08 June, 2021 11:40:06 AM


ഫീസ് അടക്കാത്ത കുട്ടികള്‍ക്ക് ഓൺലൈൻ പഠനം നിഷേധിച്ച് സ്കൂള്‍; മന്ത്രി ഇടപെട്ടപ്പോള്‍ 'മുട്ടു മടക്കി'



കൊച്ചി: ഫീസ് അടക്കാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിൽ പ്രവേശനം നിഷേധിച്ച് സ്വകാര്യ സ്കൂള്‍. എറണാകുളം തൃക്കാക്കര വെണ്ണലയിൽ പ്രവർത്തിക്കുന്ന മേരി മാതാ പബ്ലിക് സ്കൂളിനെക്കുറിച്ച് വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വ്യാപകമായി പരാതി ഉയർന്നിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിഷയത്തിൽ നേരിട്ട് ഇടപെട്ടതോടെ സ്കൂള്‍ അധികൃതര്‍ മുട്ടുമടക്കി. വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബുവിനോട് ആവശ്യപ്പെട്ടു.


പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ നേരിട്ട് സ്കൂൾ പ്രിൻസിപ്പാളിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. ഫീസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തി എന്നതിന്‍റെ പേരിൽ ആർക്കും പഠനം നിഷേധിക്കരുതെന്ന കർശന നിർദ്ദേശം സ്കൂൾ പ്രിൻസിപ്പാളിന് നൽകി. ശക്തമായ ഇടപെടലിനെ തുടർന്ന് പരാതിക്കാരെ അടക്കം ഓൺലൈൻ ക്ലാസിൽ പങ്കെടുപ്പിക്കാൻ വേണ്ട നടപടി എടുത്തിട്ടുണ്ടെന്ന്  സ്കൂൾ അധികൃതർ വിദ്യാഭ്യാസ ഉപഡയറക്ടറെ അറിയിച്ചു. പിന്നാലെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസ് ലിങ്ക് നൽകാൻ സ്കൂൾ അധികൃതർ തയ്യാറായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K