27 April, 2025 06:39:39 PM


വിന്റേജ് ടാക്കീസ് @ നാഗമ്പടം



കോട്ടയം: പഴയകാല സിനിമകൾ തിയേറ്റർ ആംബിയൻസിൽ വീണ്ടും കാണണോ? എങ്കിൽ ഇനി തീയേറ്റർ റീ റിലീസിങിനായി കാത്തിരിക്കേണ്ട. കോട്ടയം നാഗമ്പടത്തെ എന്റെ കേരളം പ്രദർശന വിപണനമേളയിലെത്തിയാൽ മതി. സംസ്ഥാന ചലച്ചിത്രവികസന കോർപറേഷന്റെ നേതൃത്വത്തിൽ മിനി തീയേറ്റർ ഇവിടെ ഒരുക്കിയിട്ടുണ്ട്. പുതിയ ടെക്‌നോളജിയിൽ പഴയകാല സിനിമകൾ പഴയ സിനിമാകൊട്ടകയുടെ ആംബിയൻസിൽ ഇരുന്ന് കാണം. അതും സൗജന്യമായി. രാവിലെ 9.30 മുതൽ വൈകീട്ട് 9.30 വരെ പ്രദർശനം ഉണ്ട്. ദിവസേന അഞ്ച് ഷോകളാണുള്ളത്. എൽ.ഇ.ഡി. വാളിലാണ് പ്രദർശനം.

ഹരിഹരന്റെ സംവിധാനത്തിൽ വിനീത്, തിലകൻ, മോനിഷ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനെത്തിയ  എം.ടി.- ഹരിഹരൻ ടീമിന്റെ നഖക്ഷതങ്ങൾ പ്രദർശനത്തിനുണ്ട്. ഒരു തീയറ്ററിൽ തുടർച്ചയായി 405 ദിവസം ഓടിയ സിദ്ദിഖ്- ലാൽ കൂട്ടുകെട്ടിൽ പിറന്ന ഗോഡ് ഫാദർ, സത്യൻ,പ്രേം നസീർ,ഷീല, അടൂർഭാസി എന്നിവർ പ്രധാന വേഷത്തിലെത്തിയ തകഴി ശിവശങ്കരപ്പിള്ളയുടെ നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരമായ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ, ജോൺ ഏബ്രഹാമിന്റെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത ആലീസിന്റെ അന്വേഷണം, പി.എ. ബക്കറിന്റെ  കബനീനദി ചുവന്നപ്പോൾ, ഭരതന്റെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം, ഐ. വി. ശശിയുടെ 1921 എന്നീ ചലച്ചിത്രങ്ങൾ സിനിമാ പ്രേമികൾക്കായി പ്രദർശിപ്പിക്കുന്നുണ്ട്. പ്രദർശനം 30 ന് എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപനത്തോടെ സമാപിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943