06 June, 2020 01:53:34 PM


ഇനി നമിതക്ക് പുരപ്പുറത്തു കയറേണ്ട; പഠിക്കാന്‍ വീട്ടിനുള്ളിൽ 4ജി സേവനമൊരുക്കി ജിയോ



മലപ്പുറം: നമിത നാരായണന് ഇനി ഓൺലൈൻ പഠനത്തിനായി പുരപ്പുറത്തു കയറേണ്ട. ഒരു മൊബൈൽ നെറ്റ് വർക്കിനും റെയ്ഞ്ച് ഇല്ലാതെ വന്നതോടെ പുരപ്പുറതത് കയറിയ ബിഎ ഇംഗ്ലീഷ് അഞ്ചാം സെമസ്റ്റർ വിദ്യാർഥിനിയായ നമിതയ്ക്ക് വീടിനുള്ളില്‍ 4ജി റെയ്ഞ്ചും പുതിയ സിമ്മും ജിയോ അധികൃതര്‍ ലഭ്യമാക്കി. മലപ്പുറം കോട്ടയ്ക്കലിന് സമീപം അരീക്കലിൽ താമസിക്കുന്ന നമിതക്ക് പഠനത്തിന് പുരപ്പുറത്തുകയറേണ്ടിവന്നത് വാര്‍ത്തയായിരുന്നു. വാർത്ത പുറത്തുവന്നതോടെയാണ് ജിയോ അധികൃതര്‍ രംഗത്തെത്തിയത്.


കുറ്റിപ്പുറം കെഎംസിറ്റി ആർട്സ് ആൻ‍ഡ് സയൻസ് കോളജിലെ വിദ്യാർത്ഥിയാണ് നമിത. സിഗ്നലിനായി രണ്ടുനില വീടിന്റെ മുകളിലാണ് നമിത വലിഞ്ഞുകയറിയത്. 'വീട്ടിലെ മുക്കിലും മൂലയിലും വരാന്തയിലുമെല്ലാം റെയ്ഞ്ച് ലഭിക്കാനായി പരിശ്രമിച്ചു. ഏറ്റവും ഒടുവിലാണ് രണ്ടുനില കെട്ടിടത്തിന്റെ പുരപ്പുറത്ത് സിഗ്നൽ ലഭിക്കുന്നുവെന്ന് കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് ഓൺലൈൻ ക്ലാസ് തുടങ്ങിയത്. അന്നു മഴയായതിനാൽ കുടയും ചൂടിയായിരുന്നു പുരപ്പുറത്തെ പഠനം. ബുധനാഴ്ചത്തെ വെയിലിലും തണലേകാൻ കുട കരുതി.


നമിതയുടെ അച്ഛൻ കെ സി നാരായണൻകുട്ടി കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിലെ ജീവനക്കാരനാണ്. മലപ്പുറം ജിഎംഎൽപി സ്കൂളിലെ അധ്യാപികയാണ് അമ്മ ജലജ. ഇരുമ്പ് ഏണി ഉപയോഗിച്ചാണ് നമിത മുകളിൽ കയറിയത്. ''മഴ അല്ല, ഇടിയും മിന്നലുമായിരുന്നു ഏറ്റവും വലിയ പ്രശ്നം. ഞാൻ മാത്രമല്ല. ഇവിടെ ഒരുപാടു വിദ്യാർഥികൾക്ക് കണക്ടിവിറ്റി പ്രശ്നങ്ങളുണ്ട്.'' - നമിത പറയുന്നു. കോട്ടയ്ക്കൽ പി എസ് വാരിയർ ആയുർവേദ കോളജിലെ നാലാം വർഷ ബിഎഎംഎസ് വിദ്യാർഥിയായ ചേച്ചി നയനയും അനുജത്തിക്ക് പൂർണ പിന്തുണയുമായി ഒപ്പം നിന്നു.


