08 November, 2019 09:38:34 AM


നിയമസഭാകക്ഷി നേതാവിന്റെയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പ് ; കേരളാ കോണ്‍ഗ്രസി(എം)ല്‍ പുതിയ തര്‍ക്കത്തിന് തുടക്കം


uploads/news/2019/11/349455/kerala-congrass.jpg


തിരുവനന്തപുരം: നിയമസഭാകക്ഷി നേതാവിന്റെയൂം ഭാരവാഹികളുടെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസി(എം)ല്‍ പുതിയ വിവാദത്തിന് തുടക്കം. നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുത്ത നടപടി തെറ്റാണെന്നു വാദിച്ച് ജോസ് കെ. മാണി വിഭാഗത്തിലെ നിയമസഭാംഗം ഡോ: എന്‍. ജയരാജ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു നല്‍കിയ കത്തിന് ഇന്നലെ ജോസഫ് പക്ഷത്തെ മോന്‍സ് ജോസഫ് മറുപടി നല്‍കി.


പാര്‍ട്ടി ഭരണഘടനയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ് നടന്നതെന്നും അതിലെ തീരുമാനം അംഗീകരിക്കണമെന്നുമാണു നിയമസഭാകക്ഷിയുടെ പുതിയ ചീഫ് വിപ്പും സെക്രട്ടറിയുമായ മോന്‍സിന്റെ കത്തിലുള്ളത്. നിയമസഭാകക്ഷി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് അംഗീകരിക്കരുതെന്നു കാട്ടി എന്‍. ജയരാജ് നല്‍കിയ കത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടുള്ള കത്താണ് മോന്‍സ് നല്‍കിയിരിക്കുന്നത്.


നിയമസഭാകക്ഷി നേതാവായിരുന്ന കെ.എം. മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന് നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗം വിളിക്കാനുള്ള അധികാരം പി.ജെ. ജോസഫിനാണെന്നു കത്തില്‍ പറയുന്നു. കമ്മിറ്റി വിളിക്കാനായി കത്ത് നല്‍കിയപ്പോള്‍ കട്ടപ്പന കോടതിയുടെ വിധി വരട്ടെയെന്നാണ് റോഷി അഗസ്റ്റിനും എന്‍. ജയരാജും പറഞ്ഞിരുന്നത്. ഇക്കാര്യം പരിഗണിച്ച് കോടതിവിധിക്കു ശേഷം നവംബര്‍ ഒന്നിന് യോഗം വിളിച്ചു.


പങ്കെടുക്കാന്‍ ബാധ്യസ്ഥരായ അവര്‍ വിട്ടുനിന്ന ശേഷം വര്‍ക്കിങ് ചെയര്‍മാന്റെ അധികാരം ചോദ്യം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇവരുടെ വാദങ്ങളെല്ലാം കട്ടപ്പന സബ്‌കോടതി തള്ളിക്കളഞ്ഞതാണ്. ചെയര്‍മാന്റെ അഭാവത്തില്‍ അധികാരങ്ങളും ഉത്തരവാദത്തങ്ങളും വിനിയോഗിക്കുന്നതിനുള്ള ചുമതല വര്‍ക്കിങ് ചെയര്‍മാനില്‍ നിക്ഷിപ്തമാണെന്നും ഈ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മറച്ചുവച്ചാണ് ജയരാജ് കത്തു നല്‍കിയതെന്നും ഭാരവാഹി തെരഞ്ഞെടുപ്പ് അംഗീകരിക്കണമെന്നും കത്തില്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K