18 February, 2020 10:37:17 PM


ടാങ്കര്‍ കുടിവെള്ള വിതരണത്തിന് ഇനി കടമ്പകൾ ഏറെ: മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍



കൊച്ചി: സംസ്ഥാനത്ത് ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ ടാങ്കിലും കുടിവെള്ളം വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും സര്‍ക്കാര്‍ വിശദമായ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഈ മാനദണ്ഡങ്ങള്‍ അനുസരിച്ചാകും ജില്ലയിലെ കുടിവെള്ള വിതരണമെന്ന് ജില്ലാ കള്കടര്‍ എസ്. സുഹാസ് അറിയിച്ചു. ടാങ്കര്‍കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് മുന്‍പ് ജില്ലാ തലത്തില്‍ പുറപ്പെടുവിച്ച  ക്രമീകരണങ്ങള്‍ ഇതോടെ സംസ്ഥാനതല നിര്‍ദ്ദേശങ്ങള്‍ക്ക് വഴിമാറി. 


സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കുടിവെള്ള വിതരണം ചെയ്യുന്നവര്‍ എഫ്.ബി.ഒ ലൈസന്‍സ് ഉള്ളവരായിരിക്കണം. ലൈസന്‍സുള്ള ടാങ്കര്‍ ലോറികളില്‍ മാത്രമേ കുടിവെള്ള വിതരണം നടത്താന്‍ പാടുള്ളൂ. കുടിവെള്ള വിതരണത്തിനായി ഏതെങ്കിലും വ്യക്തി ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍  വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍, ലൈസന്‍സില്‍ കൃത്യമായി രേഖപ്പെടുത്തി പ്രത്യേകം ലൈസന്‍സുകള്‍ എടുത്തിരിക്കണം. സ്വന്തമായി വാഹനം ഇല്ലാത്തവര്‍ വാടക വാഹനങ്ങള്‍ക്കും ലൈസന്‍സ് എടുക്കണം. വാഹനങ്ങളില്‍ ലൈസന്‍സ് നമ്പര്‍ പ്രദര്‍ശ്ശിപ്പിച്ചിരിക്കണം.


കുടിവെള്ള വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ കുടിവെള്ളം എന്ന് മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തണം. മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളമാണെങ്കില്‍ നിര്‍മ്മാണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള വെള്ളം എന്ന് രേഖപ്പെടുത്തണം. മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളം വ്യക്തമായി രേഖപ്പെടുത്താതെ കൊണ്ടുപോയാല്‍ അത് കുടിവെള്ളമായി പരിഗണിച്ച് നിയമനടപടികള്‍ സ്വീകരിക്കും. ടാങ്കുകള്‍ വൃത്തിയാക്കുന്നതിന് അടച്ചുറപ്പുള്ള ആക്‌സസ് പോയന്റ് ടാങ്കുകളില്‍ ഉണ്ടായിരിക്കണം. ക്ലോറിന്‍ ടെസ്റ്റ് കിറ്റ് എല്ലാ കുടിവെള്ള വിതരണ വാഹനങ്ങളില്‍ ഉണ്ടായിരിക്കേണ്ടതും വാഹന ജീവനക്കാരിലൊരാള്‍ ഇത് ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കേണ്ടതുമാണ്.


കുടിവെള്ളം ശേഖരിക്കുന്ന ടാങ്കുകളുടെ ഉള്‍വശം ബിറ്റുമിനാസ്റ്റിക് ആവരണമോ മറ്റ് അനുവദനീയ ആവരണങ്ങളോ ഉള്ളവയായിരിക്കണം. ടാങ്കുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ക്ലോറിനേഷനിലൂടെ അണുവിമുക്തമാക്കണം. കൂടാതെ ടാങ്കുകളിലേക്ക് വെള്ളം നിറക്കുന്നതിനും പുറത്തേക്ക് വിതരണം ചെയ്യുന്നതിനുള്ള പമ്പുകള്‍, പൈപ്പുകള്‍ എന്നിവ ശുചീകരിച്ചിരിക്കണം. ടാങ്കറിലെ കുടിവെള്ളം ക്ലോറിനേറ്റ് ചെയ്ത് അണു വിമുക്തമായിരിക്കണം. 


കുടിവെള്ള സ്രോതസ്സുകള്‍ക്ക് എഫ്.ബി.ഒ ലൈസന്‍സ് ഉണ്ടായിരിക്കണം. ഇത്തരം ലൈസന്‍സ് ഉള്ള കുടിവെള്ള സ്രോതസ്സുകളില്‍ നിന്ന് മാത്രമേ കുടിവെള്ളം ശേഖരിക്കാവൂ. കുടിവെള്ള സ്രോതസ്സുകളിലെ ജലം ആറ് മാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ ലാബുകളിലോ എന്‍.എ.ബി.എല്‍ അക്രഡിറ്റഡ് ലാബുകളിലോ പരിശോധിച്ച് ശുദ്ധമാണെന്ന സര്‍ട്ടിഫിക്കറ്റുകള്‍ നേടണം. കുടിവെള്ളവിതരണ വാഹനങ്ങളില്‍ ഫുഡ് സേഫ്റ്റി ലൈസന്‍സ്, കുടിവെള്ളം പരിശോധിച്ച അംഗീകൃത ലാബ് റിപ്പോര്‍ട്ട്, കുടിവെള്ള ടാങ്കറിന്റെ ശേഷി, കോട്ടിംഗ് എന്നിവയുടെ തെളിവ് അടങ്ങിയ രേഖകള്‍ ഉണ്ടായിരിക്കണം.  വെള്ളം ശേഖരിക്കുന്ന സ്രോതസ്സിന്റെ ഫുഡ് സേഫ്റ്റി ലൈസന്‍സ് വിവരങ്ങള്‍, വിതരണം ചെയ്യുന്ന സ്ഥലങ്ങള്‍, ടാങ്ക് ശുചീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുതലായവ കുടിവെളള വിതരണ വാഹനത്തില്‍ സൂക്ഷിക്കണം. മേല്‍പ്പറഞ്ഞ രേഖകള്‍ ഇല്ലാതെ കുടിവെള്ള വിതരണം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതും പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്.


കുടിവെള്ളം പുറമേ നിന്ന് വാങ്ങുന്നവര്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഉളള വിതരണക്കാരില്‍ നിന്ന് മാത്രമേ വാങ്ങി ഉപയോഗിക്കാവൂ. ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ഫ്ലാറ്റുകള്‍, ആശുപത്രികള്‍, വീടുകള്‍, കുടിവെള്ളം ആവശ്യമുള്ള മറ്റ് സംരംഭകര്‍ എന്നിവര്‍ കുടിവെള്ളം വിതരണം ചെയ്യുന്നവരുടെ വിവരങ്ങള്‍ അടങ്ങിയ രെജിസ്റ്റര്‍ സൂക്ഷിക്കണം. ഈ രെജിസ്റ്ററില്‍ കുടിവെള്ള സ്രോതസ്സ്, പരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, വാങ്ങുന്ന വെള്ളത്തിന്റെ കൃത്യമായ അളവ് (ലിറ്ററില്‍), വിതരണക്കാരന്റെ ലൈസന്‍സ് വിവരങ്ങള്‍, വിതരണം സംബന്ധിച്ച കരാര്‍ പകര്‍പ്പ് എന്നിവ സൂക്ഷിച്ചിരിക്കണം. ഈ രജിസ്റ്റര്‍ സൂക്ഷിക്കാതിരുന്നാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരും. കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള ടോള്‍ ഫ്രീ നമ്പര്‍ 1800 425 1125.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K