09 July, 2021 05:24:53 PM


'തനിയെ പോകുന്നതല്ല, ആട്ടി പായിക്കുന്നതാണ്' - കിറ്റക്സ് എം ഡി സാബു ജേക്കബ്



കൊച്ചി: തെലുങ്കനയിലേക്ക് താൻ തനിയെ പോകുന്നതല്ല, ആട്ടി പായിക്കുന്നതാണെന്ന് കിറ്റക്സ് എം ഡി സാബു ജേക്കബ്. ഒരിക്കലും കേരളം വിട്ടു പോകണം എന്ന് ആഗ്രഹിച്ചിട്ടില്ല. പിടിച്ചു നിൽക്കാൻ പരമാവധി ശ്രമിച്ചു. എന്നാൽ ഒരു സഹായവും സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. നിരവധി പേർ ജോലി തേടി മറ്റു നാടുകളിലേക്ക് പോകുന്നുണ്ട്. ഇത്തരത്തിൽ പോയാൽ കേരളം പ്രായമായ അച്ഛനമ്മമാരുടെ മാത്രം സംസ്‌ഥാനം ആയി മാറും.


തന്‍റെ യാത്ര  ആരോടുമുള്ള പ്രതിഷേധം അല്ല. ഇതിൽ വേദനയും വിഷമവും ഉണ്ട്. സർക്കാരിനെ സമ്മർദത്തിൽ ആക്കാനല്ല ഈ യാത്ര. സർക്കാരുമായി ചർച്ചക്ക് ഇനിയും തയ്യാറാണ്. പക്ഷെ പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായാൽ നിലവിലുള്ള വ്യവസായങ്ങളും കേരളത്തിന്‌ പുറത്തേക്ക് മാറ്റുന്നത് ആലോചിക്കുമെന്നും സാബു ജേക്കബ് മുന്നറിയിപ്പ് നൽകി.


തെലുങ്കാന സർക്കാർ അയച്ച പ്രത്യേക വിമാനത്തിൽ  കിറ്റക്സ് എം ഡി സാബു എം ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് ഹൈദരാബാദിൽ എത്തുക . 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് കിറ്റക്സ് കമ്പനി തെലുങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ ടി രാമറാവുവിന്‍റെ നേതൃത്വത്തിൽ ഹൈദരാബാദില്‍ ചർച്ച നടത്തുകയാണ്. തെലുങ്കാന ടെക്സ്റ്റൈൽസ് ആൻഡ് അപ്പാരൽ പോളിസി പ്രകാരം ആനുകൂല്യങ്ങൾ നൽകാമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.

3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തെലുങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ ടി രാമറാവു കിറ്റക്സ് എം ഡി സാബു എം ജേക്കബിനെ ഫോണിൽ വിളിച്ചിരുന്നു. നിക്ഷേപപദ്ധതി തെലുങ്കാനയിൽ നടപ്പാക്കിയാൽ സബ്സിഡി അടക്കം വൻ ഇളവുകൾ ആണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. തെലുങ്കാന സർക്കാരിന്‍റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് സാബു ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ആറംഗസംഘം ഹൈദരാബാദിലെത്തുന്നത്.

തെലുങ്കാനയ്ക്ക് പുറമേ തമിഴ്നാട്, ഗുജറാത്ത്, കർണാടക തുടങ്ങി 9 സംസ്ഥാനങ്ങളാണ് പദ്ധതി നടപ്പാക്കാനായി കിറ്റക്സ്  ഗ്രൂപ്പിനെ കാണിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ ഈ സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായും കിറ്റക്സ് ചർച്ച  നടത്തും. അതിനുശേഷമാകും ഏത് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കണമെന്ന് കിറ്റക്സ് അന്തിമ തീരുമാനം എടുക്കുക. കേരളത്തിൽ വ്യവസായ അന്തരീക്ഷം ഇല്ലെന്നും പദ്ധതി നടപ്പാക്കില്ലെന്നുമാണ് കിറ്റക്സ് പ്രഖ്യാപിച്ചിരുന്നത്. കമ്പനിയിലെ തുടർച്ചയായ പരിശോധനയിൽ പ്രതിഷേധിച്ചായിരുന്നു നടപടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K