12 July, 2021 06:48:37 PM


സ്വകാര്യ വിദ്യാലയങ്ങളുടെ പരിരക്ഷക്ക് പദ്ധതി തയ്യാറാക്കണം - ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍



കൊല്ലം: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതു സമൂഹത്തിനു നല്‍കുന്ന സേവനങ്ങള്‍ വിലമതിക്കാത്തതാണെന്നും അണ്‍ എയിഡഡ് മേഖലക്ക് മതിയായ പരിരക്ഷക്കു സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണമെന്നും റിട്ട. ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍. അണ്‍ എയിഡഡ് മേഖലയിലെ സ്വകാര്യ വിദ്യാലങ്ങളുടെ പതിനഞ്ചോളം സംഘടകളുടെ കൂട്ടായ്മയായ കേരള പ്രൈവറ്റ് സ്‌കൂള്‍ കോഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു ലക്ഷത്തിലധികം വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ പങ്കെടുത്ത വെബ്‌റാലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 


കേരളത്തിന്റെ പ്രാഥമിക വിദ്യാഭ്യാസ രംഗത്തെ 30 ശതമാനത്തിലധികം കുട്ടികള്‍ക്ക് ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കി വരുന്ന സ്വകാര്യ വിദ്യാലയങ്ങളുടെ സേവനംഅഭിനന്ദനമര്‍ഹിക്കുന്നതാണ്. സംസ്ഥാന - കേന്ദ്ര സര്‍ക്കാറുകള്‍ക്ക് യാതൊരു തരത്തിലുള്ള സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാലയങ്ങളില്‍ അഭ്യസ്ത വിദ്യരായ ഒന്നര ലക്ഷത്തിലധികം അധ്യാപക, അധ്യാപകേതര ജീവനക്കാര്‍ ജോലി ചെയ്യുന്നതായി വെബ്‌റാലിയില്‍ അനുഗ്രഹ പ്രഭാഷണം നല്‍കിയ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്യാ മാര്‍ ഇഗ്‌നാത്തിയോസ് അഭിപ്രായപ്പെട്ടു.


ചിന്മയ വിദ്യാലയങ്ങളുടെ പ്രസിഡന്റ് സ്വാമി വിവിക്താനന്ദ, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ മുഖ്യ അതിഥികളായി. കോഡിനേഷന്‍ പ്രസിഡന്റ് പി പി. യൂസഫലി അദ്ധ്യക്ഷനായിരുന്നു. ആര്‍.കെ. നായര്‍, സഹോദയ കോംപ്ലക്‌സസ് സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, ആനന്ദ് കണ്ണശ്ശ, അബ്ദുള്‍ നാസര്‍, മജീദ് ഐഡിയല്‍, കെഎംഡി മുഹമ്മദ്, വി.എം സുന്ദരേശന്‍ ഉണ്ണി, വിജയകുമാര്‍ പാലക്കാട്, ജോസ്സി ജോസ്, രാജഗോപാല്‍, അഡ്വ. ഹാരിഫ്, നിസാര്‍ ഒളവണ്ണ, ഷമീര്‍, ലത്തീഫ് പാണക്കാട്, ദീപ മണികണ്ഠന്‍, ഖലീലുറഹ്മാന്‍, ജോണ്‍സന്‍ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.


കോവിഡ് കാലത്തു പ്രതിസന്ധി നേരിടുന്ന സ്വകാര്യ വിദ്യാലയങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കുക, അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഗ്രാന്റ് നല്‍കുക, പൊതു വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്ന മുഴുവന്‍ അനുകൂല്യങ്ങളും സ്വകാര്യ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും ലഭ്യമാക്കുക, സ്വകാര്യ വിദ്യാലയങ്ങള്‍ ഒടുക്കേണ്ട വിവിധ നികുതികളും ഫീസുകളും കോവിഡ് കാലയളവില്‍ ഒഴിവാക്കുക, സ്വകാര്യ വിദ്യാലയങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ കമ്മീഷനെ നിയമിക്കുക, അര്‍ഹതയുള്ള മുഴുവന്‍ വിദ്യാലയങ്ങളെയും അംഗീകരിക്കുക, സ്വകാര്യ വിദ്യാലയങ്ങള്‍ക്കു ലഭിക്കാനുള്ള ഫീസ് കുടിശ്ശിക പിരിച്ചെടുക്കാന്‍ നിയമ പരിരക്ഷ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി, വിദ്യഭ്യാസമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ക്കു നിവേദനം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K