10 May, 2020 12:25:27 AM


ലോക്ക്ഡൗൺ: ഇന്ന് സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ; ഇളവുകൾ അറിയാം



തിരുവനന്തപുരം: ഞായറാഴ്ച സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവായി. അവശ്യസേവന വിഭാഗങ്ങൾക്ക് ഇളവുകളുണ്ട്. പാൽവിതരണവും സംഭരണവും, ആശുപത്രികൾ, ലാബുകൾ, മെഡിക്കൽ സ്റ്റോർ, അനുബന്ധ സേവനങ്ങൾ, കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകൾ, മാലിന്യ നിർമാർജന ഏജൻസികൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. 

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് അനുമതിയുണ്ട്. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾക്ക് രാവിലെ എട്ടു മണി മുതൽ രാത്രി ഒമ്പതു വരെ പ്രവർത്തിക്കാം. ഓൺലൈനിൽ ഓർഡർ ചെയ്യുന്ന ഭക്ഷണം പത്തു മണി വരെ എത്തിക്കാൻ അനുമതിയുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്കും കോവിഡ് 19 പ്രതിരോധ പ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കും മേൽ സൂചിപ്പിച്ച അനുവദനീയമായ കാര്യങ്ങൾക്കായി പ്രവർത്തിക്കുന്നവർക്കും സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കും.


അടിയന്തര സാഹചര്യത്തിൽ യാത്ര ചെയ്യേണ്ടി വന്നാൽ ജില്ലാ അധികാരികളിൽ നിന്നോ പോലീസിൽ നിന്ന് പാസ് വാങ്ങണം. ചരക്കു വാഹനങ്ങൾ അനുവദിക്കും.തുടർച്ചതായി പ്രവർത്തിക്കേണ്ട ഉത്പാദന മേഖലയിലെ വ്യവസായങ്ങൾ, ഇപ്പോൾ നടന്നു വരുന്ന നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കും അനുമതിയുണ്ട്. നടന്നും സൈക്കിളിൽ പോകുന്നതിനും അനുമതിയുണ്ട്.

തിരുവനന്തപുരം കോർപറേഷൻ മേഖലയിൽ മ്യൂസിയം ജംഗ്ഷൻ- വെള്ളയമ്പലം റോഡ്, കവടിയാർ - രാജ്ഭവൻ- വെള്ളയമ്പലം റോഡ്, പട്ടം- കുറവൻകോണം- കവടിയാർ റോഡ്, കൊച്ചി കോർപറേഷൻ പരിധിയിൽ ബി. ടി. എച്ച് മുതൽ ഹൈക്കോടതി ജംഗ്ഷൻ വരെയും മനോരമ ജംഗ്ഷൻ മുതൽ പനമ്പള്ളി നഗർ വരെയും സ്‌റ്റേഡിയം ലിങ്ക് റോഡും കലൂർ സ്‌റ്റേഡിയത്തിന്റെ അനുബന്ധ റോഡുകളും കോഴിക്കോട് കോർപറേഷനിലെ ബീച്ച് റോഡ് - കോഴിക്കോട്, എരഞ്ഞിപ്പാലം മുതലുള്ള പി. എച്ച്. ഇ. ഡി റോഡ് - സരോവരം പാർക്ക്, വെള്ളിമാടു കുന്ന് - കോവൂർ റോഡ് എന്നിവിടങ്ങളിൽ പുലർച്ചെ അഞ്ചു മുതൽ പത്തു മണി വരെ ചരക്കു വാഹനങ്ങളും അവശ്യ സേവന വാഹനങ്ങളുമല്ലാതെയുള്ള ഗതാഗതം അനുവദിക്കില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K