പെണ്‍കുട്ടി പുരപ്പുറത്തിരിക്കുന്ന ചിത്രം കണ്ട് ഒട്ടേറെയാളുകളാണ് വിവിധ സംശയങ്ങളുമായി രംഗത്തെത്തിയത്. ഒരു പെണ്‍കുട്ടി എങ്ങനെ ഓട് മേഞ്ഞ മേല്‍ക്കൂരയില്‍ കയറി ദീര്‍ഘനേരം പഠിക്കുന്നു എന്നായിരുന്നു പലരുടെയും സംശയം. മാത്രമല്ല മഴയും വെയിലും അതിജീവിക്കാന്‍ ചരി‍ഞ്ഞ പ്രതലത്തില്‍ ഓടിന്‍റെ മുകളില്‍ കുടയുമായി ഇരിക്കുന്നതും സംശയത്തിനിടനല്‍കി. ഫോട്ടോ എടുക്കുന്നതിന് വേണ്ടി മാത്രം ഫോട്ടോഗ്രാഫര്‍ പുരപ്പുറത്ത് കയറ്റിയതാണോ എന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചു.


അതേസമയം, ഹിന്ദു ദിനപത്രത്തിലെ വാര്‍ത്ത കണ്ട് ഫോട്ടോയെടുത്തതിനെകുറിച്ച് അന്വേഷിച്ച് ഒട്ടേറെയാളുകളാണ്  ഫോട്ടോഗ്രാഫർ സക്കീർ ഹുസൈനെ വിളിച്ചത്. ഈ ചിത്രവും വാർത്തയും ലഭിച്ച വഴിയെ കുറിച്ച് സക്കീർ ഹുസൈൻ തന്നെ ഫേസ്ബുക്കിൽ വിശദീകരിച്ചു.


പുരപ്പുറത്തൊരു പെൺകുട്ടി...


നെറ്റി ചുളിഞ്ഞു പോയിട്ടുണ്ട് ഈ ചിത്രം കണ്ടവർക്ക് ഇ ചിത്രത്തിനു പിന്നിൽ സംഭവിച്ചത് ഇതാണ്...

