18 November, 2019 12:51:17 PM


വാളയാർ കേസ്: പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി; അപ്പീൽ നൽകാനുള്ള നടപടി ഊർജിതം ‐ മുഖ്യമന്ത്രി



തിരുവനന്തപുരം : വാളയാറില്‍ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വീഴ്‌ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേസില്‍ പ്രോസിക്യൂട്ടറായിരുന്ന ലതാ ജയരാജിനെതിരായാണ് നടപടിയുണ്ടായിരിക്കുന്നത്. ഇന്ന് രാവിലെയാണ് ഇതു സംബന്ധിച്ച ഉത്തരവില്‍ താന്‍ ഒപ്പിട്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു.


പ്രതികളെ വെറുതെവിട്ട സംഭവം സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ട്‌. കോടതി ഉത്തരവിനെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതിനുള്ള ഊർജിത നടപടികൾ സ്വീകരിച്ച്‌ വരികയാണ്‌. പ്രതിക്കുവേണ്ടി ഹാജരായ പാലക്കാട്‌ സിഡബ്ല്യുസി ചെയർമാനെയും സ്ഥാനത്തുനിന്ന്‌ മാറ്റിയിരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആദിവാസി‐പട്ടിക വർഗ പീഡനങ്ങൾ വർദ്ധിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന ഇത്തരം സംഭവങ്ങൾ യഥാസമയം പരിളോധിച്ച്‌ കേസുകൾ രജിസ്‌റ്റർ ചെയ്യണമെന്ന്‌ പൊലീസിന്‌ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്‌.


കേസിന്റെ അപ്പീലില്‍ വാദത്തിന് മികച്ച അഭിഭാഷകരെ തന്നെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേസില്‍ പാര്‍ട്ടിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ല. സിബിഐ അന്വേഷണത്തിന് കുടുംബം ആവശ്യപ്പെട്ടാല്‍ അനുകൂല നടപടിയാകും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നു. വീഴ്‌ച സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചതായി കഴിഞ്ഞ ദിവസം മന്ത്രി എ കെ ബാലനും അറിയിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K