09 June, 2016 11:54:08 PM


ചലച്ചിത്ര ഹാസ്യരംഗത്ത് പുത്തനുണര്‍വ്വേകിയ എസ് പി പിള്ളയുടെ ചരമവാര്‍ഷികം 12ന്



അനുകരണ കലയില്‍ നിന്നും ഹാസ്യത്തിന് പുത്തനുണര്‍വ്വേകി മലയാള ചലച്ചിത്രലോകത്തിലേക്ക് കടന്നുവന്ന  ആദ്യകാല നടന്‍ എസ് പി പിള്ളയുടെ മുപ്പത്തൊന്നാം ചരമവാര്‍ഷികമാണ് ജൂണ്‍ 12ന്. ഒരു കാലത്ത് മലയാള ചലച്ചിത്രലോകത്തെ അവിഭാജ്യഘടകമായി മാറിയ എസ് പി പിള്ള എന്ന പങ്കജാക്ഷൻ പിള്ള  കടന്നു വന്ന വഴികള്‍ ഏറെ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. 


പൊലീസ് കോൺസ്റ്റബിളായിരുന്ന ശങ്കരൻ പിള്ളയുടേയും കാർത്യായനിയമ്മയുടേയും പുത്രനായി 1913ൽ ജനിച്ചു. വളരെ ചെറിയ പ്രായത്തിൽത്തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട ഇദ്ദേഹം ചെറുപ്പക്കാലം കഴിച്ചത് കഷ്ടപ്പാടിലും കഠിനാധ്വാനത്തിലുമാണ്. അമ്പലത്തിൽ പാണി കൊട്ടിയും അടുത്തുള്ള വീട്ടിലെ അമ്മ തരുന്ന ചോറുണ്ടും അവരുടെ പടിപ്പുരയിൽ അന്തിയുറങ്ങിയുമാണ് അദ്ദേഹവും സഹോദരനും കൗമാരം കഴിച്ചു കൂട്ടിയത്. വലുതായപ്പോൾ ചുമടെടുത്തും, കിട്ടിയ  എന്തുജോലിയും  ചെയ്തും ജീവിച്ചിരുന്ന എസ് പി പിള്ള തികച്ചും യാദൃശ്ചികമായാണ് നാടകത്തിന്റെ ലോകത്തേയ്ക്ക് എത്തിപ്പെടുന്നത്.


ഒരു പകരക്കാരനായാണ് എസ് പി പിള്ള ആദ്യമായി നാടകവേദിയിലെത്തുന്നത്.  ചെയ്ത വേഷം ശ്രദ്ധേയമാക്കാൻ  കഴിഞ്ഞതോടെ കൂടുതൽ വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. അഭിനയത്തിൽ മാത്രമല്ല അനുകരണത്തിലും മിടുക്കനായിരുന്നു അദ്ദേഹം. ഒരിക്കൽ ഏറ്റുമാനൂരില്‍ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ മഹാകവി വള്ളത്തോളിനെ അതേ ചടങ്ങിൽ അദ്ദേഹത്തിന്റെ മുൻപിൽ വെച്ചു തന്നെ അനുകരിച്ച് കാണിച്ചു.ആ കലാകാരന്റെ കഴിവിനെക്കുറിച്ച് തിരിച്ചറിഞ്ഞ വള്ളത്തോൾ അദ്ദേഹത്തെ കലാമണ്ഡലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.. ഒരു വർഷം കലാമണ്ഡലത്തിൽ നിന്നും ഓട്ടന്തുള്ളൽ അഭ്യസനം പൂർത്തിയാക്കിയ എസ്പി പിള്ള തിരിച്ചു വന്നത് പ്രൊഫഷണൽ നാടകവേദിയുടെ സജീവസാന്നിദ്ധ്യമാകാനായിരുന്നു.


ഒരിക്കൽ ഇദ്ദേഹത്തിന്റെ നാടകം കാണാനിടയായ സാഹിത്യകാരനും നിരൂപകനുമായ രാമവർമ്മ അപ്പൻ തമ്പുരാൻ താൻ നിർമ്മിക്കാൻ പോകുന്ന "ഭൂതരായർ" എന്ന ചിത്രത്തിലേയ്ക്ക് അദ്ദേഹത്തെ ക്ഷണിച്ചു.. എന്നാൽ സാമ്പത്തിക പ്രതിസന്ധികളിൽപ്പെട്ട ഭൂതരായർ റിലീസ് ചെയ്യപ്പെട്ടില്ല. എങ്കിലും എസ് പി പിള്ള എന്ന നടന്റെ സിനിമാപ്രവേശം വെറുതെയായില്ല. 1950ൽ പുറത്തിറങ്ങിയ "നല്ല തങ്ക"യിലെ മുക്കുവനും അടുത്ത വർഷമിറങ്ങിയ "ജീവിതനൗക"യിലെ ശങ്കുവും മലയാള ചലച്ചിത്രലോകത്ത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുറപ്പിക്കാൻ പോന്ന പ്രകടനങ്ങളായിരുന്നു. ഹാസ്യനടനായി പേരെടുത്ത അദ്ദേഹം തികഞ്ഞ സ്വഭാവനടനുമാണെന്നു തെളിയിക്കുന്ന പ്രകടനമായിരുന്നു ടാക്സി ഡ്രൈവർ എന്ന ചിത്രത്തിൽ അവതരിപ്പിച്ചത്. 



