13 November, 2019 08:05:29 AM


മുഖം കാണിക്കേണ്ട: മുഖ്യമന്ത്രിക്ക് ഇനി ഓണ്‍ലൈനായി പരാതി നല്‍കാം; തീര്‍പ്പ് 21 ദിവസത്തിനകം



തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഇനി സെക്രട്ടേറിയറ്റ് പടിക്കല്‍ അനുവാദത്തിനായി കാത്തുകെട്ടി നില്‍ക്കേണ്ട. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും ഇനി ഓണ്‍ലൈനായി പരാതികള്‍ നല്‍കാം. www.cmo.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പരാതി നല്‍കാവുന്നത്. പരിഹാരം പ്രതീക്ഷിച്ചുള്ള നീണ്ട കാത്തിരിപ്പിന് ഇതോടെ വിരാമമായി.


പരാതിപരിഹാരം ലക്ഷ്യമിട്ട് പന്ത്രണ്ടായിരത്തോളം സര്‍ക്കാര്‍ ഓഫീസുകളെ ഈ ഓണ്‍ലൈന്‍ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അപേക്ഷ നല്‍കിയാലുടന്‍ പരാതിക്കാരന് അപേക്ഷാ നമ്ബര്‍ സഹിതമുള്ള വിവരങ്ങള്‍ എസ്‌എംഎസായി ലഭിക്കും. ഈ നമ്ബര്‍ ഉപയോഗിച്ച്‌ പിന്നീട് അപേക്ഷയുടെ വിവരം അന്വേഷിക്കാനാകും.

സാധാരണ പരാതികള്‍ 21 ദിവസത്തിനകം തീര്‍പ്പാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. നിലവില്‍ 898 ദിവസംവരെയാണ് ഇതിനായി എടുക്കുന്നത്.


ദുരിതാശ്വാസ സഹായത്തിനായി അപേക്ഷിച്ചാല്‍ 175 ദിവസമാണ് ഫയല്‍ തീര്‍പ്പാക്കാനെടുത്തിരുന്നത്. ഇത് 22 ആയി കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. പരാതിയില്‍ തീര്‍പ്പാകുന്നതുവരെ ഈ ഫയല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലുണ്ടാകും. 0471 2517297 എന്ന നമ്ബറിലും 0471 155300 എന്ന ടോള്‍ഫ്രീ നമ്ബറിലും വിവരങ്ങളറിയാം. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2,36,589 പരാതികള്‍ ലഭിച്ചതില്‍ 1,65,936 എണ്ണം പരിഹരിച്ചു. 70,653 എണ്ണത്തില്‍ നടപടി തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K