04 June, 2021 06:47:03 PM


ഫാഷന്‍ ഡിസൈനിംഗ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍



കൊല്ലം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്‍റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടത്തുന്ന ഫാഷന്‍ ഡിസൈനിംഗ്, ഗാര്‍മെന്‍റ് ടെക്നോളജി കോഴ്സുകള്‍ മുന്നോട്ടുകൊണ്ടുപോകാനാവാതെ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് സംസ്ഥാനസര്‍ക്കാര്‍ അംഗീകൃത സാങ്കേതിക വിദ്യാഭ്യാസസ്ഥാപന അധികൃതരുടെ സംഘടന. കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള നിയന്ത്രണങ്ങളാല്‍ സ്ഥാപനങ്ങള്‍ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്.


പ്രാക്ടിക്കലിന് പ്രാമുഖ്യം നല്‍കുന്ന കോഴ്സില്‍  ഓണ്‍ലൈന്‍  പരിശീലനം പ്രായോഗികമല്ല. രൂപകല്പന, അലങ്കാരം, നിർമ്മാണം, വിപണനം ഈ മേഖലകളിൽ പ്രഗത്ഭവതികളെ വാര്‍ത്തെടുക്കുക എന്നതാണ് കോഴ്സിന്‍റെ ലക്ഷ്യം.  യന്ത്രസാമഗ്രികളുടെയും മറ്റ് അനുബന്ധഉപകരണങ്ങളുടെ സഹായത്തോടെയും മാത്രമേ കോഴ്സ് പൂര്‍ത്തിയാക്കാനാവു.  ഓണ്‍ലൈനില്‍ ക്ലാസ് നടന്നാലും ഒരു പ്രയോജനവുമില്ലാത്ത അവസ്ഥയിലേക്കാണ് വിദ്യാര്‍ത്ഥികള്‍ ചെന്നെത്തുന്നത്. കേരളാ സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്‍റെ (കെജിടിഈ) കീഴില്‍ സ്വകാര്യമേഖലയില്‍ സംസ്ഥാനത്താകെ 147 സ്ഥാപനങ്ങളിലാണ് ഈ തൊഴിലധിഷ്ഠിതകോഴ്സ് പഠിപ്പിക്കുന്നത്. 50 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വേറെയും. 


കോഴ്സ് പാസാകുന്നവര്‍ക്ക് കേരള ടീച്ചേഴ്സ് എലിജിബിലിറ്റി (കെ-ടെട്) പരീക്ഷയിലൂടെ സ്കൂളുകളില്‍ ക്രാഫ്റ്റ് അധ്യാപകരായി ജോലിയില്‍ പ്രവേശിക്കാനവസരമുണ്ട്. എന്നാല്‍ പ്രാക്ടിക്കല്‍ ക്ലാസില്ലാതെ തിയറി മാത്രം പഠിച്ച് ഇവര്‍ ഭാവിയില്‍ എങ്ങിനെ കുട്ടികളെ പഠിപ്പിക്കുമെന്ന ചോദ്യവും ഉയരുന്നു. ഒരു സ്ഥാപനത്തില്‍ 25ല്‍ താഴെ വിദ്യാര്‍ഥികള്‍ മാത്രമാണ് ഒരു വര്‍ഷം പ്രവേശനം നേടുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ആഴ്ചയില്‍ ഒരിക്കലെങ്കിലും പ്രാക്ടിക്കല്‍ ക്ലാസിനവസരം ഉണ്ടാക്കണമെന്ന് ഇന്‍ഡസ്ട്രിയല്‍ സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. 


തുടർച്ചയായുള്ള അടച്ചിടൽ കാരണം സ്ഥാപനങ്ങളുടെ പ്രവർത്തനവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കെട്ടിടവാടക, വൈദ്യുതിചാര്‍ജ് ഉള്‍പ്പെടെ ഭീമമായ നടത്തിപ്പ്ചിലവ് താങ്ങാനാവാതെ പല സ്ഥാപനങ്ങളും പൂട്ടി. ശേഷിക്കുന്ന സ്ഥാപനങ്ങൾ കടംവാങ്ങി നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടത്തിലാണ്. അടച്ചുപൂട്ടലില്‍ നിന്ന് സ്ഥാപനങ്ങളെ രക്ഷിക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികളുടെ ഭാവി നഷ്ടപ്പെടാതിരിക്കാന്‍ നിയന്ത്രണങ്ങളോടെ ക്ലാസുകള്‍ തുടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, സെക്രട്ടറി ജയ്സണ്‍ തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K