ഒരു കേടായ ടീവീ കാരണം ഇനി എനിക്ക് പഠിക്കാൻ കഴിയില്ല എന്ന് വിശ്വസിച്ചു സ്വയം ഇല്ലാതായ വിദ്യാർത്ഥിനി ഉള്ള അതെ നാട്ടിൽ തനിക്കു പഠിക്കാൻ സാധിക്കുന്ന ഏറ്റവും ചെറിയ സാധ്യത ഓട്ടിൻ പുറത്താണെങ്കിൽ ഞാൻ അവിടിരുന്നും പഠിക്കും എന്ന് തെളീച്ച നമിതയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥ പറയുന്ന ചിത്രമാണിത് കോറോണ സാഹചര്യത്തിൽ ജൂൺ 1 മുതൽ ആരംഭിച്ച ഓൺലൈൻ പഠനത്തിൽ നമിതയുടെ ഏറ്റവും വലിയ വെല്ലുവിളി മൊബൈൽ റേഞ്ച് ആയിരുന്നു താഴ്ന്ന പ്രദേശത്താണ് വീട് അതുകൊണ്ട് വീട്ടിലും പറമ്പിലും 2G ആണ് ഉള്ളത് വിവിധ കമ്പനികളുടെ സിമ്മുകൾ ഉണ്ടെങ്കിലും എല്ലാം ഇതാണ് അവസ്ഥ ഒടുക്കം നമിതയുടെ അച്ഛന്റെ നിർദ്ദേശപ്രകാരം സ്ഥിരമായി മാങ്ങാ പറിക്കാനും വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാനും കയറുന്ന ഓട്ടിൻ പുറത്തു ഒന്ന് കയറി നോക്കാൻ പറഞ്ഞു നമിത അപ്രകാരം ഓട്ടിൻ പുറത്തെത്തി Airtel സിമ്മിന് 4G റേഞ്ച് കിട്ടുന്നുണ്ട് അങ്ങനെ ഒന്നാം ദിവസം പഠനം ഓട്ടിൻപുറത്തു തുടങ്ങി ജൂൺ 2 കോട്ടക്കൽ ഭാഗത്ത് നല്ല മഴയായിരുന്നു അന്നും നമിത പുരപ്പുറത്തു കുടയും ചൂടി മഴയത്തിരുന്നു പഠിച്ചു നമിതയുടെ ചേച്ചിയും എന്റെ സുഹൃത്തും കോട്ടക്കൽ ആയുർവേദ കോളേജിൽ BAMS വിദ്യാർത്ഥിയും ആയ Nayana Narayan ഓട്ടിൻ പുറത്തിരുന്നു പഠിക്കുന്ന അനിയത്തിയുടെ ചിത്രം തന്റെ വാട്സപ്പ് സ്റ്റാറ്റസ് ആക്കി വെക്കുന്നു ജൂൺ 2നു ഞാൻ ഈ സ്റ്റാറ്റസ് കാണുന്നു അപ്പോൾ തന്നെ നയനക്കു മെസ്സേജ് അയച്ചു "യാരിവാൾ" എന്ന് സ്വന്തം അനിയത്തി എന്ന് റീപ്ലെ കിട്ടി ഉടനെ തന്നെ ആ സ്റ്റാറ്റസ് ഞാൻ സ്ക്രീൻ ഷോട്ട് എടുത്തു വെച്ചു., ഉടനെ നയനയെ ഫോൺ ചെയ്തു ആ വാട്സാപ്പ് സ്റ്റാറ്റസ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു എനിക്കതു വാർത്ത ചെയ്യണം എന്ന് കാര്യവും പറഞ്ഞു കൊടുത്തു തലേദിവസം നടന്ന വളാഞ്ചേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഓട്ടിൻ പുറത്തിരുന്നു പഠിക്കുന്ന നമിതക്കോ വീട്ടുകാർക്കോ അതു സമ്മതമല്ല നയനയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി അനിയത്തി നയനയുടെ പഠിക്കാനുള്ള ആത്മാർത്ഥ പുറം ലോകം അറിയണം കേരളം വിദ്യാഭ്യാസത്തിൽ രാജ്യത്തു ഒന്നാം സ്ഥാനത്തു എത്താൻ കാരണം ഇതുപോലുള്ള നമിതമാർ ഓട്ടിൻ പുറത്തിരുന്നും പഠിക്കാൻ തയ്യാറായത് കൊണ്ടാണ് എന്ന് പറഞ്ഞു മനസ്സിലാക്കി കൊടുത്തു അവസാനം വാർത്ത കൊടുക്കാൻ സമ്മതം കിട്ടി ചിത്രമെടുക്കാൻ വീട്ടിലേക്കു വരാനുള്ള വഴിയും മറ്റും പറഞ്ഞു തന്നു രാവിലെ 8:30am മുതൽ ഉച്ചക്ക് 