25 November, 2019 05:42:26 PM


"വയനാട് എംപിയെ കാണ്മാനില്ല" എന്ന് പരാതി; രാഹുലിനെ പാര്‍ലമെന്‍റില്‍ കണ്ടെത്തിയെന്ന് പോലീസ്

- സ്വന്തം ലേഖകന്‍



മലപ്പുറം: വയനാട് എംപി രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന പരാതിയുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസ്. എടക്കര പൊലീസ് സ്റ്റേഷനില്‍ ഇന്നാണ് അജി തോമസ് പരാതി നല്‍കിയത്. വയനാട് എംപിയായ രാഹുല്‍ ഗാന്ധി എവിടെയാണുള്ളതെന്ന് അറിയില്ല. അദ്ദേഹം എവിടെയാണുള്ളതെന്ന് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അതെല്ലാം നീക്കം ചെയ്യണമെന്നും പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ കാണാതായ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റില്‍ കണ്ടെത്തിയെന്ന മറുപടി പരാതിക്കാരന് നല്‍കുമെന്ന് പോലീസ് 'കൈരളി വാര്‍ത്ത'യോട് പറഞ്ഞു.. 


ഒക്ടോബർ മുപ്പതിനാണ് രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയത്. സാമ്പത്തിക മാന്ദ്യത്തിനെതിരായ പ്രതിഷേധങ്ങൾ ശക്തിപ്പെടുന്ന സമയത്ത്, രാഹുലിന്‍റെ വിദേശ യാത്ര വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. തിരിച്ചെത്തിയ രാഹുൽ ഇന്ന് മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതുമായി ബന്ധപ്പെട്ട അസാധാരണ സംഭവവികാസങ്ങളിൽ ലോക്സഭയിൽ പ്രതിഷേധമുയർത്തി. ലോക്‌സഭ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കുന്ന രാഹുൽ ചോദ്യോത്തരവേളയിലാണ് തന്‍റെ പ്രതിഷേധം വ്യക്തമാക്കിയത്.


ചോദ്യോത്തരവേളയിൽ എഴുന്നേറ്റുനിന്ന രാഹുൽ ഗാന്ധി 'ഞാൻ ഇന്ന് ഇവിടെ ചോദ്യം ചോദിക്കാനാണ് എത്തിയത്. എന്നാൽ ഇന്ന് ചോദ്യം ചോദിക്കുന്നതിന് ഒരു അർത്ഥവുമില്ല. കാരണം മഹാരാഷ്ട്രയിൽ ജനാധിപത്യം കൊലചെയ്യപ്പെട്ടിരിക്കുന്നു.' എന്നുപറഞ്ഞ് തന്‍റെ സീറ്റിൽ ഇരിക്കുകയായിരുന്നു. മഹാരാഷ്ട്ര വിഷയത്തിൽ സർക്കാരിനെതിരായ പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു രാഹുലിന്‍റെ പ്രതിഷേധം.


ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ചരിത്രത്തിൽ 4,31,770 വോട്ടി​​ന്‍റെ റെക്കോർഡ് ഭൂരിപക്ഷം രാഹുലിന്​ സമ്മാനിച്ച വയനാട്​ മണ്ഡലം തുടർച്ചയായ മൂന്നാം തവണയും യുഡിഎഫിനൊപ്പം ഉറച്ചു നിൽക്കുകയായിരുന്നു. ഇന്ത്യയിൽതന്നെ ഏറ്റവുമുറച്ച കോൺഗ്രസ്​ അനുകൂല മണ്ഡലങ്ങളിലൊന്നായ വയനാട്ടിൽ മത്സരിക്കാനെത്തിയ രാഹുലിനെ സംസ്​ഥാനത്തെ തിരഞ്ഞെടുപ്പ്​ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയം സമ്മാനിച്ചാണ്​ വയനാട്​ വരവേറ്റത്​.  10,89,999 പേർ വോട്ടുചെയ്ത മണ്ഡലത്തിൽ 7,06,367 വോട്ടുകളാണ്​ രാഹുലിന് അനുകൂലമായി പോൾ ചെയ്​തത്​. അതേസമയം, അമേഠിയിൽ ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനിയോട് ദയനീയ പരാജയമായിരുന്നു രാഹുൽ ഏറ്റു വാങ്ങിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K