തികഞ്ഞ മനുഷ്യസ്നേഹിയും പരോപകാരിയുമായിരുന്ന എസ് പി പിള്ള, തിക്കുറിശ്ശി, ടി എൻ ഗോപിനാഥൻ നായർ എന്നിവരുമായി ചേർന്ന് തുടങ്ങിയ"കലാകേന്ദ്രം" എന്ന സ്ഥാപനം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ  കാഴ്ച വെക്കുകയുണ്ടായി.  വേദിയിൽ നിന്നും വിരമിച്ച അനേകം കലാകാരന്മാർക്ക് സഹായമെത്തിക്കാൻഅവശ ചലച്ചിത്രകാര യൂണിയന്റെ സ്ഥാപക പ്രസിഡന്റായിരുന്ന ഇദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു.


1977ല്‍ ടാക്സി ഡ്രൈവറിലെ അഭിനയത്തിനു മികച്ച സഹനടനുള്ള കേരള സർക്കാർ അവാർഡ് ഇദ്ദേഹത്തെ തേടിയെത്തി. മലയാളത്തിൽ 100 സിനിമകൾ തികച്ചതിനു തമിഴ് നാട് സർക്കാറിന്റെ അവാർഡിനു പുറമെ ചെമ്മീനിലെ അഭിനയത്തിന് കേന്ദ്രസർക്കാർ അവാർഡും ലഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കലാരത്നം അവാർഡിനും എസ്.പി പിള്ള അര്‍ഹനായി. എസ്.പി പിള്ള - സരസ്വതി ദമ്പതികള്‍ക്ക് നാല് മക്കളാണ്.  ചന്ദ്രിക, സതീഷ്, കല, ശോഭന എന്നിവര്‍. അപ്പൂപ്പന്‍റെ പാത പിന്തുടര്‍ന്ന ഇദ്ദേഹത്തിന്റെ പേരക്കുട്ടി മഞ്ജു പിള്ള  ചലച്ചിത്ര-സീരിയൽ രംഗത്ത് സജീവസാന്നിദ്ധ്യമാണിപ്പോള്‍.


നല്ലതങ്ക  (മുക്കുവൻ), ജീവിതനൗക (ശങ്കു), ഭാര്യ (ഉതുപ്പ്), കാവാലം ചുണ്ടൻ  (മൂത്താശാരി), ഡോക്ടർ (കമ്പൗണ്ടർ കേശവൻ), ഓടയിൽ നിന്ന് (തോമാ), നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി  (പപ്പു), ശ്രീരാമപട്ടാഭിഷേകം (ലങ്കയിലെ വൈദ്യൻ), തച്ചോളി ഒതേനൻ  (പുള്ളുവൻ), ശ്രീഗുരുവായൂരപ്പൻ (പനമരം), രാജമല്ലി (നാണു), കണ്ടം വെച്ച കോട്ട് (മിന്നൽ കാട്ടാക്കട), കണ്ണും കരളും – (പോലീസുദ്യോഗസ്ഥൻ), ചെണ്ട (ആശാൻ), ആദ്യകിരണങ്ങൾ (വില്ലൻ), ടാക്സി ഡ്രൈവർ (ഡ്രൈവിംഗ് പഠിപ്പിക്കുന്ന ആശാൻ), ചെമ്മീൻ (അച്ചൻ കുഞ്ഞ്) ഇവയെല്ലാം എസ് പിയുടെ ശ്രദ്ധേയമായ ചില ചിത്രങ്ങളും കഥാപാത്രങ്ങളുമാണ്.


1982ൽ പുറത്തിറങ്ങിയ  പല്ലാങ്കുഴി ആയിരുന്നു ഇദ്ദേഹത്തിന്റെ അവസാനചിത്രം. മരിക്കുന്നതു വരെ വടക്കൻപാട്ടിനെ ആസ്പദമാക്കി മലയാളത്തിൽ വന്നിട്ടുള്ള ഒട്ടുമിക്ക ചിത്രങ്ങളിലും പാണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് എസ് പി പിള്ളയായിരുന്നു. ഇതിനിടെ 'ആത്മകഥ' എന്ന പേരില്‍ തന്‍റെ  ആത്മകഥയും പ്രസിദ്ധീകരിച്ചു.  ഏറ്റുമാനൂരപ്പന്റെ കടുത്ത ഭക്തനായിരുന്ന എസ് പി പിള്ള 1985 ജൂൺ 12ന് ലോകോത്തോട് വിടചൊല്ലി. 


ഹരിയേറ്റുമാനൂര്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.1K