12:30 വരെ നമിത ഓൺലൈൻ പഠനവുമായി ഓട്ടിൻപുറത്തുണ്ടാവും ഞാനും റിപ്പോർട്ടർ Latheef Nahaസാറും കൂടി കോട്ടക്കൽ പുതുപ്പറമ്പ് ചെട്ടിയാർപടിയിൽ ഉള്ള നമിതയുടെ വീട്ടിലെത്തി അവിടെ അച്ഛൻ കോട്ടക്കൽ ആര്യവദ്യശാല ഉദ്യോഗസ്ഥനുമായ K C Narayan സാറുമായും ഈ പോസിറ്റീവ് വാർത്തയെ കുറിച്ചു ഒന്നുകൂടി പറഞ്ഞു ബോധ്യപ്പെടുത്തി ഞാൻ വീടിന്റെ ഓപ്പോസിറ്റായുള്ള കുന്നിൻ ചെരുവിൽ പോയി എന്റെ കയ്യിലെ 80-200ED ടെലി ലെൻസ്‌ ഉപയോഗിച്ച് ഓട്ടിൻ പുറത്തു പഠിച്ചു കൊണ്ടിരിക്കുന്ന നമിതയുടെ ചിത്രങ്ങൾ പകർത്തുന്നു ആ വീട്ടുകാർ സ്നേഹത്തോടെ തന്ന മംഗോ ജ്യൂസും കഴിച്ചു തിരികെ ഓഫീസിൽ എത്രയും വേഗം ഡെസ്കിലേക്ക് ചിത്രങ്ങൾ അയച്ച്‌ കൊടുക്കുന്നു പോസിറ്റീവ് റെസ്പോൺസ് അവിടെ നിന്നും നഹ സാറിന് ലഭിക്കുന്നു ജൂൺ 4 പുലർച്ചെ 12am വരെ ഹിന്ദു ഓൺലൈൻ അപ്‌ഡേഷന് കാത്തിരിക്കുന്നു ലിങ്ക് നഹസാർ അയച്ചു തന്നു. അതിൽ വാർത്തയും ചിത്രവും പ്രസിദ്ദികരിച്ചിട്ടുണ്ട്. അതു വായിച്ചു കിടന്നുറങ്ങി രാവിലെ #TheHindu ഒന്നാം പേജിൽ വാർത്ത റിപ്പോര്ട്ട് ചെയ്തിരിക്കുന്നു. തുടരെയുള്ള ഫോൺ വിളികൾ പോസിറ്റീവും നെഗറ്റീവും ആയ റെസ്പോൺസുകൾ. പലർക്കും ഇതെങ്ങനെ അറിഞ്ഞു ഓട്ടിൻ പുറത്തിരിക്കുന്ന നേരം നിങ്ങൾ എങ്ങനെ അവിടെത്തി അങ്ങനെ ഒരുപാട് സംശയങ്ങൾ തെറ്റിദ്ധാരണ മൂലം സോഷ്യൽ മീഡിയയിൽ പലതരം പോസ്റ്റുകൾ വരുന്നു ചിലർ രാഷ്ട്രീയമാക്കുന്നു ട്വിസ്റ്റ്‌ വരുന്നത് പിന്നെയാണ് #jioMobailnetwork കമ്പനിയുടെ കൊച്ചിയിൽ നിന്നും നഹസറിനെ വിളിച്ച് നമിതയുടെ അഡ്രസ്സും ഫോൺ നമ്പറും ചോദിക്കുന്നു 10 മണിക്ക് jio കമ്പനി സ്റ്റാഫ്‌ നമിതയുടെ വീട്ടിൽ എത്തി റേഞ്ച് എത്തിക്കാനുള്ള നടപടികൾ എടുത്തു തുടങ്ങി അങ്ങനെ ആ വലിയ വീട്ടിലെ എല്ലാ സ്ഥലത്തും 4G സിഗ്‌നൽ എത്തി jio നമിതക്കു Sim കൈമാറുന്നു അവൾ സുരക്ഷിതമായി വീടിനുള്ളിലെ തന്റെ റൂമിൽ ഇരുന്നു ഓൺലൈനിൽ പഠനവും ആരംഭിച്ചു അപ്പോൾ ഞാനും നഹസാറും മറ്റൊരു വാർത്തക്ക് വേണ്ടി നിലമ്പൂര് മുണ്ടേരി കാടിനകത്തു ഓൺലൈൻ എന്ന് പോലും കേൾക്കാത്ത ആദിവാസി കോളനി ലക്ഷ്യം വെച്ചുള്ള യാത്രയിൽ ആയിരുന്നു പിറ്റേ ദിവസം ജൂൺ 5നു നമിത സ്വന്തം വീടിനകത്ത് സുരക്ഷിതമായിരുന്നു ഓൺലൈനിൽ പഠിക്കുന്ന ചിത്രവും വാർത്തയും നൽകുകയും ചെയ്തു വാർത്തയുടെ ലിങ്കുകളും മറ്റു പത്ര കട്ടിങ്ങുകളും ഇതോടൊപ്പം ചേർക്കുന്നുണ്ട്

വീണ്ടും പറയുന്നു "ആയിരം പേർക്കൊപ്പം പോയി നിൽക്കുന്നതിൽ അല്ല കാര്യം ഒറ്റയ്ക്കയവരെ ചേർത്തു നിർത്തുന്നതിലാണ് മഹത്വം"



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K