൃഭൂമിയിൽനിന്ന് വിരമിച്ചശേഷം എൻ.എസ്.എസ് പബ്ലിക് റിലേഷൻസ് ഓഫീസറായും പ്രവർത്തിച്ചു.
കെഴുവങ്കുളം കുളത്തുങ്കൽ പരേതരായ മാതേട്ട് ഗോപാലൻ നായരുടേയും നാരായണിയമ്മയുടേയും മകനാണ്. ഭാര്യ ഷീല സി.പിള്ള (കറുകച്ചാൽ എൻ.എസ്.എസ് ഹൈസ്കൂൾ മുൻ അദ്ധ്യാപിക). മക്കൾ: നന്ദഗോപാൽ, മീര നായർ (അസിസ്റ്റന്റ് പ്രൊഫസ്സർ, എൻ.എസ്.എസ് കോളേജ്, രാജകുമാരി), മരുമക്കൾ: സൂരജ് മാധവൻ, പൗളിന സ്മിഗർ (പോളണ്ട്).