14 June, 2020 07:07:22 PM


ഓണ്‍ലൈന്‍ പഠനം: വിദ്യാര്‍ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍



കോട്ടയം: ഓണ്‍ലൈന്‍ പഠനത്തിനായി ജില്ലയില്‍ സ്മാര്‍ട്ട് ഫോണും ടാബും ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പഠനം സുഗമമാക്കുന്നതിനും പഠന സാമഗ്രികളുടെ ദുരുപയോഗം ഒഴിവാക്കുന്നതിനും കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്ന നിര്‍ദേശങ്ങള്‍ ചുവടെ.


#    പഠനത്തിന് ഉപയോഗിക്കുന്ന ഫോണ്‍ അല്ലെങ്കില്‍ ടാബ് റീ ചാര്‍ജ് ചെയിട്ടുണ്ടെന്നും പഠനസമയത്തേക്ക് ആവശ്യമായ ഡാറ്റ ഉണ്ടെന്നും മുന്‍കൂട്ടി ഉറപ്പാക്കുക. 


#    ഡിസ്‌പ്ലേ വ്യക്തമായി കാണത്തക്കവിധം അനുയോജ്യമായ സ്ഥലത്ത് ഉപകരണം വയ്ക്കുക.


#    ക്ലാസുകളുടെ തത്സമയ വെബ് സ്ട്രീമിംഗ് കാണുന്നതിനായി  https://victers.kite.kerala.gov.in/ എന്ന ലിങ്ക് ഉപയോഗിക്കുക.


#    സംപ്രേഷണം കഴിഞ്ഞ ക്ലാസുകള്‍ വീണ്ടും കാണുന്നതിന് https://www.youtube.com/itsvicters  എന്ന ലിങ്കാണ് ഉപയോഗിക്കേണ്ടത്.


#    പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ ക്ലാസുകള്‍ വീക്ഷിക്കുമ്പോള്‍ രക്ഷാകര്‍ത്താക്കളില്‍ ഒരാള്‍ നിര്‍ബന്ധമായും ഒപ്പമുണ്ടാകണം.


#    ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പവും രക്ഷിതാക്കളുടെ സാന്നിധ്യം അഭികാമ്യമാണ്. 


#    പാഠഭാഗങ്ങളിലെ സംശയങ്ങള്‍ സ്‌കൂളിലെ ബന്ധപ്പെട്ട അധ്യാപകരോട് ഫോണിലൂടെയോ അനുവദനീയമായ സോഷ്യല്‍മീഡിയ ഗ്രൂപ്പിലൂടെയോ ചോദിക്കാം.


#    പാഠാനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഡോക്യുമെന്റുകള്‍, വര്‍ക്ക് ഷീറ്റുകള്‍ തുടങ്ങിയവ അധ്യാപകര്‍ നിര്‍ദേശിക്കുന്ന മാധ്യമങ്ങളിലൂടെ മാത്രം ഷെയര്‍ ചെയ്യുക.


#    പഠനാവശ്യത്തിനു മാത്രമാണ് ഫോണ്‍ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം.


#    അധ്യാപകരുടെ നിര്‍ദേശപ്രകാരം മാത്രമെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാവൂ.


#    അനാവശ്യമായ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഒഴിവാക്കണം.


#    അപരിചിതമായ നമ്പരുകളില്‍നിന്നുള്ള ഫോണ്‍ കോളുകള്‍ വിദ്യാര്‍ഥികള്‍ അറ്റന്‍ഡ് ചെയ്യുകയോ ആ നമ്പരിലേക്ക് തിരിച്ചുവിളിക്കുകയോ ചെയ്യരുത്. 


#    ഒന്നിലധികം കുട്ടികള്‍ ഒന്നിച്ചാണ് ക്ലാസില്‍ പങ്കുചേരുന്നതെങ്കില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.


രണ്ടാം ഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ 15 മുതല്‍


കോട്ടയം ജില്ലയില്‍ പൊതു വിദ്യാലയങ്ങളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠന സൗകര്യം ഉറപ്പാക്കി ഓണ്‍ലൈന്‍ ക്ലാസുകളുടെ രണ്ടാം ഘട്ടം ഇന്ന്(ജൂണ്‍ 15) ആരംഭിക്കും. വീടുകളില്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി പൊതു സംവിധാനങ്ങള്‍ സജ്ജീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍. ഷൈല പറഞ്ഞു. 


200 ലൈബ്രറികളിലും 34 അക്ഷയ കേന്ദ്രങ്ങളിലും  ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളും സബ് സെന്ററുകളും ഉള്‍പ്പെടെ 57 കേന്ദ്രങ്ങളിലും ഗ്രാമപഞ്ചായത്ത് ഹാളുകളിലും വിദ്യാര്‍ഥികള്‍ക്ക് വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണോ ടെലിവിഷനോ ഇല്ലാത്ത 39 കുട്ടികളാണ് അവസാന ഘട്ടത്തില്‍ ഉണ്ടായിരുന്നത്. ഇവരുടെ പഠനത്തിനായുള്ള സജ്ജീകരണങ്ങള്‍  വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും ചേര്‍ന്ന് ശനിയാഴ്ച്ചയോടെ പൂര്‍ത്തീകരിച്ചു.


വിവിധ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും ഇതില്‍ പങ്കാളികളായെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ പ്രസാദ് പറഞ്ഞു.പൊതു കേന്ദ്രങ്ങളില്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സമയബന്ധിതമായി സ്വന്തം വീടുകളില്‍ തന്നെ പഠന സൗകര്യം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. 


കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശമായി പാലിച്ചുകൊണ്ടായിരിക്കും പഠനത്തിനുള്ള പൊതുസംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുക.  വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ക്ലാസുകള്‍ വെബ് സ്ട്രീമിംഗ് വഴിയും മൊബൈല്‍ ആപ്പ് വഴിയും തത്സമയം ലഭിക്കും. ഇതിനു പുറമെ പിന്നീട് യൂട്യൂബ് ചാനലിലും ക്ലാസുകളുടെ വീഡിയോ കാണാം. ടെലിവിഷനു പുറമെ കമ്പ്യൂട്ടര്‍, ടാബ്, സ്മാര്‍ട്ട് ഫോണ്‍ എന്നിവ ഉപയോഗിച്ച് ക്ലാസില്‍ പങ്കെടുക്കാനാകും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K